പിഎസ്സി അപേക്ഷകളില്‍ മതം, ജാതി രേഖപ്പെടുത്തിയില്ലെങ്കില്‍ നിരസിക്കില്ല
Thursday, April 5, 2012 10:11 PM IST
തിരുവനന്തപുരം: പിഎസ്സി ഫോമുകളില്‍ മതം, ജാതി ഏതാണെന്നു പൂരിപ്പിക്കേണ്ട ഭാഗത്ത് ഇല്ല എന്നെഴുതുന്ന ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനി മുതല്‍ നിരസിക്കുന്നതല്ല. എന്നാല്‍ അപ്രകാരം രേഖപ്പെടുത്തുന്നവര്‍ക്കു മതം, ജാതി എന്നിവയുടെ ആനുകൂല്യം ലഭ്യമാകുന്നതല്ല.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ മതം, ജാതി എന്നിവ രേഖപ്പെടുത്തേണ്ട ഭാഗത്ത് ഇല്ല എന്നു രേഖപ്പെടുത്തുന്നവര്‍ക്കും മതത്തിന്റെയും ജാതിയുടെയും ആനുകൂല്യം ലഭ്യമാകില്ല. പിഎസ്സി ഫോമിലും സര്‍ക്കാരിന്റെ വിവിധ അപേക്ഷാഫോമുകളിലും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും മതം, ജാതി പൂരിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലാണ് പുതിയ നിര്‍ദേശം.

സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാഫോമിലും, പിഎസ്സി ഫോമിലും, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും മതം, ജാതി രേഖപ്പെടുത്തേണ്ട കോളം നിര്‍ബന്ധമായും പൂരിപ്പിക്കണം എന്നു നിഷ്കര്‍ഷിക്കാന്‍ പാടില്ല. മതം, ജാതി സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത ഭാഗത്ത് രേഖപ്പെടുത്താത്തവര്‍ക്കും ഇല്ല എന്നെഴുതുന്നവര്‍ക്കും അതിന്റെ ആനുകൂല്യം ലഭ്യമാവുകയില്ലെന്നുള്ള വിവരം അപേക്ഷാ ഫോമില്‍ പ്രത്യേകം കുറിപ്പായി ചേര്‍ക്കണം. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പ്രസ്തുത നിര്‍ദേശം നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നടപടി അടിയന്തിരമായി കൈക്കൊള്ളണമെന്നും പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കി.


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സുതാര്യ കേരളം പരിപാടി മുഖേന ലഭിച്ച ഒരു നിവേദനത്തില്‍ ഏതു മതത്തിലും വിശ്വസിക്കാം എന്നതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും അവകാശമുണ്െടന്നും വിവിധ കാര്യങ്ങള്‍ക്കായി സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട അപേക്ഷാഫോമുകളില്‍ അതു രേഖപ്പെടുത്തുന്നതിനുള്ള അവസരമില്ലെന്നും പരാതി ഉന്നയിച്ചിരുന്നു. എസ്എസ്എല്‍സി ബുക്കിലും എല്ലാ സര്‍ക്കാര്‍ അപേക്ഷാഫോമിലും മതവും ജാതിയും പൂരിപ്പിക്കേണ്ടതായിട്ടുള്ളതിനാല്‍ അപേക്ഷാഫോമില്‍ തിരുത്തല്‍ ആവശ്യമാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ഇതു വിശദമായി പരിശോധിക്കുകയും പിഎസ്സിയുടെ അഭിപ്രായം ആരായുകയും ചെയ്തു. പിഎസ്സി ഇക്കാര്യത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് നിര്‍ദേശം പുറപ്പെ ടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.