സിനിമ നയരൂപവത്കരണ സമിതി പുനഃസംഘടിപ്പിച്ചു
Wednesday, January 29, 2025 1:53 AM IST
തിരുവനന്തപുരം: പീഡന ആരോപണത്തിൽ കുടുങ്ങിയതിനെത്തുടർന്ന് എം. മുകേഷ് എംഎൽഎയെ ഒഴിവാക്കി പുനഃസംഘടിപ്പിച്ച സിനിമ കരട് നയരൂപീകരണ സമിതി വീണ്ടും പുനഃസംഘടിപ്പിച്ചു.
സാംസ്കാരിക വകുപ്പിലെ കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സിനിമ നയം രൂപവത്കരിക്കുന്നതിനായുള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുണ്‍ അധ്യക്ഷനായ സമിതി പുനഃസംഘടിപ്പിച്ചത്.
സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് ഡയറക്ടർ എന്നിവരെയാണു സമിതിയിലേക്ക് അധികമായി ഉൾപ്പെടുത്തിയത്. ഇതോടെ സിനിമയുടെ കരട് നയം രൂപവത്കരിക്കാനുള്ള ഒൻപതംഗ സമിതിയിൽ ആറും സർക്കാർ പ്രതിനിധികളായി മാറി.
സിനിമയിലെ സ്ത്രീകൾ അടക്കം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച സമിതിയിൽ ആരോപണ വിധേയനായ മുകേഷിനെ ഉൾപ്പെടുത്തിയതിൽ കടുത്ത പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.
ഇതിനു പിന്നാലെ, സമയക്കുറവു ചൂണ്ടിക്കാട്ടി നടി മഞ്ജുവാര്യരും സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും സമിതിയിൽനിന്ന് ഒഴിഞ്ഞിരുന്നു. ഫെഫ്ക പ്രതിനിധി ബി. ഉണ്ണികൃഷ്ണനെതിരെയും ആരോപണം ഉയർന്നതിനെത്തുടർന്ന് അദ്ദേഹവും സ്വയം ഒഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ച സമിതിയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി എന്നിവരാണു മറ്റു സർക്കാർ പ്രതിനിധികൾ.
നടിമാരായ പത്മപ്രിയ, നിഖില വിമൽ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവർ മാത്രമാണു സമിതിയിലെ സ്വതന്ത്ര അംഗങ്ങൾ.