കലോത്സവത്തിനിടെ കൂട്ടയടി
Wednesday, January 29, 2025 1:55 AM IST
മാള: ഹോളിഗ്രേസ് കോളജിൽ നടന്നുവന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവത്തിനിടെ കെഎസ്യു-എംഎസ്എഫ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇരുഭാഗത്തുമുള്ള ഇരുപതോളം പേർക്കു പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
പത്ത് കെഎസ്യു പ്രവർത്തകരെയും ആറ് എസ്എഫ്ഐ പ്രവർത്തകരെയും തൃശൂർ മെഡിക്കൽ കോളജ്, ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, മാള സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലൻസ് എസ്എഫ്ഐക്കാർ കൊരട്ടിയിൽ തടഞ്ഞ് ആക്രമിക്കുകയും ചെയ്തു.
എസ്എഫ്ഐയുടെ കേരളവർമ കോളജ് യൂണിറ്റ് സെക്രട്ടറി ആഷിക്കിനു കമ്പിവടികൊണ്ട് തലയ്ക്കടിയേറ്റു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ആഷിക് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കലോത്സവവേദി, സദസിൽ ഉണ്ടായിരുന്ന മേശകളും കസേരകളും ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ, കലോത്സവവേദിയിൽ ഉയർത്തിയ കമാനം എന്നിവ സംഘർഷത്തിൽ തകർക്കപ്പെട്ടു. സംഘർഷത്തിന്റെ വിവിധ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നിലത്തുവീണ വിദ്യാർഥിയെ കസേരകൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് അടിക്കുന്നതുൾപ്പെടെ ദൃശ്യങ്ങളിൽ വ്യക്തമാണ്. എസ്എഫ്ഐ, കെഎസ്യു പ്രവർത്തകർ പരസ്പരം പോരടിക്കുന്നതിനിടെ പോലീസ് എത്തി ലാത്തിവീശിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടതും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതും.
കലോത്സവത്തിന്റെ നാലാം ദിവസമായ തിങ്കളാഴ്ച രാത്രി 11.30നാണു സംഘർഷമുണ്ടായത്.സ്കിറ്റ് മത്സരത്തിനു പിന്നാലെ വിധിനിർണയത്തെ ചോദ്യംചെയ്ത് ചിലർ രംഗത്തു വന്നതോടെയാണു സംഘർഷം ആരംഭിച്ചത്. വിധികർത്താക്കളിൽ ഒരാളെ പിടിച്ചുതള്ളിയതിനെത്തുടർന്ന് നിലത്തു വീഴുകയും പോലീസ് എത്തി ഇദ്ദേഹത്തെ രക്ഷപ്പെടുത്തി തത്സ്ഥാനത്തുനിന്നു മാറ്റുകയുമായിരുന്നു.
24ന് ആരംഭിച്ച കലോത്സവത്തിൽ 26നാണു സ്റ്റേജ് ഇനങ്ങൾ തുടങ്ങിയത്. സമയക്രമം പാലിക്കുന്നില്ല, മത്സരഫലം വൈകുന്നു, സംഘാടനത്തിൽ പിഴവുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ മത്സരാർഥികളും സംഘാടകരും തമ്മിലും വിദ്യാർഥിസംഘടനാ ഭാരവാഹികൾ തമ്മിലും ആദ്യദിനംമുതലേ വാക്കുതർക്കമുണ്ടായിരുന്നു.
ഇതാണ് കലോത്സവത്തിന്റെ നാലാംദിനം രാത്രി കൈയാങ്കളിയിലേക്ക് എത്തിയത്.