ബ്രൂവറി-ഡിസ്റ്റിലറി അനുമതി പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്റെ തുറന്ന കത്ത്
Wednesday, January 29, 2025 3:40 AM IST
കൊച്ചി: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഇലപ്പുള്ളിയില്‍ മദ്യനിര്‍മാണത്തിനുള്ള ബ്രൂവറി-ഡിസ്റ്റിലറി യൂണിറ്റിനുള്ള അനുമതി അടിയന്തരമായി പിന്‍വലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷനും മദ്യവിരുദ്ധ സമിതിയും ആവശ്യപ്പെട്ടു.
പദ്ധതിസ്ഥലത്ത് കുടിവെള്ള പദ്ധതികള്‍ പോലുള്ള ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പാക്കണമെന്നും കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിനുവേണ്ടി ജനറൽ സെക്രട്ടറി ഫാ. ജോണ്‍ അരീക്കലും സെക്രട്ടറി പ്രസാദ് കുരുവിളയും മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തിൽ ആവശ്യപ്പെടുന്നു.
കത്തിലെ പ്രസക്തഭാഗങ്ങൾ:
മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന മുന്നണി 2016ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനം ഇങ്ങനെയായിരുന്നില്ലേ- ‘മദ്യം കേരളത്തില്‍ ഗുരുതരമായൊരു സാമൂഹ്യവിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരതാപ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ജനകീയ ബോധവത്കരണ പ്രസ്ഥാനത്തിന് രൂപം നൽകും.
ഡി-അഡിക്ഷന് സെന്ററുകള്‍ സ്ഥാപിക്കും. മദ്യവിരുദ്ധ സമിതിയുമായുള്ള സഹകരണം ശക്തിപ്പെടുത്തും. മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുകയാണ്. ഇതിനെതിരേ അതിശക്തമായ നടപടികള്‍ സ്വീകരിക്കും’.
ഇപ്രകാരം ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനമാണ് കഞ്ചിക്കോട് മദ്യ ഉത്പാദനത്തിന് ഒയാസിസ് എന്ന കമ്പനിക്ക് ലൈസന്‍സ് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിലൂടെ ലംഘിച്ചിട്ടുള്ളത്. ഇടതു മുന്നണി അധികാരത്തില്‍ വരുന്നതിനു മുമ്പ് കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്നത് ഇപ്പോള്‍ 1000 ത്തിലധികം ആയിരിക്കുന്നു. ബിവറേജ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകളും കള്ളുഷാപ്പുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും നൂറുകണക്കിന് അനുവദിക്കപ്പെട്ടു.
കഴിഞ്ഞ എട്ടര വര്‍ഷംകൊണ്ടു കഞ്ചാവ്, മയക്കുമരുന്ന് ലോബികള്‍ വ്യാപകമായി. മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്ന് വ്യാപിക്കാന്‍ കാരണമായതെന്ന അധികാരികളുടെ നിലപാട് തെറ്റാണ്. മദ്യശാലകളും മദ്യ ഉപയോഗവും സംസ്ഥാന ചരിത്രത്തിലാദ്യമായി പെരുകി.
സുപ്രധാനമായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ഇപ്രകാരം തീര്‍ത്തും അവഗണിക്കരുത്. മദ്യപരെയും ഇനിയും മദ്യപിക്കാത്തവരെയും മദ്യപാനത്തിന്റെ പടുകുഴിയില്‍ തള്ളാന്‍ ഈ നയം കാരണമാകും.
മദ്യത്തിന്റെയും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മറ്റു ലഹരിപദാര്‍ഥങ്ങളുടെയും ആപത്കരമായ വ്യാപനം അവസാനിപ്പിക്കുന്നതിനും കഞ്ചിക്കോട്ടെ ബ്രൂവറി-ഡിസ്റ്റിലറി നിര്‍മാണ യൂണിറ്റിന്റെ അനുമതി റദ്ദാക്കുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം.