നെന്മാറ ഇരട്ടക്കൊല: കൊലയാളി പിടിയിൽ
Wednesday, January 29, 2025 3:40 AM IST
നെന്മാറ: കൊലക്കേസിൽ വിചാരണത്തടവുകാരനായി കഴിയവേ ജാമ്യത്തിൽ പുറത്തിറങ്ങി രണ്ടുപേരെ വെട്ടിക്കൊന്ന കൊടുംകുറ്റവാളി ചെന്താമര പോലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി 10.30ന് പോത്തുണ്ടി മാട്ടായി വനമേഖലയിൽനിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നാട്ടുകാരും പോലീസും ചേർന്ന് ഇന്നലെ രാത്രിവരെ പോത്തുണ്ടിമലയിലും മറ്റും വ്യാപകമായ തെരച്ചിൽ നടത്തിയപ്പോഴും ഇയാളെ കണ്ടെത്താനായിരുന്നില്ല. തെരച്ചിൽ അവസാനിപ്പിച്ചെന്ന പ്രതീതി സൃഷ്ടിച്ച് പോലീസ് നാട്ടുകാരെ പിരിച്ചുവിട്ടിരുന്നു. ഇതോടെ പോലീസും മടങ്ങിയെന്നുകരുതി പുറത്തിറങ്ങിയ ചെന്താമര പിടിയിലാകുകയായിരുന്നു.
പ്രതിയെ നെന്മാറ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ വൻജനരോഷം ഉയർന്നു. പോലീസ് ഏറെ പാടുപെട്ടാണ് ഇയാളെ സ്റ്റേഷനുള്ളിലേക്കു കയറ്റിയത്. നാട്ടുകാരെ പിരിച്ചുവിടുന്നതിനായി പോലീസ് ലാത്തിവീശി. തുടർന്ന് പോലീസ് സ്റ്റേഷൻ പരിസരം സംഘർഷാവസ്ഥയിലായി.
ഇന്നലെ രാത്രിയിൽത്തന്നെ പ്രതിയെ നെന്മാറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി. എസ്പി അജിത്കുമാറിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും ചോദ്യം ചെയ്തുവരികയാണ്. കൊടും ക്രൂരകൃത്യം ചെയ്തതിന്റെ യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാതെയായിരുന്നു പ്രതി പോലീസ് കസ്റ്റഡിയിൽ കാണപ്പെട്ടത്.
ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്തുനിന്ന് നാല് കിലോമീറ്റർ അകലെ വനത്തോടു ചേർന്ന ജനവാസകേന്ദ്രമായ മട്ടായിയിലെ ക്ഷേത്രത്തിനു സമീപത്തുവച്ച് നാട്ടുകാരും പോലീസുകാരും ഇയാളെ ഇന്നലെ വൈകുന്നേരം കണ്ടെത്തിയിരുന്നു. ഇതോടെ ഇയാൾ ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടു. ഈ സ്ഥലത്തുനിന്ന് പ്രതിയുടെ ചെറിയമ്മയുടെ വീട്ടിലേക്ക് ഒരു കിലോമീറ്റർ മാത്രമാണ് ദൂരം.
ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ട്
നെന്മാറ: ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. സുധാകരന്റെ ശരീരത്തിൽ എട്ടു വെട്ടുകളുണ്ടെന്നു റിപ്പോർട്ടിലുണ്ട്. കൈയിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലതുകൈ അറ്റു. കഴുത്തിന്റെ പിറകിലെ വെട്ടാണ് മരണകാരണമെന്നാണു പ്രാഥമികനിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്.
സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണിൽനിന്നു ചെവിവരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ.
നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമര മുൻ കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാതെ വലിയ വീഴ്ച വരുത്തിയ സംഭവത്തിൽ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
പാലക്കാട് എസ്പി ഉത്തരമേഖലാ ഐജിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തത്. ജാമ്യവ്യവസ്ഥ പ്രകാരം പ്രതിക്ക് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇതു ലംഘിച്ച് പ്രതി ചെന്താമര ഒരു മാസത്തോളം ഇവിടെ താമസിച്ചു.
ചെന്താമരയുടെ ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് എസ്എച്ച്ഒ വിശദീകരണം നൽകിയത്. ഇതു തള്ളിയാണു സസ്പെൻഷൻ.