തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു
Wednesday, January 29, 2025 3:40 AM IST
കണിച്ചാർ: ചെങ്ങോം റോഡിൽ ഹെൽത്ത് സെന്ററിനു സമീപത്തെ സ്വകാര്യപറമ്പിലെ തേനീച്ചകളുടെ കുത്തേറ്റ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 നാണ് സംഭവം. കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുന്നപ്പള്ളിൽ ഗോപാലകൃഷ്ണൻ (73) ആണ് ഇന്നലെ ഉച്ചകഴിഞ്ഞു മരിച്ചത്.
തേനീച്ച ഇളകിവീണ് ആക്രമിച്ചതിനെത്തുടർന്ന് അയൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു ഗോപാലകൃഷ്ണന്. പിന്നാലെയെത്തിയ തേനീച്ചകൾ ഗോപാലകൃഷ്ണനെ വീണ്ടും കുത്തിയതോടെ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റോഡിൽ തളർന്നുവീണു.
പ്രദേശത്തുണ്ടായിരുന്ന കെ. ധനേഷ്, കെ.എസ്. ബിന്ദു, ജോയി, സാലി ജോയി എന്നിവർക്കും കുത്തേറ്റിരുന്നു. ഇവർ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പരേതനായ കുന്നപ്പള്ളിൽ നാരായണന്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: സരസമ്മ. മക്കൾ: പ്രശാന്ത്, പ്രജോഷ് (കുവൈറ്റ്). മരുമകൾ: ശ്രുതി. സഹോദരങ്ങൾ: കെ.എൻ. ശ്രീധരൻ, പ്രഭാകരൻ, രവി, സുലോചന, അമ്മിണി, ദേവദാസ്, പരേതനായ ശങ്കരനുണ്ണി.