യുവതിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം: ആൺസുഹൃത്ത് അറസ്റ്റിൽ
Thursday, January 30, 2025 3:50 AM IST
ചോറ്റാനിക്കര: പോക്സോ കേസ് അതിജീവിതയെ വീടിനുള്ളിൽ അവശനിലയിൽ കണ്ട സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് അനൂപി (24) നെയാണു ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 10.15 ന് യുവതിയുടെ വീട്ടിലെത്തിയ അനൂപ് യുവതിയുമായി വാക്കേറ്റത്തിലേർപ്പെട്ടെന്നും ക്രൂരമായി മർദിച്ചെന്നും ഇതിലുള്ള മനോവിഷമത്തിൽ യുവതി ഷാൾ കുരുക്കി ആത്മഹത്യക്കു ശ്രമിച്ചെന്നുമാണ് യുവാവ് പോലീസിനോടു പറഞ്ഞത്. ഷാൾ മുറിച്ചിട്ടശേഷം താൻ രക്ഷപ്പെട്ടുവെന്നും ഇയാൾ പോലീസിനോടു പറഞ്ഞു. പിടിയിലായ അനൂപ് ലഹരിക്കേസിലടക്കം പ്രതിയാണ്.
ഞായറാഴ്ച പുലർച്ചെ നാലോടെ യുവാവ് മടങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ചോറ്റാനിക്കര കുരീക്കാടിനടുത്തുള്ള വീട്ടിലെ കിടപ്പുമുറിയിൽ അർധനഗ്നമായ നിലയിൽ 19 കാരിയെ കഴുത്തിൽ കയർ മുറുകി പരിക്കേറ്റ ും കൈയിൽ മുറിവേറ്റ് ഉറുമ്പരിച്ച നിലയിലും കണ്ടെത്തിയത്.
വീടിനടുത്തുള്ള ബന്ധു ഉച്ചയ്ക്ക് വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ജനലിലൂടെ നോക്കിയപ്പോഴാണു ബോധരഹിതയായി കട്ടിലിൽ കിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ആരോഗ്യനില ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
മകളുടെ ആൺസുഹൃത്തിന്റെ ആക്രമണം ഭയന്ന് ഒരു മാസമായി താൻ വീടുമാറി താമസിക്കുകയായിരുന്നുവെന്ന് യുവതിയുടെ അമ്മ പറഞ്ഞു. തന്നെ ഉപദ്രവിക്കുമെന്ന ഭയമുണ്ടായിരുന്നു. ബന്ധുവഴിയാണ് മകളുടെ വിവരം അറിഞ്ഞത്.
നേരത്തേ യുണ്ടായ ആക്രമണത്തിൽ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോൾ വീണ് മുറിവുണ്ടായതാണെന്നാണു പറഞ്ഞത്. ഈ ബന്ധം അവസാനിപ്പിക്കാൻ പലപ്രാവശ്യം പറഞ്ഞു.
പല തവണ വിലക്കിയിട്ടും ആൺസുഹൃത്ത് വീട്ടിൽ എത്തിയിരുന്നെന്നും യുവതിയുടെ അമ്മ പറഞ്ഞു.
യുവാവ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും രാത്രി 11നുശേഷം ഇതുവഴി പരിസരവാസികൾക്കു സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ഇതുമൂലം ഇവിടെയുള്ള ഇരുപതോളം വീട്ടുകാർ കൂട്ട പരാതി തയാറാക്കി ഒരു മാസം മുന്പ് പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നുവെന്നും ഇവരുടെ അയൽവാസിയും പറഞ്ഞു.
മൂന്നു വർഷം മുമ്പ് താൻ പതിവായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിലെ രണ്ടു ജീവനക്കാർ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നു പറഞ്ഞ് യുവതി നാലുമാസം മുന്പ് നൽകിയ പരാതിയിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ അടുത്തിടെയാണു ജാമ്യത്തിലിറങ്ങിയത്.