റേഷൻ വ്യാപാരികളുടെ സമരം തീർന്നെങ്കിലും അരി കിട്ടാൻ കാത്തിരിക്കണം
Wednesday, January 29, 2025 3:40 AM IST
അനുമോൾ ജോയ്
കണ്ണൂര്‍: റേഷൻ വ്യാപാരികളുടെ സമരം ഒത്തുതീർപ്പായെങ്കിലും അരി വിതരണം തുടങ്ങാൻ ഇനിയും കാത്തിരിക്കണം. സംസ്ഥാനത്ത് 60 ശതമാനം മാത്രമാണ് ഈ മാസത്തെ അരി വിതരണം പൂർത്തിയായത്. ഡിസംബറിലെ വിഹിതത്തില്‍ ബാക്കിയുള്ള ധാന്യങ്ങളാണ് ഈ മാസം തുടക്കത്തില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്തത്. ജനുവരിയിലെ 40 ശതമാനം വിതരണം നടക്കാനുണ്ട്.
കുടിശിക തുക ലഭിക്കാതായതോടെ എഫ്സിഐ ഗോഡൗണുകളില്‍നിന്നു സപ്ലൈകോയുടെ എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെനിന്നു റേഷന്‍ കടകളിലേക്കും അരി ലോറികളില്‍ എത്തിക്കുന്ന ജീവനക്കാർ കഴിഞ്ഞ ഒന്നുമുതൽ സമരം നടത്തിയതോടെ റേഷൻകടകളിലൊന്നും സാധനങ്ങളെത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച അവരുടെ സമരം ഒത്തുതീർപ്പായിരുന്നെങ്കിലും തിങ്കളാഴ്ച റേഷൻ വ്യാപാരികൾ സമരം നടത്തിയതോടെ കടകളിലൊന്നും സാധനങ്ങളെത്തിക്കാൻ സാധിച്ചില്ല.
നിലവിൽ സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ആട്ട, ഗോതമ്പ്, മട്ടയരി തുടങ്ങി എല്ലാം തീർന്നിരിക്കുകയാണ്. സംസ്ഥാനത്ത് 14,014 റേഷൻ കടകളാണുള്ളത്. റേഷൻകടകളിൽ സാധനങ്ങൾ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ദിനംപ്രതി അന്‍പതിനടുത്ത് റേഷൻകടകളിൽ മാത്രമാണു സാധനങ്ങൾ എത്തിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. സാധനങ്ങൾ എത്തിയ മുന്നൂറോളം കടകളിൽ താഴെ മാത്രമാണ് ഇന്നലെ വിതരണം നടന്നത്.
സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളിലും സാധനങ്ങൾ എത്തണമെങ്കിൽ ഒരു മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. അടുത്ത മാസം പകുതിയോടെ മാത്രമേ ജനുവരി മാസത്തെ അരി വിതരണം പൂർത്തിയാക്കാൻ സാധിക്കൂവെന്ന് റേഷൻകട വ്യാപാരികൾ പറയുന്നു. ഈ മാസത്തെ റേഷൻ ലഭിക്കാതെ വന്നാൽ അടുത്തമാസം നല്‍കാനുള്ള ക്രമീകരണവും പൊതുവിതരണവകുപ്പ് ആലോചിക്കുന്നുണ്ട്.