കാരുണ്യ സന്ദേശ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു
Thursday, January 30, 2025 3:50 AM IST
തിരുവനന്തപുരം: എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ നിഷ ജോസ് കെ. മാണി രാജ്യത്തുടനീളം നടത്തുന്ന കാരുണ്യ സന്ദേശ യാത്രയുടെ ഫ്ലാഗ് ഓഫ് വഴുതക്കാട് വിമന്‍സ് കോളജില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
നിഷ ജോസ് കെ. മാണി ഏറ്റെടുത്തിരിക്കുന്ന യാത്ര സഹജീവികള്ക്കുള്ളതാണെന്നും ഓരോരുത്തരിലും ഇത് എത്തിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്തനാര്‍ബുദ സാധ്യത തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കണമെന്ന അവബോധം വളര്‍ത്തുന്നതിനായാണ് എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ നിഷാ ജോസ് കെ. മാണി കാരുണ്യ സന്ദേശ യാത്ര സംഘടിപ്പിക്കുന്നത്.
കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഉമാജ്യോതി, ജയ ചന്ദ്രഹാസന്‍, ഷൈലജ പങ്കജ് തുടങ്ങിയവര്‍ പങ്കെടുത്തു.