“കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്വം നിറവേറ്റണം”; പ്രിയങ്ക ഗാന്ധി
Wednesday, January 29, 2025 3:40 AM IST
മേപ്പാടി: വന്യജീവി ആക്രമണത്തിൽനിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തര വാദിത്വം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിറവേറ്റണമെന്നു പ്രിയങ്ക ഗാന്ധി എംപി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമരയാത്രയ്ക്കു മേപ്പാടി ടൗണിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വന്യജീവി പ്രശ്നം ഗൗരവത്തോടെ കാണുന്നില്ല.
വനം ഫീൽഡ് ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയും മനുഷ്യരുടെ സ്വൈരജീവിതം ഉറപ്പുവരുത്തണം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വന്യജീവിപ്രശ്നം രൂക്ഷമാണ്. നിരവധി മനുഷ്യജീവനാണു സമീപകാലത്തു പൊലിഞ്ഞത്. ഈ വിഷയം പാർലമെന്റിൽ ഗൗരവത്തോടെ അവതരിപ്പിക്കും. എക്കാലവും ജില്ലയിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രിയങ്ക പറഞ്ഞു.
നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, പാറക്കൽ അബ്ദുള്ള, പി.പി. ആലി, ടി.ജെ. ഐസക്, പി.ടി. ഗോപാലക്കുറുപ്പ്, പി.കെ. ജയലക്ഷ്മി, എൻ.കെ. റഷീദ്, ആര്യാടൻ ഷൗക്കത്ത്, ജമീല ആലിപ്പറ്റ, രാജൻ ബാബു, റസാഖ് കൽപ്പറ്റ, പ്രവീണ്‍ തങ്കപ്പൻ, ബി. സുരേഷ് ബാബു, സലിം മേമന, എം.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.