സിറ്റിംഗ് സീറ്റുകൾ നിലനിർത്തി മുന്നണികൾ
തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ നിലനിർത്തി മുന്നണികൾ. വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 4,10,931 വോട്ടിന്റെ പടുകൂറ്റൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
പാലക്കാട്ട് ഷാഫി പറന്പിൽ ഒഴിഞ്ഞ സീറ്റിൽ യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയം കുറിച്ചു. ഇവിടെ ഇത്തവണയും സിപിഎം മൂന്നാം സ്ഥാനത്തായി.
കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു തെരഞ്ഞെടുപ്പു നടന്ന ചേലക്കരയിൽ എൽഡിഎഫിന്റെ യു.ആർ. പ്രദീപ് 12,201 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തി.
വയനാട്ടിൽ പ്രിയങ്കാരവം
ടി.എം. ജയിംസ്
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. 2024 പൊതുതെരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ 3,64,422 വോട്ട് ഭൂരിപക്ഷം പ്രിയങ്ക മറികടന്നു.
4,10,931 വോട്ടിന്റെ ഭൂരിപക്ഷമാണു പ്രിയങ്ക നേടിയത്. ഉപതെരഞ്ഞെടുപ്പിൽ 9,52,543 വോട്ടാണ് (64.72 ശതമാനം)പോൾ ചെയ്തത്. ഇതിൽ 64.99 ശതമാനം(6,22,338 വോട്ട്) പ്രിയങ്കയ്ക്കു ലഭിച്ചു.
2024 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ എൽഡിഎഫിനും എൻഡിഎയ്ക്കും കഴിഞ്ഞില്ല. എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ സത്യൻ മൊകേരിക്ക് 2,11,407 (22.08 ശതമാനം) വോട്ടാണ് ലഭിച്ചത്. 1,09,939 വോട്ടാണ് (11.48 ശതമാനം) എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ നവ്യ ഹരിദാസിനു നേടാനായത്.
പ്രിയങ്ക ഗാന്ധിയുടെ ഉജ്വല വിജയത്തിനു സഹായകമായത് പ്രചാരണം നേരത്തേ തുടങ്ങിയതും ചിട്ടയായി നടത്തിയതുമാണ്. പൊതുതെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചപ്പോൾത്തന്നെ എഐസിസി പ്രഖ്യാപിച്ചതാണ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം. പ്രചാരണത്തിൽ എൽഡിഎഫിനെ അപേക്ഷിച്ച് വളരെ മുന്നിലായിരുന്നു യുഡിഎഫ്.
പ്രിയങ്കയ്ക്ക് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം എന്ന ലക്ഷ്യവുമായാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും പ്രചാരണരംഗത്ത് സജീവമായത്. പ്രചാരണത്തിനു ചുക്കാൻ പിടിക്കാൻ ഏഴ് നിയോജകമണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം എംപി-എംഎൽഎമാർക്ക് ചുമതല നൽകിയിരുന്നു. ഇവർ ആഴ്ചകളോളമാണ് മണ്ഡലത്തിൽ ക്യാന്പ് ചെയ്തത്.
യുഡിഎഫിന് സാധ്യതയുള്ള വോട്ടുകളിൽ ഒന്നുപോലും ചോരരുതെന്ന വാശിയോടെയായിരുന്നു ബൂത്തുതലത്തിൽ പ്രചാരണം. യുഡിഎഫ് പ്രവർത്തകർ രണ്ടും മൂന്നും തവണയാണ് വീടുകൾ കയറി വോട്ട് ഉറപ്പിച്ചത്. ഇതിനു പുറമേ കുടുംബ സംഗമങ്ങളും നടന്നു.
വോട്ട് നില / വയനാട്
പ്രിയങ്ക ഗാന്ധി 6,22,338
സത്യൻ മൊകേരി 2,11,407
നവ്യ ഹരിദാസ് 1,09,934
ഭൂരിപക്ഷം 4,10,931
പാലക്കാട്: മണ്ഡലചരിത്രത്തിലെ റിക്കാർഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനു മിന്നും വിജയം. 18,840 വോട്ടിന്റെ ഭൂരിപക്ഷമാണു രാഹുലിനു ലഭിച്ചത്.
2016ൽ ഷാഫി പറന്പിൽ നേടിയ 17,483 വോട്ടിന്റെ ഭൂരിപക്ഷമെന്ന റിക്കാർഡാണു രാഹുൽ മറികടന്നത്. ആരു മൂന്നാംസ്ഥാനത്തേക്കു പോകുമെന്നു രാഷ്ട്രീയകേരളം ഉറ്റുനോക്കിയ മണ്ഡലത്തിൽ എൻഡിഎ രണ്ടാംസ്ഥാനത്തും എൽഡിഎഫ് മൂന്നാംസ്ഥാനത്തുമായി.
ആകെ പോള്‍ ചെയ്തതിന്റെ 42.27 ശതമാനം വോട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ നേടി. പോസ്റ്റല്‍ വോട്ടുകളില്‍ 337 എണ്ണവും വോട്ടിംഗ് മെഷീനിലെ 58,052 വോട്ടും അടക്കം 58,389 വോട്ടുകളാണു രാഹുല്‍ മാങ്കൂട്ടത്തില്‍ ആകെ നേടിയത്. പോസ്റ്റല്‍ വോട്ടുകളില്‍ 34 വോട്ടിന്റെ ലീഡ് രാഹുല്‍ നേടി.
രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ 39,549 വോട്ട് നേടി; പോള്‍ ചെയ്തതിന്റെ 28.63 ശതമാനം. ഇതില്‍ 303 പോസ്റ്റല്‍ വോട്ടുകളും ഉള്‍പ്പെടുന്നു. മൂന്നാം സ്ഥാനത്തെത്തിയ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിന് 137 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 37,293 വോട്ടുകള്‍ നേടി. പോള്‍ ചെയ്തതിന്റെ 27 ശതമാനമാണു സരിനു ലഭിച്ചത്.
വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ടുകളിലും ബിജെപിക്കായിരുന്നു ലീഡ്. മൂന്നാം റൗണ്ടില്‍ രാഹുല്‍ മുന്നിലെത്തി. അഞ്ചാം റൗണ്ടില്‍ കൃഷ്ണകുമാര്‍ ലീഡ് തിരിച്ചുപിടിച്ചെങ്കിലും അഞ്ചാം റൗണ്ടിനുശേഷം ഒരു ഘട്ടത്തിലും ബിജെപി സ്ഥാനാർഥിക്ക് രാഹുലിനൊപ്പമെത്താന് കഴിഞ്ഞില്ല.
കോൺഗ്രസ് വിമതനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി തെരഞ്ഞെടുപ്പുരംഗം കൊഴുപ്പിച്ചിട്ടും മൂന്നാം സ്ഥാനത്തുനിന്നു കരയറാൻ എൽഡിഎഫിനായില്ല. പതിനാലു റൗണ്ട് വോട്ടെണ്ണലിൽ ഒരിക്കൽപോലും ഇടതുസ്ഥാനാർഥിക്കു രണ്ടാംസ്ഥാനത്തേക്കുപോലും കയറാനായില്ല.
കണ്ണാടി, മാത്തൂർ തുടങ്ങിയ ഇടതു ശക്തികേന്ദ്രങ്ങളിൽപോലും എൽഡിഎഫിനു വോട്ട് ഗണ്യമായി കുറഞ്ഞു. പാലക്കാട് നഗരസഭാ പരിധിയിൽ മുന്നേറ്റമുണ്ടാകുമെന്നു പ്രവചിച്ചു വിജയപ്രതീക്ഷ പ്രകടിപ്പിച്ച ബിജെപിക്കു പക്ഷേ എല്ലാം തകിടംമറിയുന്ന അവസ്ഥയിലായിരുന്നു.
വോട്ട് നില/ പാലക്കാട്
രാഹുൽ മാങ്കൂട്ടത്തിൽ 58,389
സി. കൃഷ്ണകുമാർ 39,549
ഡോ. പി. സരിൻ 37,293
ഭൂരിപക്ഷം 18,840
ചേലക്കരയിൽ ഇടതിന്റെ തേരോട്ടം
സി.എസ്. ദീപു
തൃശൂർ: ചേലക്കരയെ വീണ്ടും ചുവപ്പിച്ച് ഇടതിന്റെ തേരോട്ടം. യു.ആർ. പ്രദീപിന് 12,201 വോട്ടിന്റെ ഭൂരിപക്ഷം. ആകെ പോൾ ചെയ്ത 1,55,077 വോട്ടിൽ 64,827 വോട്ട് പ്രദീപിനും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് 52,626 വോട്ടും ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണന് 33,609 വോട്ടും ലഭിച്ചു.
പി.വി. അൻവറിന്റെ സ്വതന്ത്ര സ്ഥാനാർഥി എൻ.കെ. സുധീറിന് 3,920 വോട്ടും നോട്ടയ്ക്ക് 1,034 വോട്ടും ലഭിച്ചു. 2021നെ അപേക്ഷിച്ച് ഇടതിന്റെ ഭൂരിപക്ഷത്തിൽ 27,199 വോട്ടുകൾ കുറഞ്ഞു.
വോട്ടെണ്ണലിന്റെ 13 റൗണ്ടുകളിലൊന്നിലും യു.ആർ. പ്രദീപിനു വെല്ലുവിളി ഉയർത്താൻ രമ്യക്കു കഴിഞ്ഞില്ല. 1,486 തപാൽ വോട്ടുകൾ പോൾ ചെയ്തു. 568 വോട്ടുകൾ ഇടതിനും 489 വോട്ട് യുഡിഎഫിനും 255 വോട്ട് ബിജെപിക്കും ലഭിച്ചു. 141 വോട്ടുകൾ അസാധുവായി.
2021ൽ കെ. രാധാകൃഷ്ണന് 39,400 വോട്ടിന്റെ ഭൂപരിപക്ഷമാണു ലഭിച്ചത്. ഇക്കുറി മൂന്നിലൊന്നായി ഭൂരിപക്ഷം കുറഞ്ഞത് ഇടതിന്റെ വിജയത്തിനു മങ്ങലേൽപ്പിച്ചു.
2021ൽ സി.സി. ശ്രീകുമാറിനു ലഭിച്ച 44,015 വോട്ടുകളെ അപേക്ഷിച്ച് 8,611 വോട്ടുകൾ വർധിപ്പിക്കാൻ രമ്യക്കു കഴിഞ്ഞു. എൻഡിഎയ്ക്ക് 9,564 വോട്ടുകളും വർധിച്ചു. രാധാകൃഷ്ണനു ലഭിച്ച ഭൂരിപക്ഷം യുഡിഎഫ്, എൻഡിഎ മുന്നണികളിലേക്കും എൻ.കെ. സുധീറിനുമായി വിഭജിക്കപ്പെട്ടു.
കെ. രാധാകൃഷ്ണൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽനിന്നു വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഇതുവരെ കാണാത്ത പ്രചാരണ കോലാഹലത്തിനാണു ചേലക്കര സാക്ഷ്യംവഹിച്ചത്. ക
ഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ നടത്തിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് യുഡിഎഫ് രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയത്.
വോട്ട് നില / ചേലക്കര
യു.ആർ. പ്രദീപ് 64,827
രമ്യ ഹരിദാസ് 52,626
കെ. ബാലകൃഷ്ണൻ 33,609
ഭൂരിപക്ഷം 12,201
"കുടിയിറക്കില്ല'; മുനമ്പംകാർക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
കൊച്ചി: വഖഫ് അവകാശവാദം ഉയര്‍ന്ന മുനമ്പത്ത് നിലവിലെ താമസക്കാരില്‍ ഒരാളെയും കുടിയിറക്കില്ലെന്നു മുഖ്യമന്ത്രി. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുനമ്പം ഭൂസംരക്ഷണസമിതി പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രേഖകള്‍ ഉള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായരെ ജുഡീഷല്‍ കമ്മീഷനായി നിയോഗിച്ചിട്ടുള്ളത്. താമസക്കാരുടെ ആവലാതികള്‍ കമ്മീഷന് മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും.
നോട്ടീസ് നൽകുന്നത് അടക്കമുള്ള നടപടികളൊന്നും വഖഫ് ബോര്‍ഡ് നടത്തില്ല. കോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരും.
നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതിയുടെ സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ജനങ്ങളുടെ ആശങ്കകള്‍ കോടതിയെ ബോധ്യപ്പെടുത്തും. കമ്മീഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാർ സഹകരിക്കണമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ അഭ്യര്‍ഥിച്ചു.
മന്ത്രിമാരായ കെ. രാജന്, പി. രാജീവ്, വി. അബ്ദുറഹ്മാന്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, മുനമ്പം പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍, മുനമ്പം സമരസമിതി ചെയര്മാന് ജോസഫ് സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ബെന്നി ജോസഫ്, എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് കെ.എന്‍. മുരുകന്, പ്രദേശവാസിയായ പി.ജെ ജോസഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച 40 മിനിറ്റ് നീണ്ടുനിന്നു.
മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം ഇന്ന്
ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. വത്തിക്കാന്‍ സെക്രട്ടേറിയറ്റ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. എഡ്ഗാര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുഗ്രഹ സന്ദേശം നല്‍കും. തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ഉപതെരഞ്ഞെടുപ്പുകളിൽ തണ്ടൊടിഞ്ഞ് ബിജെപി
ഡി. ദിലീപ്
തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിൽ മുന്നോട്ടും ഉപതെരഞ്ഞെടുപ്പിൽ പിന്നോട്ടും പോകുന്ന കേരള ബിജെപിയുടെ വോട്ടു ചാഞ്ചാട്ടത്തിന് ചേലക്കരയിൽ മാറ്റത്തിന്റെ കാറ്റ്. അതേസമയം കാറ്റ് മാറി വീശുമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ട പാലക്കാട്ടും വയനാട്ടിലും ബിജെപിക്ക് അടിതെറ്റി.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016നു ശേഷം ഇതുവരെ നിയമസഭയിലേക്കു നടന്ന 12 ഉപതെരഞ്ഞെടുപ്പുകളിൽ പത്തിലും തളർന്ന ബിജെപിക്ക് ചേലക്കരയിലെ വോട്ടുവർധന മാത്രമാണ് ആശ്വാസം. ഇതിനു മുൻപ് മഞ്ചേശ്വരത്ത് ഒഴികെ മറ്റൊരിടത്തും ഇക്കാലയളവിൽ ബിജെപിക്ക് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ലെന്നാണ് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ക്രമാനുഗതമായി വോട്ടുയർത്തിയാണ് ചേലക്കരയിൽ ബിജെപിയുടെ ശക്തിപ്രകടനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 23716 വോട്ടുകളാണ് മണ്ഡലത്തിൽ ബിജെപി നേടിയത്. തുടർന്നു നടന്ന 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണം 28,974 ആയും ഈ ഉപതെരഞ്ഞെടുപ്പിൽ അത് 33,609 ആയി ഉയർത്താനും ബിജെപിക്കു കഴിഞ്ഞു.
അതേസമയം, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇക്കാലയളവിൽ വോട്ടെണ്ണത്തിൽ വൻ ഇടിവുണ്ടായി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 50,220 ആയി ഉയർന്ന ബിജെപി വോട്ട് 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ 43,702ലേക്കും ഇക്കുറി അത് 39,549ലേക്കും കൂപ്പുകുത്തി. 2023ൽ ഉപതെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കര, പുതുപ്പള്ളി മണ്ഡലങ്ങളിലും 2019ൽ ഉപതെരഞ്ഞെടുപ്പു നടന്ന പാലാ, എറണാകുളം, അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും വോട്ടുകണക്കിൽ ബിജെപി പിന്നോട്ടു പോയിരുന്നു. 2021 ൽ തൃക്കാക്കരയിൽ നേടിയ 15,218 വോട്ടുകൾ 2023 ഉപതെരഞ്ഞെടുപ്പ് ആയപ്പോഴേക്കും 12,957 ആയി കുറഞ്ഞു.
പുതുപ്പള്ളിയിൽ 11,694ൽനിന്ന് വോട്ടെണ്ണം 6558 ആയി ചുരുങ്ങുകയും ചെയ്തു. 2019ലെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പ് നടന്ന പാലാ നിയോജകമണ്ഡലത്തിലും വോട്ടുകണക്കിൽ ബിജെപി തൊട്ടുമുൻപു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ പിന്നിൽ പോയിരുന്നു.
2016 നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 24,821 വോട്ടുകൾ നേടിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിൽ നേടാനായത് 18,044 വോട്ടുകളാണ്. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ വോട്ടുകളുടെ എണ്ണം 2016 ലെ 14,878 ൽ നിന്നും 13,351 ആയി കുറഞ്ഞപ്പോൾ അരൂരിൽ വോട്ടെണ്ണം 27,753ൽനിന്ന് 16,215ലേക്കും വട്ടിയൂർക്കാവിൽ വോട്ടെണ്ണം 43,700ൽനിന്നും 27,453ലേക്കും കൂപ്പുകുത്തി.
2018ൽ ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും 2016 നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി വോട്ടുകളിൽ വലിയ ഇടിവുണ്ടായി. 42,682ൽനിന്ന് 35,270 ആയാണ് വോട്ടെണ്ണം കുറഞ്ഞത്. 2017ൽ നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണം 7055ൽനിന്നും 5728 ആയും കുറഞ്ഞു.
എന്നാൽ 2019 ൽ നടന്ന മഞ്ചേശ്വരം, കോന്നി ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ടെണ്ണം വർധിപ്പിച്ചിരുന്നു. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നേടിയ 56,781 വോട്ട് ഉപതെരഞ്ഞെടുപ്പിൽ 57,484 ആയും കോന്നിയിലെ വോട്ടെണ്ണം 16713ൽനിന്ന് 39,786 ആയി കുതിച്ചുയരുകയും ചെയ്തിരുന്നു.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി വോട്ടെണ്ണത്തിൽ വീണ്ടും വളർച്ച നേടി. കോന്നിയിൽ വീണ്ടും തളരുകയും ചെയ്തു.
മാന്നാനത്ത് വിശുദ്ധപദവി പ്രഖ്യാപന വാർഷികാഘോഷങ്ങൾ സമാപിച്ചു
മാന്നാനം: വിദ്യാർഥികളടക്കം ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്ത ഭക്തിനിർഭരവും വർണശബളവുമായ തീർഥാടന ഘോഷയാത്രയോടെ വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 10-ാം വാർഷികാഘോഷങ്ങൾ സമാപിച്ചു. ഇന്നലെ രാവിലെ മുതൽ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലേക്ക് അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻസിലെ വിവിധ സ്കൂളുകളിൽനിന്നെത്തിയ വിദ്യാർഥികളും അധ്യാപകരും മാന്നാനം കെഇ സ്കൂളിൽ സംഗമിച്ച ശേഷമാണ് ആശ്രമ ദേവാലയത്തിലേക്കു നീങ്ങിയത്. ബാൻഡ് സെറ്റുകളും നിശ്ചല ദൃശ്യങ്ങളും മാർഗംകളിയും വിശുദ്ധരുടെ വേഷധാരികളും വർണക്കുടകളുമൊക്കെ അകമ്പടിയേകിയ തീർഥാടന പദയാത്രയിൽ പ്രാർഥനാഗീതികളുയർന്നു. തിരുവനന്തപുരം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ ആന്റണി ഇളംതോട്ടം സിഎംഐ ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് തീർഥാടന ഘോഷയാത്രയ്ക്കു തുടക്കമായത്.
തീർഥാടകർ ആശ്രമദേവാലയത്തിൽ എത്തിയ ശേഷം സീറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സിഎംഐ സഭയുടെ വികാരി ജനറാൾ റവ.ഡോ. ജോസി താമരശേരിയും ജനറൽ കൗൺസിലർമാരും സഹകാർമികത്വം വഹിച്ചു. ചാവറയച്ചനെ വിശുദ്ധപദവിയിലേക്ക് ഉയർത്താൻ കാരണമായ അദ്ഭുതസൗഖ്യം ലഭിച്ച മരിയമോൾ ജോസ് കൊട്ടാരത്തിലും കബറിടത്തിലെത്തി പ്രാർഥിച്ചു.
മാന്നാനം ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, വൈസ് പ്രിയോർ ഫാ. മാത്യു പോളച്ചിറ, തീർഥാടനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. റെന്നി കളത്തിൽ, കോർപറേറ്റ് മാനേജരും കെഇ സ്കൂൾ പ്രിൻസിപ്പലുമായ ഫാ. ജയിംസ് മുല്ലശേരി, കെഇ റസിഡൻസ് പ്രിഫക്ട് ഫാ. ഷൈജു സേവ്യർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുനന്പം: ഭൂമിക്ക് നിയമ പരിരക്ഷ ഉറപ്പാക്കണമെന്ന് ഭൂസംരക്ഷണ സമിതി
സിജോ പൈനാടത്ത്
കൊച്ചി: മുനമ്പത്തെ ജനങ്ങളുടെ ഭൂമിക്ക് നിയമപരമായ പരിരക്ഷ എങ്ങനെ ലഭ്യമാക്കാന്‍ കഴിയുമെന്നതാകണം ജുഡീഷല്‍ കമ്മീഷന്റെ പരിശോധനാവിഷയമാകേണ്ടതെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി മുഖ്യമന്ത്രിയുമായുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
1950 ലെ മൂലാധാരം പരിശോധിച്ച് 35 വര്‍ഷമായി ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ റവന്യു അവകാശങ്ങള്‍ അനുഭവിച്ചുവരുന്ന താമസക്കാരുടെ സ്വത്തുക്കള്‍ വഖഫ് ബോര്‍ഡിന്റെ ആസ്തിവിവര കണക്കില്‍നിന്നും എടുത്തുമാറ്റിക്കൊണ്ടാണ് ജനങ്ങള്‍ക്ക് ഭൂമിയിലുള്ള നിയമപരിരക്ഷ ഉറപ്പാക്കേണ്ടത്. ഇക്കാര്യം ഒരു മാസത്തിനുള്ളില്‍ സാധിക്കുമെന്നാണു പ്രതീക്ഷ.
മുനമ്പം ഭൂപ്രശ്നത്തില്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ താമസക്കാരുടെ ആധാരങ്ങള്‍ പരിശോധിച്ച് സമാധാനപരമായി അവരെ കുടിയിറക്കുമെന്ന ജഡീഷല് കമ്മീഷന് ജസ്റ്റീസ് സി.എസ്. രാമചന്ദ്രന്‍നായരുടെ പരാമര്‍ശം വേദനയുളവാക്കുന്നതാണ്. ജുഡീഷല്‍ അന്വേഷണ കമ്മീഷന്റെ രൂപരേഖ സര്‍ക്കാര്‍ പൊതുവായി നല്‍കാത്ത ഘട്ടത്തില്‍ സ്വകാര്യവാര്‍ത്താ ചാനലിനായി നല്കിയ അഭിമുഖത്തില്‍ മുന്‍വിധിയോടെയാണ് അത്തരമൊരു പരാമര്‍ശം ഉണ്ടായത്
.
ഭൂപ്രശ്നത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെട്ടതില്‍ സമിതിക്ക് നന്ദിയുണ്ട്. പ്രദേശവാസികളുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു പറഞ്ഞത് സന്തോഷകരമാണ്.
മുനമ്പത്തെ സമരം നിലവിലെ രീതിയില്‍ സമാധാനപരമായി തുടരും. പള്ളിമുറ്റത്തു സമരം നടക്കുന്നതിനാല്‍ തത്പരകക്ഷികളുടെ ഇടപെടല്‍ ഒഴിവാക്കാനായി. മുഖ്യമന്ത്രിയുമായി നേരിട്ടു വിഷയങ്ങള്‍ സംസാരിക്കാന്‍ അവസരമൊരുക്കണമെന്നും പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മുനമ്പം സമരം ഇന്നലെ 41 ദിവസം പിന്നിട്ടു.
ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഭരണവിരുദ്ധ വികാരമെന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല എന്നുമാണ് ഉപ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് ഫലങ്ങൾ.
സംഘടിത കുപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്ക്കെടുക്കാതെയാണ് ജനം ചേലക്കരയിൽ ഇടതുപക്ഷത്തിന് തിളങ്ങുന്ന ജയം നൽകിയത്. വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ വർധിച്ച ഊർജം നൽകുന്നതാണ് വിധി.
പാലക്കാട്ട് മുൻ തെരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നു. എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽഡിഎഫിനു ലഭിച്ചത്.
വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പു ഫലം നൽകുന്ന സന്ദേശം. വർഗീയശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും എൽഡിഎഫ് സ്ഥാനാർഥിയുടെ വോട്ടുകൾ നേരത്തേയുള്ളതിൽ നിന്നു കൂടി.
ബിജെപിക്ക് കേരളത്തിൽ ശാശ്വതമായ ചലനം ഉണ്ടാക്കാൻ സാധിക്കില്ല എന്നാണ് തൃശൂർ വിജയം ചൂണ്ടിക്കാട്ടി അവർ മുഴക്കിയ അവകാശവാദങ്ങൾ ജനം തിരസ്കരിച്ചതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടലിൽനിന്ന് ഒഴിഞ്ഞ ബുള്ളറ്റുകളുടെ പെട്ടി കണ്ടെത്തി
വൈപ്പിൻ: മത്സ്യബന്ധനബോട്ടിന്റെ വലയിൽ കുടുങ്ങിയ പെട്ടിയിൽനിന്ന് ബുള്ളറ്റുകളുടെ ഒഴിഞ്ഞ കെയ്സുകൾ കണ്ടെത്തി.
മുനമ്പത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിനു പോയ ‘ഷിയാമോൾ’ എന്ന ബോട്ടിന്റെ വലയിലാണ് കെയ്സ് അടങ്ങിയ പെട്ടി ലഭിച്ചത്. വെടിയുണ്ട ഉതിർത്തശേഷമുള്ള കാലിയായ കെയ്സുകളാണ് പെട്ടിയിൽ ഉണ്ടായിരുന്നത്.
12.7 എംഎം ബുള്ളറ്റുകളുടെ കെയ്സുകളാണ് എല്ലാം. ഇവ കണ്ടെത്തിയ ഇരുമ്പുപെട്ടിക്കു പുറത്ത് ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. മുനമ്പം പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് ഫോർട്ട് കൊച്ചിയിൽനിന്ന് കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുത്തു.
പാലക്കാട്ട് ആഗ്രഹിച്ച വിജയം: രാഹുൽ
പാലക്കാട്: ഇതു പാലക്കാടിന്റെ വിജയമാണ്. മണ്ഡലം ആഗ്രഹിച്ച വിജയമാണ് തന്റേതെന്നു രാഹുൽ മാങ്കൂട്ടത്തിൽ. എന്നെ ആഗ്രഹിച്ചു എന്നതിനപ്പുറം മണ്ഡലത്തിന്റെ ആഗ്രഹം യുഡിഎഫ് ജയിക്കണമെന്നുതന്നെയായിരുന്നു.
മതേതരത്വത്തിന്റെ വിജയമാണു പാലക്കാട്ടുകാർ ആഗ്രഹിച്ചതെന്നും അതു ജനങ്ങൾ നേടിയെടുത്തുവെന്നും രാഹുൽ പ്രതികരിച്ചു.
വോട്ടർമാർക്കു നന്ദി പറഞ്ഞ് പ്രിയങ്ക
കൽപ്പറ്റ: വയനാട്ടിലെ വോട്ടർമാർക്ക് സമൂഹമാധ്യമമായ എക്സിൽ നന്ദി പറഞ്ഞ് നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി. ""വയനാട്ടിലെ എന്റെ പ്രിയ സഹോദരീസഹോദരൻമാരേ, നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും എന്റെ പ്രവർത്തനമെന്ന് ഞാൻ ഉറപ്പുതരുന്നു.
നിങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തെരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ നിങ്ങളെനിക്കു നൽകിയ സ്നേഹത്തിനു നന്ദി.
ഈ യാത്രയിലുടനീളം എന്നോടൊപ്പം ഭക്ഷണമോ വിശ്രമമോ പോലുമില്ലാതെ പ്രവർത്തിച്ച ഐക്യ ജനാധിപത്യ മുന്നണിയിലെ എന്റെ സഹപ്രവർത്തകരോടും നേതാക്കളോടും പ്രവർത്തകരോടും എന്റെ ഓഫീസിലെ സുഹൃത്തുക്കളോടും ഞാൻ നന്ദി പറയുന്നു.
നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും വിജയത്തിലെത്തിക്കുന്നതിനായി പോരാളികളെപ്പോലെ പടപൊരുതുകയായിരുന്നു നിങ്ങൾ.
എനിക്കു നൽകിയ ധൈര്യത്തിനും പിന്തുണയ്ക്കും എന്റെ അമ്മയോട്, റോബർട്ടിനോട്, എന്റെ രത്നങ്ങളായ മക്കൾ റെയ്ഹാനോടും മിരായയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
എന്റെ പ്രിയ സഹോദരൻ രാഹുൽ, നിങ്ങളാണു യഥാർഥ ധൈര്യശാലി. നന്ദി, എല്ലായ്പോഴും എന്റെ വഴികാട്ടിയും ധൈര്യവുമായി നിലകൊള്ളുന്നതിന്’’-എക്സിൽ പ്രിയങ്ക കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ
1989 നവംബർ 12ന് പത്തനംതിട്ട അടൂർ മുണ്ടപ്പിള്ളി ആറ്റുവിളാകത്തു വീട്ടിൽ രാജേന്ദ്രക്കുറുപ്പിന്റെയും ബീന ആർ. കുറുപ്പിന്റെയും മകനായി ജനനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ.
2006ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ പഠിക്കുന്പോൾ കെഎസ്യുവിലൂടെ വിദ്യാർഥിരാഷ്ട്രീയത്തിലെത്തി. 2009-2017 കാലയളവിൽ കെഎസ്യു പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി, 2017 ൽ ജില്ലാ പ്രസിഡന്റ്, 2017-18ൽ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2018-2021 ൽ എൻഎസ്യു ദേശീയ സെക്രട്ടറിയായി. 2020 ൽ കെപിസിസി അംഗം, പിന്നീട് സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രധാന വക്താവായി.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് എംഎ ഹിസ്റ്ററി, ഇഗ്നോയിൽനിന്ന് എംഎ ഇംഗ്ലീഷ് ബിരുദങ്ങൾ കരസ്ഥമാക്കി. നിലവിൽ എംജി യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യുന്നു.
യു.ആർ. പ്രദീപ്
സിപിഎം ചേലക്കര എരിയാ കമ്മിറ്റി അംഗം. ദേശമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ദേശമംഗലം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, ദേശമംഗലം സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി, പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയംഗം, കെ എസ്കെടിയു ചേലക്കര ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ്, ചേലക്കര മുൻ നിയമസഭാംഗം. ബിബിഎ ബിരുദധാരി. ദേശമംഗലം പല്ലൂർ തെക്കേപുരയ്ക്കൽ രാമന്റെയും ശാന്തയുടെയും മകൻ. ഭാര്യ: പ്രവിഷ. മക്കൾ: കീർത്തന, കാർത്തിക്.
വോട്ടുവിഹിതത്തിൽ രാഹുലിനെ പിന്തള്ളി പ്രിയങ്ക
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വയനാട്ടിലെ വോട്ട് വിഹിതത്തിൽ രാഹുൽ ഗാന്ധിയെ പിന്തള്ളി സഹോദരി പ്രിയങ്ക. ഭൂരിപക്ഷത്തിൽ റിക്കാർഡ് സഹോദരൻ രാഹുലിന് സ്വന്തമെങ്കിൽ വോട്ടു വിഹിതത്തിൽ വയനാട്ടിൽ കന്നി മത്സരം കുറിച്ച പ്രിയങ്ക ഗാന്ധിയാണ് മുന്നിൽ. ആകെ പോൾ ചെയ്ത വോട്ടിന്റെ 65.33 ശതമാനവും സ്വന്തം പെട്ടിയിലാക്കിയാണ് പ്രിയങ്കയുടെ വയനാട്ടിലെ മിന്നും ജയം.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രാഹുൽ ഗാന്ധി നേടിയ വോട്ട് വിഹിതത്തിലും ഉയർന്നതാണ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കു വയനാട് മണ്ഡലം സമ്മാനിച്ചത്. ഗാന്ധി കുടുംബാംഗം എന്ന നിലയിൽ 2019ൽ വയനാട്ടിൽ മത്സരിക്കാനെത്തിയ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിക്ക് 64.64 ശതമാനമായിരുന്നു വോട്ട് വിഹിതം ലഭിച്ചത്. ഇതിനെയാണ് ഇക്കുറി പ്രിയങ്ക മറികടന്നത്.
ഇത്തവണ ആകെ പോൾ ചെയ്ത 9,52,543 വോട്ടിൽ 6,23,338 എണ്ണമാണ് യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധി കരസ്ഥമാക്കിയത്. എൽഡിഎഫിലെ സത്യൻ മൊകേരിക്ക് 2,11,407 വോട്ടു മാത്രമേ നേടാനായുള്ളു. വോട്ടു വിഹിതം 22.19 ശതമാനം. എൽഡിഎഫിന്റെ വയനാട്ടിലെ അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ വോട്ട്. 1,09,939 വോട്ട് നേടിയ ബിജെപിയിലെ നവ്യ ഹരിദാസിന് 11.54 ശതമാനം വോട്ടു വിഹിതമാണ് നേടാനായത്
2019ൽ പോൾ ചെയ്ത 10,92,197 വോട്ടുകളിൽ 7,06,367 വോട്ടുകളാണ് രാഹുൽഗാന്ധി നേടിയത്. അന്നത്തെ എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീർ 2,44,595 വോട്ടു നേടി 25.13 ശതമാനം വോട്ടുവിഹിതവും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി 78,816 വോട്ട് പിടിച്ച് 7.21 ശതമാനം വിഹിതത്തിനും ഉടമയായി. അത്തവണയായിരുന്നു രാഹുൽ ഗാന്ധിക്ക് വയനാട് റിക്കാർഡ് ഭൂരിപക്ഷം നൽകിയത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ വോട്ട് വിഹിതം 59.69 ശതമാനമായി കുറഞ്ഞു. പോൾ ചെയ്ത 10,84,653 വോട്ടിൽ 6,47,445 വോട്ട് രാഹുലും 2,83,023 വോട്ട് എൽഡിഎഫിലെ ആനിരാജയും (വോട്ട് വിഹിതം 26.09%) സംസ്ഥാന പ്രസിഡന്റ് കൂടിയായ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ 1,41,045 വോട്ടും (വിഹിതം 13%) നേടിയിരുന്നു.
സുധീറിനു കിട്ടിയത് 3,920 വോട്ട് മാത്രം
തൃശൂർ: പിണറായി വിജയനോടും ഇടതുമുന്നണിയോടും കൊന്പുകോർത്ത് പി.വി. അൻവർ ചേലക്കരയിൽ സ്ഥാനാർഥിയാക്കിയ എൻ.കെ. സുധീറിനു ലഭിച്ചത് 3920 വോട്ടുകൾ മാത്രം. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകൾ പിടിക്കുമെന്നായിരുന്നു അൻവറിന്റെ അവകാശവാദം.
അതെല്ലാം ചേലക്കരയിൽ ആവിയായി. നാലാം റൗണ്ടിലാണ് സുധീർ നാലക്കം കടന്നത്. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായി സുധീർ വരുമെന്ന് ആദ്യം പറഞ്ഞെങ്കിലും രമ്യയെ ഇറക്കിയതോടെ ഇടഞ്ഞു.
ഇടതുമായി ഇടഞ്ഞ് അൻവറും എത്തിയതോടെ ഇരുവരും ഒന്നിച്ചു. പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കുകയും ചെയ്തതോടെ സുധീർ കേരളമാകെ ശ്രദ്ധാകേന്ദ്രമായി.
എന്നാൽ, രമ്യയെ പിൻവലിച്ച് സുധീറിനെ സ്ഥാനാർഥിയാക്കണമെന്ന അൻവറിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു.
ഇടതിന്റെ ഭൂരിപക്ഷം മൂന്നിലൊന്നാക്കി: രമ്യ
ചേലക്കര: ചേലക്കരയിൽ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം 2021നെ അപേക്ഷിച്ചു മൂന്നിലൊന്നാക്കി കുറച്ചെന്ന് രമ്യ ഹരിദാസ്. പ്രചാരണത്തിൽ പിഴവുണ്ടായില്ല.
അടിത്തട്ടിലടക്കം മികച്ച പ്രവർത്തനം നടത്തി. രണ്ടുമാസത്തോളം നടത്തിയ കഠനാധ്വാനത്തിനു പാർട്ടിയോടും പ്രവർത്തകരോടും ഹൃദയംനിറഞ്ഞ നന്ദിപറയുന്നെന്നും രമ്യ പറഞ്ഞു.
നോട്ട തട്ടിയത് 1,034
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ നോട്ട കൊണ്ടുപോയത് 1,034 വോട്ടുകൾ. സ്വതന്ത്ര സ്ഥാനാർഥികളായ കെ.ബി. ലിൻഡേഷ് 240 വോട്ടുകളും ഹരിദാസൻ 170 വോട്ടുകളും നേടി.
അടവു പിഴച്ചു; രമ്യക്ക് രണ്ടാമതും തോൽവി
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ രമ്യ ഹരിദാസിനെ ചേലക്കരയിൽ സ്ഥാനാർഥിയാക്കിയ യുഡിഎഫ് നീക്കത്തിന് തിരിച്ചടി. പാർലമെന്ററി രാഷ്ട്രീയത്തിൽ രമ്യയുടെ ഭാവി ചോദ്യംചെയ്യുന്ന വിധികൂടിയായി ഇതു മാറുമെന്ന് ഉറപ്പ്.
ചേലക്കരയിൽ രമ്യക്കു മികച്ച പിന്തുണയുണ്ടെന്നും വിജയിക്കുമെന്നുമായിരുന്നു സ്ഥാനാർഥിനിർണയത്തിനു പിന്നാലെ യുഡിഎഫ് നേതാക്കൾ പ്രതികരിച്ചത്. 2019ൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ അരൂർ നിയമസഭാ മണ്ഡലത്തിൽ മികച്ച വിജയം നേടിയതും നേതാക്കൾ ഉയർത്തിക്കാട്ടി.
ചേലക്കരയിൽ വിജയം ഉറപ്പാണെന്നു രമ്യയും പറഞ്ഞു. മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനും കഴിഞ്ഞില്ല. എൻ.കെ. സുധീറിന്റെ പേരുയർന്നെങ്കിലും പരിഗണിച്ചില്ല.
രമ്യയുടെ സ്ഥാനാർഥിത്വത്തിൽ നേതൃത്വവും പ്രവർത്തകരും ഒറ്റക്കെട്ടാണെന്നു പറഞ്ഞെങ്കിലും ഒരു വിഭാഗം രഹസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. യുഡിഎഫ് തരംഗത്തിനിടയിലും ആലത്തൂരിൽ അടിപതറിയ രമ്യയെത്തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയതിനു പിന്നിലെ യുക്തിയും ഇവർ പരോക്ഷമായി ചോദ്യംചെയ്തു. ഏതുവിധേനയും എൽഡിഎഫിൽനിന്നു മണ്ഡലം പിടിക്കാനുള്ള മികച്ച പ്രവർത്തനമാണു യുഡിഎഫ് കാഴ്ചവച്ചത്.
ക്രിസ്റ്റൽ ക്ലിയർ റിസൾട്ട്
സാബു ജോണ്‍
തിരുവനന്തപുരം: ഒറ്റനോട്ടത്തിൽ ആർക്കും വലിയ പരിക്കില്ല. സിറ്റിംഗ് സീറ്റുകൾ മുന്നണികൾ നിലനിർത്തി. ബിജെപി അദ്ഭുതമൊന്നും കാട്ടിയില്ല. അവർക്കു കുറച്ചു ക്ഷീണവുമുണ്ടായി. എന്നാൽ തെരഞ്ഞെടുപ്പുഫലം മുന്നണികളുടെയും പ്രധാന പാർട്ടികളുടെയും നേതാക്കന്മാരുടെയും രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്കു കാരണമാകാം.
വയനാട്ടിൽ പ്രതീക്ഷിച്ചതിനപ്പുറം പ്രിയങ്ക ഗാന്ധി മുന്നേറി. അവിടെ എൽഡിഎഫിന്റെ വോട്ടു വിഹിതം വീണ്ടും കുറഞ്ഞു. പ്രചാരണരംഗത്ത് സിപിഐയെ ഒറ്റയ്ക്കാക്കി സിപിഎം കൈവിട്ടു എന്ന ആക്ഷേപം സിപിഐക്കുണ്ട്. വീറും വാശിയും നിറഞ്ഞ പോരാട്ടം നടന്നത് പാലക്കാട്ട് ആയിരുന്നു.
തൃശൂരിനു പിന്നാലെ പാലക്കാടും പിടിച്ച് കേരളത്തിൽ വലിയ രാഷ്ട്രീയമാറ്റത്തിനു തുടക്കം കുറിക്കുമെന്നു ബിജെപി നേതാക്കൾ തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അവർ വിജയിച്ചില്ലെന്നു മാത്രമല്ല, പിന്നോട്ടു പോകുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്തേക്കു പോയി.
യഥാർഥത്തിൽ ബിജെപിയും എൽഡിഎഫും ഒരുപോലെ ശത്രുവായി കണ്ടത് രാഹുലിനെ ആയിരുന്നു. രാഹുലിനെതിരേ ഉയർത്തിക്കൊണ്ടു വന്ന ആരോപണങ്ങളും ആക്ഷേപങ്ങളുമെല്ലാം തിരിച്ചടിക്കുന്നതാണു കണ്ടത്. പാലക്കാട്ടെ തെരഞ്ഞെപ്പു പ്രവർത്തനങ്ങൾ തരംതാണ നിലവാരത്തിലേക്കു നീങ്ങുകയും ചെയ്തു. എന്നാൽ, ഇതെല്ലാം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ യുഡിഎഫ് പ്രചാരണ സംവിധാനത്തിനു സാധിച്ചു എന്നതാണു വസ്തുത. രാഹുലിന്റെ ഭൂരിപക്ഷം ഇത്ര ഉയരത്തിലേക്കു കുതിച്ചതിൽ സിപിഎം നേതാക്കളുടെ സംഭാവനയും ചെറുതല്ല.
പാലക്കാട്ടെ പരാജയത്തിൽ ബിജെപിക്കുള്ളിലെ ഒരു വിഭാഗം പഴിക്കുന്നത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി സുരേന്ദ്രനെതിരേ ആയുധമാക്കുന്നതിന്റെ സൂചനകൾ പല നേതാക്കളുടെയും പ്രതികരണങ്ങളിൽനിന്നു വായിച്ചെടുക്കാം. സന്ദീപ് വാര്യർ പാർട്ടി വിട്ടതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി ഉയർന്നുവരാം.
ഭരണവിരുദ്ധ വികാരമോ പിണറായിവിരുദ്ധ വികാരമോ ഇല്ലെന്നു പറഞ്ഞു സ്ഥാപിക്കാൻ സിപിഎമ്മിനു ചേലക്കര വിജയം തുണയായി. ഇവിടെയും 2021ലെ വന്പൻ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാനായി എന്നു കോണ്‍ഗ്രസിനും അവകാശപ്പെടാം.
പാലക്കാട്ടെ കോണ്‍ഗ്രസിന്റെ വിജയം അംഗീകരിക്കാൻ സിപിഎം തയാറാകുന്നില്ല. മുസ്ലിം തീവ്രവാദി വിഭാഗങ്ങളുടെ പിന്തുണയോടെയാണു കോണ്‍ഗ്രസ് വിജയിച്ചതെന്നാണ് സിപിഎം നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്ലിം ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായി എന്നു കണ്ടെത്തിയതിനെ ത്തുടർന്നുള്ള സിപിഎമ്മിന്റെ ലൈൻ മാറ്റമാണ് ഈ ആരോപണത്തിലും കാണാനാകുന്നത്. വരും നാളുകളിലും സിപിഎം ഇതേ ലൈൻ പിന്തുടരുമെന്നുതന്നെ വേണം കരുതാൻ.
കോണ്‍ഗ്രസ് നേതൃത്വത്തിലേക്കു യുവതലമുറയുടെ ആഘോഷപൂർവമായ കടന്നുവരവാണ് തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കണ്ടത്. പാലക്കാട്ടും കാണാനായത് അതുതന്ന.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നിൽ നിന്നു നയിക്കുന്പോഴും ഷാഫി പറന്പിലും വി.കെ. ശ്രീകണ്ഠനും ഉൾപ്പെടെയുള്ള നേതാക്കൾ ദൈനംദിന പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. എതിരാളികളുടെ തന്ത്രങ്ങളുടെ മുനയൊടിച്ചു വിടുന്നതിൽ ഇവർ മിടുക്കു കാട്ടിയെന്നു പറയാതെ വയ്യ.
ഷാഫിയും ശ്രീകണ്ഠനും മാത്രമല്ല, കോണ്‍ഗ്രസിലെ വലിയൊരു നിര യുവനേതാക്കൾ ഉപതെരഞ്ഞെടുപ്പിൽ കളം നിറഞ്ഞു നിന്നു. ബിജെപിയിൽനിന്നെത്തിയ സന്ദീപ് വാര്യർ ആ നിരയിലേക്കു കടന്നുവരുന്നതും പാലക്കാട്ടെ കാഴ്ചയായി.
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയ്ക്കു വഴി തെളിക്കേണ്ടതായിരുന്നു. എന്നാൽ രാഹുലിന്റെ വന്പൻ വിജയത്തോടെ അതിനും അവസരമില്ലാതായി.
തിരിച്ചുവരവ് അസാധ്യമല്ല: സി. കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട്ട് ഒരു വാര്യരും നായരും ഇഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പു തോല്‍വിയില്‍ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. സന്ദീപ് വാര്യര്‍ പറഞ്ഞ സ്ഥലങ്ങളില്‍ ബിജെപിക്കു വോട്ടുകൂടി.
ഇ. ശ്രീധരനുമായി എന്നെ താരതമ്യം ചെയ്യരുത്. ശ്രീധരന്റെ അടുത്തു നില്ക്കാന്പോലും ഞാന്‍ യോഗ്യനല്ല- കൃഷ്ണകുമാർ പറഞ്ഞു.
ബിജെപിക്കു തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാടെന്നും ഫലം ആത്മപരിശോധനയ്ക്കുള്ള അവസരമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മുന്‍സിപ്പല്‍, അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആത്മപരിശോധയ്ക്കുള്ള വേദിയാണ്. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ അതുതിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.
ജനം ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരന്
പാലക്കാട്: ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല.
ബിജെപിയുടെ സമുന്നതരായ നേതാക്കള്‍ വരെ പ്രചാരണത്തിനു വന്നിട്ടും പ്രയോജനമുണ്ടായില്ല. വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണംകൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റേത് മതേതര മണ്ണാണെന്ന് ബിജെപി തിരിച്ചറിയണം.
പിണറായി സര്‍ക്കാരിനെതിരേയുള്ള ജനവികാരം ഉപതെരഞ്ഞടുപ്പില്‍ ആളിക്കത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തിന് മികച്ച വിജയം നേടാനും സാധിച്ചെന്നും കെ. സുധാകരന് പറഞ്ഞു.
ടീം വർക്കിന്റെ വിജയം: വി.ഡി. സതീശൻ
കൊച്ചി: യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ടീം വര്‍ക്കാണ് വയനാട്ടിലും പാലക്കാട്ടും മികച്ച വിജയം നേടാനും ചേലക്കരയില്‍ നല്ല പ്രകടനത്തിനും സാധിച്ചതിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിജയം ആ ടീം വര്‍ക്കിന് സമര്‍പ്പിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം രാത്രിതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍കൈയെടുത്ത കെ.സി. വേണുഗോപാൽ ഉൾപ്പെടെ എഐസിസി നേതൃത്വവും കെപിസിസി, യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായാണു പ്രവർത്തിച്ചത്.
പാലക്കാട്ട് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിത്തന്നതില്‍ പാതിരാനാടകത്തിനും സ്പിരിറ്റ് നാടകത്തിനും പത്രത്തിലെ പരസ്യനാടകത്തിനും പങ്കുണ്ട്. ഈ നാടകങ്ങളുടെയെല്ലാം സ്ക്രിപ്റ്റ് മന്ത്രിയും അളിയനും ചേര്‍ന്ന് എഴുതിയതാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
പാലക്കാടിന്റെ വിജയമാണെന്ന് ഷാഫി പറന്പിൽ
പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വത്തിന്റെ വിജയമാണെന്നു ഷാഫി പറമ്പിൽ എംപി. ബിജെപിയെ പാലക്കാട്ടുനിന്നു മാറ്റാൻ ജനം തീരുമാനിച്ചു. പാലക്കാട് സിജെപി മുന്നണി (സിപിഎം- ബിജെപി) പരാജയപ്പെട്ടു.
വടകരയിലെ കാഫിർ വിവാദവും, പാലക്കാട്ടെ പത്രപ്പരസ്യവിവാദവും ഓർക്കണം. സിപിഎം വർഗീയത പറയുന്നതുനിർത്തണം. തെരഞ്ഞെടുപ്പ് എല്ലാം കഴിഞ്ഞുപോകും, നാടിനിയും മുന്നോട്ടുപോകണ്ടേ എന്നാണ് വടകരയിൽ നേരത്തേ സിപിഎം പറഞ്ഞത്.
ആ വാചകം സിപിഎമ്മിനോടു അങ്ങോട്ടുചോദിക്കുകയാണ്. നാടിനിയും മുന്നോട്ട് പോകണ്ടേയെന്നും ഷാഫി ചോദിച്ചു. ഈ തെരഞ്ഞെടുപ്പിനെയും ജാതിയെയും മതത്തിന്റെയും അക്കൗണ്ടിലേക്ക് കെട്ടരുതെന്നും ഷാഫി കൂട്ടിച്ചേർത്തു.
അപ്പസ്തോലിക യാത്രകളുടെ അമരക്കാരൻ
ബെന്നി ചിറയിൽ ചങ്ങനാശേരി: ഫ്രാൻസിസ് മാർപാപ്പയുടെ 16 രാജ്യങ്ങളിലെ 11 അപ്പസ്തോലിക യാത്രകൾ ക്രമീകരിക്കാനും ഒപ്പം സഞ്ചരിക്കാനുമുള്ള അപൂർവനിയോഗം നിയുക്ത കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന് ലഭിച്ചിട്ടുണ്ട്.
2006 മുതൽ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ സേവനമനുഷ്ഠിക്കുന്ന മാർ കൂവക്കാട്ട് നാലു വർഷമായി ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രകൾ ക്രമീകരിക്കുന്ന സമിതിയുടെ പ്രധാന ചുമതലക്കാരനാണ്. ഇത്തരം അപ്പസ്തോലിക യാത്രയിൽ പല രാജ്യങ്ങൾ ഉൾപ്പെടാറുണ്ട്.
സൈപ്രസ്, ഗ്രീസ്, മാൾട്ട, കാനഡ, കസാക്കിസ്ഥാൻ, ബഹറിൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ, ഹംഗറി, പോർച്ചുഗൽ, മംഗോളിയ, ഫ്രാൻസ്, ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കുള്ള മുന്നൊരുക്കങ്ങൾ നടത്താനും മാർപാപ്പയെ അനുഗമിക്കാനും മാർ ജോർജ് കൂവക്കാട്ടിന് അവസരമുണ്ടായി. ഇതിനോടകം അന്‍പതിനടുത്ത് അപ്പസ്തോലിക യാത്രകളാണ് ഫ്രാൻസിസ് മാർപാപ്പ നടത്തിയിട്ടുള്ളത്.
അപ്പസ്തോലിക യാത്രകളിൽ വിവിധ തലങ്ങളിലും പദവികളിലും പെട്ട നിരവധി പേരുടെ അധ്വാനത്തെയും ചുമതലകളെയും കോർത്തിണക്കുകയെന്ന ദൗത്യമാണു തനിക്കുള്ളതെന്ന് മാർ ജോർജ് കൂവക്കാട്ട് ദീപികയോട് പറഞ്ഞു. ലോകത്തിന്റെ പ്രാർഥനയും സഹായവും സഹകരണവും ദൈവാനുഗ്രഹവും ഈ തീർഥാടനങ്ങൾക്കെല്ലാം പിന്നിലുണ്ട്.
മാർപാപ്പയുടെ യാത്രകൾ ക്രമീകരിക്കുന്പോൾ ഏറെ പ്രതിസന്ധികൾ നേരിടേണ്ടിവരിക സ്വാഭാവികമാണ്. എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി പരിശുദ്ധ പിതാവ് ഓരോ രാജ്യത്തിന്റെയും മണ്ണിൽ കാലുകുത്തുന്ന നിമിഷത്തിൽ ആവേശത്തോടെയും അതിലേറെ ആദരവോടെയും ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനാവലി അദ്ദേഹത്തെ ഹൃദയപൂർവം സ്വീകരിക്കുന്നത് വൈകാരികമായ അനുഭവമാണ്.
കരങ്ങൾ നീട്ടിയെത്തുന്ന പാവങ്ങളെയും രോഗികളെയും അനാഥരെയുമൊക്കെ ഫ്രാൻസിസ് മാർപാപ്പ ആശീർവദിക്കുന്നതും അനുഗ്രഹിക്കുന്നതും ചുംബിക്കുന്നതും പിന്നീട് അവരുടെ നിയോഗങ്ങൾ അറിഞ്ഞ് പ്രാർഥിക്കുന്നതും മനസ് നിറയുന്ന നിമിഷങ്ങളാണ്. ജനസമുദ്രത്തിനു നടുവിൽ പേപ്പൽ പതാക വീശി ‘വീവാ ഇൽ പാപ്പാ’ (പാപ്പാ നീണാൾ വാഴട്ടെ) വിളികൾ കാതുകളെ പ്രകന്പനം കൊള്ളിക്കുന്ന നിമിഷങ്ങളിൽ പിതാവിന്റെ മുഖം സ്നേഹാർദ്രമാകും.
പ്രായാധിക്യത്തിന്റെയും ജോലിയുടെയും യാത്രയുടെയും ക്ഷീണം മറന്ന് അവരിലേക്കു സ്നേഹവും കരുതലും പകരുന്ന പിതാവിന്റെ ഇടയശൈലി അസാധാരണമാണെന്ന് മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു. തന്റെ യാത്രാസംഘത്തിലുള്ള എല്ലാവരെയും വലിപ്പച്ചെറുപ്പം കൂടാതെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന മാർപാപ്പയുടെ ഹൃദയവിശാലത എടുത്തുപറയേണ്ടതാണെന്നും നിയുക്ത കർദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു.
കിരീടത്തിൽ എളിമയുടെ മുദ്ര തികഞ്ഞ ലാളിത്യവും വിനയവും സ്നേഹവും നിറഞ്ഞ വ്യക്തിത്വം. സംസാരത്തിൽ മിതത്വവും പെരുമാറ്റത്തിൽ കുലീനതയും ഏവരെയും ഉൾക്കൊള്ളുന്ന വലിയ മനസ്- മാർ ജോർജ് കൂവക്കാട്ട് മെത്രാനും കർദിനാളുമായി ഉയർത്തപ്പെടുന്പോൾ ഏവരും പറയും ഇങ്ങനെയുള്ള വിശേഷണങ്ങൾ.
‘സ്നേഹത്തിന്റെ പരിമളം പരത്തുക’യെന്ന തിരുവചനം ശുശ്രൂഷയിൽ മുദ്രയാക്കിയാണ് 51 കാരനായ മാർ കൂവക്കാട്ട് മെത്രാനും കർദിനാളും എന്ന പദവികളിലേക്ക് ഉയർത്തപ്പെടുന്നത്. കർദിനാളാകുന്നതോടെ മാർപാപ്പയെ തെരഞ്ഞെടുക്കാൻ അധികാരമുള്ള കർദിനാൾ തിരുസംഘത്തിലെ അംഗമായും വത്തിക്കാനിൽ സുപ്രധാന ചുമതല വഹിക്കുന്ന വ്യക്തിയായും മാറും.
മാമ്മൂട് ലൂർദ് മാതാ ഇടവകയിൽ കൂവക്കാട്ട് ജേക്കബ് - ത്രേസ്യാമ്മ ദന്പതികളുടെ മകനായി 1973 ഓഗസ്റ്റ് 11ന് ജനനം. വടക്കേക്കര കല്ലുകളം വീട്ടിൽ വല്യമ്മ ശോശാമ്മയുടെ സ്നേഹലാളനയിലാണു വളർന്നത്. എസ്ബി കോളജിൽ ബിഎസ്സിക്കുശേഷം 1995ൽ കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ ചേർന്നു.
പഠനകാലത്ത് സിഎസ്എം സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിൽ വൈദികപഠനം പൂർത്തിയാക്കി. 2004 ജൂലൈ 24ന് മാർ ജോസഫ് പവ്വത്തിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിൽനിന്നു കാനൻ നിയമത്തിൽ ‘രൂപതവൈദികരുടെ ദാരിദ്ര്യത്തിൽ ജീവിക്കാനുള്ള ഉത്തരവാദിത്വം’എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്.
സഹപാഠികളുടെ സമ്മാനം ഒരു കാപ്പയും ഒന്നേകാൽ ലക്ഷം രൂപയും ചങ്ങനാശേരി: മാർ ജോർജ് ജേക്കബ് കൂവക്കാട്ട് സഭയുടെ ഉന്നതസ്ഥാനങ്ങളിലേക്ക് ഉയർത്തപ്പെടുന്പോൾ എസ്ബി കോളജ് കാന്പസിൽ ആഹ്ലാദാരവം
.മെത്രാഭിഷേകത്തിന് എത്തുന്ന മാർ കൂവക്കാട്ടിന് സഹപാഠികൾ തിരുവസ്ത്രമായ കാപ്പയും ജീവകാരുണ്യനിധിയായി ഒന്നേകാൽ ലക്ഷം രൂപയും സമ്മാനിക്കുമെന്ന് കോളജിലെ 1992- 95 ഡിഗ്രി രസതന്ത്ര ബാച്ച് പ്രതിനിധിയും രസതന്ത്ര ബാച്ചിലെ അധ്യാപകനുമായ ഡോ. ടോംലാൽ പറഞ്ഞു.
1992-95 കാലഘട്ടത്തിൽ കോളജിൽ രസതന്ത്ര ബിരുദ വിദ്യാർഥിയായിരുന്നു മാർ കൂവക്കാട്ട്. കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. റവ. ഡോ. ജോർജ് മഠത്തിപ്പറന്പിലായിരുന്നു അന്നത്തെ പ്രിൻസിപ്പൽ.
ആളില്ലാ തസ്തികകളിൽ അധിക ചുമതല
തിരുവനന്തപുരം: വകുപ്പു തലവന്മാരില്ലാത്തതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ അടിയന്തരമായി നിയമിക്കാൻ മന്ത്രിസഭ ചീഫ് സെക്രട്ടറിക്കു നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
അജിത് ഭഗവത് റാവുവിന് ധനകാര്യ- വിഭവ വിഭാഗം സെക്രട്ടറിയുടെ അധിക ചമുതല നല്കി. നിലവിൽ ചരക്കു സേവന നികുതി (ജിഎസ്ടി) കമ്മീഷണറാണ് അദ്ദേഹം. അവധി കഴിഞ്ഞ് എത്തുന്ന മിർ മുഹമ്മദ് അലിയെ വ്യവസായ ഡയറക്ടറായി നിയമിക്കും.
അദ്ദേഹം സംസ്ഥാനത്ത് എത്തുന്നതുവരെ വ്യവസായ വകുപ്പിലെ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടിയായ ആനി ജൂല തോമസിനാണ് വ്യവസായ ഡയറക്ടറുടെ അധിക ചുമതല. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കൂടി ചുമതല നൽകിയിരുന്നു.
സാമൂഹിക നീതി ഡയറക്ടർ ജി. പ്രിയങ്ക, കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ രാഹുൽ കൃഷ്ണ ശർമ എന്നിവരെ പതിനാറാം ധനകാര്യ കമ്മീഷൻ അധ്യക്ഷന്റെ സംസ്ഥാന സന്ദർശനവുമായ ബന്ധപ്പെട്ട് ലെയ്സണ്‍ ഓഫീസർമാരായി നിയമിച്ചു. ഡിസംബർ എട്ടു മുതൽ 10വരെ ധനകാര്യകമ്മീഷൻ അധ്യക്ഷൻ സംസ്ഥാനത്ത് എത്തുന്നത്.
മുനമ്പം: സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുനമ്പം വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെവച്ച സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഭൂമിയുമായി ബന്ധപ്പെട്ട ആളുകളുമായി സംസാരിക്കുന്നത് നല്ലതായിരുന്നു.
സാദിഖലി തങ്ങള്‍ ഫറൂഖ് കോളജ് ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും അവരുടെ പിന്തുണ ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിന്റെയും പ്രദീപിന്റെയും സത്യപ്രതിജ്ഞ ഒരാഴ്ചയ്ക്കകം
തിരുവനന്തപുരം: പാലക്കാട് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും ചേലക്കരയിലെ വിജയി യു.ആർ. പ്രദീപിന്റെയും നിയമസഭാംഗങ്ങളായുള്ള സത്യപ്രതിജ്ഞ ഒരാഴ്ചയ്ക്കകം നടക്കും.
വിജയിച്ചെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർട്ടിഫിക്കറ്റ് നിയമസഭാ സെക്രട്ടേറിയറ്റിനു ലഭിക്കുന്നതിനു പിന്നാലെ ഇരുവരുടെയും സൗകര്യപ്രദമായ തീയതി സ്പീക്കർ ആരായും.
രണ്ടുപേരും വ്യത്യസ്ത മുന്നണികളുടെ വിജയികളാണെങ്കിലും ഒരുമിച്ചാകും സത്യപ്രതിജ്ഞ. നിയമസഭയിലെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അംഗബലം ആദ്യത്തേതു പോലെ തുടരും. എൽഡിഎഫിന് 99, യുഡിഎഫിന് 41.
പിക്കപ് വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കൂടരഞ്ഞി (കോഴിക്കോട്): കൂമ്പാറയിൽ പിക്കപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
പശ്ചിമബംഗാൾ സ്വദേശി സുദീപ് (20) ആണു മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. കോൺക്രീറ്റ് പണിക്കാരുമായി കക്കാടംപൊയിൽ ഭാഗത്തുനിന്ന് കൂമ്പാറയിലേക്കു വരികയായിരുന്നു പിക്കപ് വാനാണ് ഇറക്കത്തില്‍വച്ച് അപകടത്തിൽപ്പെട്ടത്. പിക്കപ് പൂർണമായി തകർന്നു.
സമീപത്തെ വീടിന്റെ വിറകുപുരയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽപ്പെട്ടവരെ ആംബുലൻസില്‍ കൂടരഞ്ഞി സെന്റ് ജോസഫ് , മുക്കം കെഎംസിടി എന്നീ ആശുപത്രികളിലേക്കു മാറ്റി. പലര്‍ക്കും തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.
മദ്രസ വിദ്യാർഥികളെ ലോറി ഇടിച്ചുതെറിപ്പിച്ചു; പത്തു വയസുകാരന് ദാരുണാന്ത്യം
മയ്യിൽ: കുറ്റ്യാട്ടൂർ വേശാലയിൽ ചെങ്കൽ ലോറി സൈക്കിളിൽ ഇടിച്ച് മദ്രസ വിദ്യാർഥിക്കു ദാരുണാന്ത്യം. രണ്ടു പേർക്കു പരിക്ക്.
വേശാലയിലെ വണ്ണാൻ വളപ്പിൽ ഇസ്മായിൽ സഖാഫി (അബുദാബി)-ഷാക്കിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാദിയാണ് (10) മരിച്ചത്. കൂടാളി ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ രാവിലെ ഒന്‍പതരയോടെ വേശാല എൽപി സ്കൂളിനു സമീപമായിരുന്നു അപകടം.
അപകടത്തിൽ പരിക്കറ്റ വേശാലയിലെ റബീഹ് (13), ഹംസയുടെ മകൻ ഉമൈദ് (14) എന്നിവർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്രസ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ വിദ്യാർഥികൾ ഓടിച്ചിരുന്ന സൈക്കിളുകളിൽ ചെങ്കല്ല് കയറ്റിവന്ന ലോറിയിടിക്കുകയായിരുന്നു. രണ്ടു സൈക്കിളിലായാണു വിദ്യാർഥികൾ സഞ്ചരിച്ചിരുന്നത്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. വേശാല ഖാദിരിയ മദ്രസ വിദ്യാർഥികളാണ് മൂവരും. മരിച്ച മുഹമ്മദ് ഹാദിയുടെ സഹോദരങ്ങൾ: ത്വൈബ ഹനിയ, ഹിബതുള്ള, ഹവ്വ ഫാത്തിമ.
വയനാട് ദുരന്തം: യുവാക്കൾക്കായി പുനരധിവാസ പാക്കേജ് വേണമെന്ന് കെസിവൈഎം
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവിടത്തെ യുവാക്കൾക്കായി സമഗ്രമായ പുനരധിവാസ പാക്കേജ് അനുവദിക്കണമെന്ന് കെസിവൈഎം (ലാറ്റിൻ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റ് കാസി പൂപ്പന, ഡയറക്ടർ ഫാ. ജിജു ജോർജ് അറക്കത്തറ, ജനറൽ സെക്രട്ടറി സി.എൽ. അനുദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഇ-മെയിൽ അയച്ചു.
റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം
തിരുവനന്തപുരം: ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ 25 രാവിലെ 11 മുതൽ ഡിസംബർ 10 വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സ്വീകരിക്കും.
ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
പ്രമേഹത്തെ പ്രതിരോധിക്കാൻ സൈക്കിൾ യാത്ര
കാഞ്ഞിരപ്പള്ളി: പ്രമേഹമടക്കമുള്ള ജീവിതശൈലീ രോഗങ്ങളെ ശരിയായ വ്യായാമംകൊണ്ട് നിയന്ത്രണത്തിലാക്കാമെന്ന സന്ദേശവുമായി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യുവും സംഘവും നടത്തിയ സൈക്കിൾ യാത്ര ശ്രദ്ധേയമായി.
ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ നൂറിൽ താഴെയും രക്തത്തിലെ ശരാശരി ഷുഗറിന്റെ അളവ് ആറിൽ താഴെയും നിലനിർത്തി പ്രമേഹം നിയന്ത്രിക്കാൻ ആഹ്വാനം ചെയ്ത് ആറു മണിക്കൂർകൊണ്ട് നൂറു കിലോമീറ്റർ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്ര അഞ്ച് മണിക്കൂർ പത്തൊൻപത് മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി.
ജോലിത്തിരക്കുകൾക്കിടയിൽ വ്യായാമം ചെയ്യാൻ സമയം ലഭിക്കില്ല എന്ന് പരാതി പറയുന്നവർക്കു മുന്നിൽ തങ്ങളുടെ ഡ്യൂട്ടി സമയത്തിനുശേഷം നടത്തിയ യാത്രയിലൂടെ മറുപടി പറയുകയാണ് ഡോ. മനോജും സംഘവും. കാഞ്ഞിരപ്പള്ളി മേരിക്വീൻസ് അങ്കണത്തിൽനിന്നാരംഭിച്ച സൈക്കിൾ യാത്ര കാഞ്ഞിരപ്പളളി, പാലാ, ഏറ്റുമാനൂർ, നീണ്ടൂർ, കല്ലറ, തണ്ണീർമുക്കം, ചേർത്തല, അരൂർ വഴി എറണാകുളം ജില്ലയിലെ ഇടക്കൊച്ചിയിൽ അവസാനിച്ചു.
കാഞ്ഞിരപ്പള്ളിയിലെ സൈക്കിളിംഗ് ക്ലബായ "ടീം ബോയ്സിന്റെ' സഹകരണത്തോടെ നടത്തിയ സൈക്കിൾ യാത്രയിൽ മേഖലയിലെ പ്രമുഖ ഡോക്ടർമാരായ ഡോ. ജോബിൻ മടുക്കക്കുഴി, ഡോ. റോബിൻ മടുക്കക്കുഴി (ആയുർവേദം), ഡോ. ചാക്കോ (ഡെന്റൽ), സംരംഭകനായ പ്രവീൺ കൊട്ടാരം എന്നിവർ പങ്കാളികളായി.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ മേരിക്വീൻസ് ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ യാത്ര ഫ്ളാഗ്ഓഫ് ചെയ്തു. ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ, ഫിസിഷൻ ഡോ. ബോബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ക്ഷീരദിനം: മില്‍മ ഡയറികള്‍ സന്ദര്‍ശിക്കാം
കൊച്ചി: ക്ഷീരദിനാചരണത്തിന്റെ ഭാഗമായി ക്ഷീരമേഖലയെയും മില്‍മയുടെ പാല് ഉത്പാദന-സംസ്കരണ വിതരണ ശൃംഖലയെയും കുറിച്ച് അടുത്തറിയാനും മിൽമ ഡയറികൾ സന്ദർശിക്കാൻ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം.
എറണാകുളം മേഖലാ യൂണിയന്റെ തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ മില്‍ക്ക് പ്രോസസിംഗ് ഡയറികള്‍ 25-27 ദിവസങ്ങളില്‍ തുറന്നുകൊടുക്കുമെന്ന് മേഖലാ യൂണിയന് ചെയര്മാന് എം.ടി. ജയന് അറിയിച്ചു. എല്ലാ യൂണിറ്റുകളിലും മില്‍മ ഉത്പന്നങ്ങളുടെ പ്രദര്‍ശനമേളയും ഉണ്ടാകും.
ഡയറി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നന്പറുകൾ - തൃശൂര്‍ ഡയറി: 944754 3276, എറണാകുളം: 9447078010, കോട്ടയം: 9495445911, കട്ടപ്പന: 9447396859. ‘ഇന്ത്യയുടെ പാല്ക്കാരൻ’ എന്നറിയപ്പെടുന്ന മലയാളിയായ വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 നാണു ക്ഷീരദിനാചരണം.
ബാഫ്റ്റ ബ്രേക്ക്ത്രൂ 2024: 9 പ്രതിഭകൾ ഇന്ത്യക്കാർ
കൊച്ചി: ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ (ബാഫ്റ്റ) സിനിമ, ടെലിവിഷൻ, ഗെയിം മേഖലകളിൽനിന്നുള്ള പ്രതിഭകളെ പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സ് പിന്തുണയുള്ള ബാഫ്റ്റ ബ്രേക്ക്ത്രൂ 2024ൽ ഇന്ത്യക്കുപുറമേ, യുകെ, യുഎസ്എ എന്നിവിടങ്ങളിൽനിന്നുള്ള 43 പ്രതിഭകളാണുള്ളത്.
അഭിനവ് ഛൊക്കവാടിയ, ക്രിസ്റ്റോ ടോമി, ദീപാ ഭാട്ടിയ, ധിമൻ കർമകർ, ജയ്ദീപ് സർക്കാർ, മോനിഷാ ത്യാഗരാജൻ, നീരജ് കുമാർ, സിന്ധു ശ്രീനിവാസ മൂർത്തി, വരുൺ ഗ്രോവർ എന്നിവരാണ് ഇന്ത്യയിൽനിന്നുള്ള പ്രതിഭകൾ.
മുനന്പം ഭൂ പ്രശ്നം: ജുഡീഷൽ കമ്മീഷൻ പരിശോധിക്കും
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി ജുഡീഷൽ കമ്മീഷനെ നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷനാകും മുനന്പം ഭൂമി പ്രശ്നം നിയമപരമായി ശാശ്വതമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക.
എൻക്വയറി കമ്മീഷൻ ആക്ട് അനുസരിച്ചാണ് ജുഡീഷൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചതെന്നും മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിക്കുമെന്നും മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, വി. അബ്ദുറഹ്മാൻ എന്നിവർ അറിയിച്ചു.
ഇപ്പോൾ മുനന്പത്തു താമസിക്കുന്നവർക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിനാണ് കമ്മീഷനെ നിയമിച്ചത്. കൈവശക്കാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് കമ്മീഷൻ ഇവിടെയുള്ള അർഹരെ കണ്ടെത്തും. ഇവരെ കുടിയൊഴിപ്പിക്കില്ല. ഇവിടെ താമസിക്കുന്ന കൈവശാവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു സമരസമിതി പ്രവർത്തകരുമായും നേതാക്കളുമായും ചർച്ച നടത്തും. ഓണ്‍ലൈനായിട്ടാകും മുഖ്യമന്ത്രി ഇവരുമായി ചർച്ച നടത്തുക. സർവകക്ഷിയോഗം വിളിച്ചു പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആവശ്യം യോഗം അംഗീകരിച്ചില്ല.
ഇനി ഇത്തരത്തിലുള്ള ഒഴിപ്പിക്കൽ നോട്ടീസുകൾ നൽകരുതെന്നു വഖഫ് ബോർഡിനോടു യോഗം അഭ്യർഥിച്ചു. ജുഡീഷൽ കമ്മീഷൻ തീരുമാനം വരുന്നതു വരെ ഇനി നോട്ടീസ് നൽകില്ലെന്നു വഖഫ് ബോർഡ് യോഗത്തിൽ ഉറപ്പു നൽകി.
മുനന്പം ഭൂമി സംബന്ധിച്ചു ഹൈക്കോടതിയിൽ ഒന്‍പതു കേസും വഖഫ് ട്രൈബ്യൂണലിൽ രണ്ടു കേസുകളും നിലവിലുള്ള സാഹചര്യത്തിലാണ് നിയമപരമായ ശാശ്വത പരിഹാരം കണ്ടെത്താൻ കമ്മീഷനെ നിയോഗിച്ചതെന്നാണു മന്ത്രിമാർ പറയുന്നത്. നിയമപരമായ എല്ലാ വശവും കമ്മീഷൻ പരിശോധിക്കും. വിലകൊടുത്ത് വാങ്ങിയവർക്ക് അടക്കം നിയമപരമായ എല്ലാ പരിരക്ഷയും ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.
ചർച്ചയിൽ മുഖ്യമന്ത്രി, മന്ത്രിമാരായ പി. രാജീവ്. കെ. രാജൻ, വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരെ കൂടാതെ നിയമ, റവന്യു, വഖഫ് വകുപ്പ് സെക്രട്ടറിമാർ, അഡ്വക്കറ്റ് ജനറൽ, വഖഫ് ബോർഡ് ചെയർമാൻ തുടങ്ങിയവരും പങ്കെടുത്തു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ട്രൈബ്യൂണലിൽ ഫറൂഖ് കോളജ്
കോഴിക്കോട്: മുഹമ്മദ് സിദ്ദിഖ് സേട്ട് രജിസ്റ്റര്‍ ചെയ്തു നല്കിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും പൂര്‍ണ ക്രയവിക്രയ അധികാരത്തോടെയുള്ള ഭൂമിയാണെന്നും ഫറൂഖ് കോളജ്.
കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വഖഫ് ബോര്‍ഡിനെതിരേയുള്ള രണ്ട് അപ്പീലുകളിലാണ് ഫറൂഖ് കോളജ് നിലപാട് വ്യക്തമാക്കിയത്. ഇന്നലെ കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ ചെയര്മാന് രാജന് തട്ടില്‍ ഡിസംബര്‍ ആറിലേക്കു മാറ്റി.
സിദ്ദിഖ് സേട്ടിന്റെ മക്കളുടെ അഭിഭാഷകരും ഫറൂഖ് കോളജിന്റെ അഭിഭാഷകരും ട്രൈബ്യൂണലില്‍ ഹാജരായിരുന്നു. ട്രൈബ്യൂണല്‍ അംഗങ്ങളായ എം. മുഹമ്മദ് ഷുഹൈബ്, എം. ഹാഷില് എന്നിവരും സംബന്ധിച്ചിരുന്നു. ഫറൂഖ് കോളജിനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ കെ.പി. മായന്‍, വി.പി. നാരായണന് എന്നിവരാണു ഹാജരായത്.
സര്‍ക്കാര്‍ നിലപാട് സ്വീകാര്യമല്ല, സമരം തുടരും: ഭൂസംരക്ഷണ സമിതി
മുനമ്പം: മുനമ്പത്തെ ഭൂമിപ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകാര്യമല്ലെന്നും സമരം ശക്തമായി തുടരുമെന്നും ഭൂസംരക്ഷണ സമിതി. ജുഡീഷല്‍ കമ്മീഷനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രശ്നം പരിഹരിക്കുന്നതിന് സഹായകമാകില്ല. ഇതിനായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി ഒരു യോഗം വിളിക്കേണ്ടതില്ലായിരുന്നു.
നേരത്തെ സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മീഷനാണ് മുനമ്പത്ത് കാര്യങ്ങള്‍ വഷളാക്കിയത്. ആ കമ്മീഷനെത്തുടര്ന്നാണ് മുനമ്പത്ത് ജനങ്ങളുടെ ഭൂമിക്ക് റവന്യു അവകാശങ്ങള്‍ ഇല്ലാതായത്. കമ്മീഷന്റെ കണ്ടെത്തലുകള്‍ പുറത്തറിയാന്‍ 14 വര്‍ഷം വേണ്ടിവന്നു. ഇപ്പോള്‍ നിയമിക്കുന്ന കമ്മീഷന്റെ കാര്യത്തിലും അതുതന്നെയായിരിക്കും അവസ്ഥ എന്ന ആശങ്ക മുനമ്പത്ത് ജനങ്ങള്‍ക്കുണ്ട്.
ഭാവിപരിപാടികള്‍ തീരുമാനിക്കുന്നതിന് ഇന്നു വൈകുന്നേരം മുനമ്പത്ത് യോഗം ചേരുമെന്നും സമിതി കണ്‍വീനര്‍ ജോസഫ് ബെന്നി പറഞ്ഞു.
പ്രതിഷേധമിരമമ്പി
മുനമ്പം: സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ മുനമ്പത്ത് പ്രതിഷേധമിരമ്പി. തിരുവനന്തപുരത്തെ യോഗ തീരുമാനം പുറത്തുവന്നയുടന്‍ സമരസമിതി പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ ഒരുമിച്ചുകൂടി പന്തംകൊളുത്തി പ്രകടനം നടത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് പ്രതിഷേധത്തില്‍ പങ്കെടുത്തു.
മുനന്പം : കരം അടയ്ക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമി തർക്കത്തിൽപ്പെട്ടു സ്റ്റേ നിലവിലുള്ളവർക്ക് കരം അടയ്ക്കുന്നതിനായി ഹൈക്കോടതിയിൽ സർക്കാർ റിവ്യൂ ഹർജി നൽകും.
കരം അടയ്ക്കുന്നതിനുള്ള സ്റ്റേ വെക്കേറ്റ് ചെയ്യാൻ നടപടി സ്വീകരിക്കും. 2022 ഒക്ടോബർ ഏഴിനാണ് ഭൂ നികുതി അടയ്ക്കാനുള്ള തഹസിൽദാറുടെ ഉത്തരവിനെതിരേ കോടതി നടപടി സ്വീകരിച്ചതെന്നു മന്ത്രി കെ. രാജൻ പറഞ്ഞു.
സർക്കാർ തീരുമാനത്തോടു വിയോജിപ്പെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുനന്പം ഭൂമി പ്രശ്നത്തിൽ ജുഡീഷൽ കമ്മീഷനെ വയ്ക്കാനുള്ള സർക്കാർ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാ ണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പത്തു മിനിറ്റുകൊണ്ടു സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനഃപൂർവം വൈകിക്കുകയാണ്. ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്കു സർക്കാർ തന്നെ അവസരം ഒരുക്കിക്കൊടുക്കുകയാണ്.
സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡീഷൽ കമ്മീഷൻ എന്ന തീരുമാനം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാരിനു ദുരുദ്ദേശ്യങ്ങൾ ഉണ്ടെന്നു വ്യക്തമായെന്നും സതീശൻ പറഞ്ഞു.
ഇന്നു ഫലമറിയാം; മുന്നണികൾ ഉദ്വേഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു മുന്നണികൾക്കും നിർണായകമായ ഉപതെരഞ്ഞെടുപ്പുഫലം ഇന്നറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യുഡിഎഫിന് വയനാട് സീറ്റിൽ ആശങ്കയില്ല.
മറ്റു മുന്നണികൾക്ക് അവിടെ പ്രതീക്ഷയുമില്ല. അതുകൊണ്ടു തന്നെ ചേലക്കരയും പാലക്കാടുമാണു മൂന്നു മുന്നണികളും പ്രതീക്ഷയോടെ നോക്കുന്നത്. പാലക്കാട് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇതു നിലനിർത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താൽ സർക്കാർ വിരുദ്ധ മനോഭാവം ഇപ്പോഴും നിലനിൽക്കുന്നു എന്നു യുഡിഎഫിനു വാദിക്കാം.
വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളെ യുഡിഎഫിന് ആത്മവിശ്വാസത്തോടെ നേരിടാം. പാലക്കാട് നിലനിർത്തുകയും ചേലക്കര നഷ്ടപ്പെടുകയും ചെയ്താലും പറഞ്ഞുനിൽക്കാം. അങ്ങനെ സംഭവിച്ചാൽ എൽഡിഎഫിനും ആശ്വാസമാകും. പാലക്കാട്ട് എൽഡിഎഫിന് അമിതപ്രതീക്ഷയില്ല.
ബിജെപിയെ സംബന്ധിച്ച് ചേലക്കരയിൽ പ്രതീക്ഷയില്ല. എന്നാൽ പാലക്കാട് വിജയം പ്രതീക്ഷിക്കുന്നു. അവിടെ വിജയിച്ചാൽ തൃശൂർ ലോക്സഭാ സീറ്റിലെ വിജയത്തിന്റെ തുടർച്ചയാകും അത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റം നടത്താൻ ഈ വിജയം ബിജെപിക്കു കരുത്തു പകരും. ചേലക്കര നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ സിപിഎമ്മിൽ അതു പ്രതിസന്ധി സൃഷ്ടിക്കും. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വവും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും.
തെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ച് സന്ദീപ് വാര്യരുടെയും സരിന്റെയും പാർട്ടിമാറ്റങ്ങൾ സിപിഎമ്മിലും കോണ്‍ഗ്രസിലും ബിജെപിയിലും ആഭ്യന്തര തർക്കങ്ങൾക്കു വഴിതെളിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
തെരഞ്ഞെടുപ്പു ഫലങ്ങൾ സർക്കാരിന്റെ നിലനിൽപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെങ്കിലും മൂന്നു മുന്നണികളുടെയും നേതൃത്വങ്ങൾക്ക് നെഞ്ചിടിപ്പിനു വകയുണ്ട്.
ഭരണഘടനാവിരുദ്ധ പ്രസംഗം; സജി ചെറിയാൻ രാജിവയ്ക്കേണ്ടെന്നു സിപിഎം
തിരുവനന്തപുരം: വിവാദപ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കേണ്ടെന്ന് സിപിഎം.
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്.
പോലീസിന്റെ തുടരന്വേഷണം നടക്കട്ടെ എന്ന നിലപാടാണു സെക്രട്ടേറിയറ്റ് കൈക്കൊണ്ടത്.തുടർനടപടികൾക്കു നിയമോപദേശം തേടാനും തീരുമാനിച്ചു.
ധാർമികതയുടെ പേരിൽ ഒരിക്കൽ രാജിവച്ചതാണ്. കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ തിരിച്ചു വന്നു. ഇനി ധാർമികതയുടെ പേരിൽ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണ് സെക്രട്ടേറിയറ്റിൽ ഉരുത്തിരിഞ്ഞു വന്ന നിലപാട്.
സജി ചെറിയാന്റെ ഭാഗം കേൾക്കാതെ പുറപ്പെടുവിച്ച വിധിന്യായത്തിന്മേൽ തുടർനടപടികൾക്ക് അദ്ദേഹത്തിന് അവകാശമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു.
മന്ത്രിയാണെന്നു ചൂണ്ടിക്കാണിച്ചു തന്നെയാണ് സംസ്ഥാനത്തെ ഏജൻസി അന്വേഷിച്ചാൽ മതിയെന്നു കോടതി വിധിച്ചത്. മന്ത്രിസ്ഥാനത്തു തുടരുന്നതിൽ അപാകതയില്ലെന്ന പരോക്ഷമായ സൂചനയാണിതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം രാജി ആവശ്യപ്പെടുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, രാജി ആവശ്യപ്പെടുക എന്നത് അവരുടെ പണിയാണല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
രാജിവയ്ക്കില്ലെന്നു കോടതിവിധിയോടു പ്രതികരിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. ഇന്നലെ പാർട്ടിയും ഇതേ നിലപാടു തന്നെ സ്വീകരിച്ചതോടെ തത്കാലം മന്ത്രിയുടെ രാജി ഉണ്ടാകില്ലെന്നു വ്യക്തമായി.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; നടപടികള്‍ പുരോഗമിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയിൽ
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രസഹായം അനുവദിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പുനരുദ്ധാരണത്തിനും പുനരധിവാസത്തിനുമടക്കം 2,219 കോടി രൂപ കണക്കാക്കിയാണു സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
അടിയന്തര സഹായമായി ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 153.467 കോടി രൂപ നല്കാന് കഴിഞ്ഞ 16ന് ചേര്‍ന്ന ഉന്നതതല സമിതി യോഗം അനുമതി നല്‍കിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ ആഷിഷ് വി. ഗവായ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ലഭ്യമാക്കാനാവശ്യമായ പദ്ധതിക്ക് രൂപം നല്‍കണമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ 13ന് മാത്രമാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കൈമാറിയത്.
2219.033 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തനിവാരണ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനസര് ക്കാര് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കും.
ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര സഹായം ലഭ്യമാക്കാന്‍ ഓഗസ്റ്റ് രണ്ടിന് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയ പ്രതിനിധികളടങ്ങുന്ന സംഘം രൂപീകരിക്കുകയും എട്ടു മുതല്‍ പത്തു വരെ ദുരന്തമേഖല സന്ദര്‍ശിച്ച് സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു നഷ്ടം വിലയിരുത്തുകയും ചെയ്തു.
അതേസമയം, അടിയന്തരസ്വഭാവത്തില്‍ താത്കാലിക പുനരധിവാസ പ്രവര്‍ത്തനത്തിന് 214.68 കോടിയുടെ അധികസഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയത് ഓഗസ്റ്റ് 19നാണ്.
ഒക്ടോബര്‍ ഒന്നിന് ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സബ് കമ്മിറ്റി (എസ്സി-എന്‍ഇസി) മുമ്പാകെ കേന്ദ്രസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എസ്സി-എന്‍ഇസി ശിപാര്‍ശ ഉന്നതതലസമിതി മുമ്പാകെയും പരിഗണനയ്ക്കു വച്ചു. തുടര്‍ന്നാണ് ദുരന്തനിവാരണ ഫണ്ടില്‍നിന്നു 153.467 കോടി അനുവദിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
മുനമ്പത്തെ ഭൂമി ദാനമായി കിട്ടിയത്; വിറ്റത് വിലയ്ക്ക്: വഖഫ് ട്രൈബ്യൂണലിൽ ഫറൂഖ് കോളജ്
എം. ജയതിലകന്‍
കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും പൂര്‍ണ ക്രയവിക്രയ അധികാരത്തേടെയുള്ള ഭൂമിയാണെന്നും വഖഫ് ട്രൈബ്യൂണലിൽ വ്യക്തമാക്കി ഫറൂഖ് കോളജ്. ഫറൂഖ് കോളജിന്റെ രണ്ട് അപ്പീലുകളാണു ട്രൈബ്യൂണലിനു മുമ്പാകെയുള്ളത്.
മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്നും വഖഫില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കണമെന്നും കാണിച്ച് സംസ്ഥാന വഖഫ് ബോര്‍ഡ് 2019 മേയ് 19ന് പുറപ്പെടുവിച്ച ഉത്തരവിനെതിരേയുള്ളതാണ് ഒരു അപ്പീല്‍ (ഒഎ 7/2023).
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുനമ്പത്തെ ഭൂമി 2022-ല്‍ വഖഫ് രജിസ്റ്ററില്‍ പെടുത്തിയതിനെ ചോദ്യം ചെയ്തുള്ളതാണ് രണ്ടാമത്തെ അപ്പീല്‍ (ഒഎ 38/23). 2115/ 1950 നമ്പര്‍ ആധാരപ്രകാരമാണ് മുഹമ്മദ് സിദ്ദിഖ് സേട്ട് 1950ല്‍ ഫറൂഖ് കോളജിനു 404.76 ഭൂമി നല്‍കിയത്.
വഖഫ് ആധാരം എന്ന് തലക്കെട്ടില്‍ പറയുന്നുണ്ടെങ്കിലും പൂര്‍ണ ക്രയവിക്രയ അധികാരമുണ്ടെന്ന് ഇതില്‍ പിന്നീട് വ്യക്തമാക്കുന്നതായി ഫറൂഖ് കോളജ് ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും കാരണവശാല്‍ ഫറൂഖ് കോളജ് ഇല്ലാതെ വരികയോ വസ്തുവില്‍ എന്തെങ്കിലും അവശേഷിക്കുകയോ ചെയ്താല്‍ തനിക്കോ സന്താനങ്ങള്‍ക്കോ തിരിച്ചുകിട്ടണമെന്ന് ആധാരത്തില്‍ മുഹമ്മദ് സിദ്ദിഖ് സേട്ട് പറഞ്ഞിട്ടുണ്ട്.
ഒരു വസ്തു വഖഫ് ചെയ്താല്‍ ദൈവത്തിനു സമര്‍പ്പിച്ചതാണെന്നും അതു തിരിച്ചുപിടിക്കാന്‍ പാടില്ലെന്നുമാണു വ്യവസ്ഥ. ക്രയവിക്രയ അധികാരം നല്‍കുകയും സ്വത്തു തിരിച്ചുകിട്ടണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്തതിനാല്‍ മുനമ്പത്തെ ഭൂമി ദാനമായി മാത്രമേ കണക്കാക്കാന്‍ പറ്റുകയുള്ളൂ എന്ന നിലപാടാണ് ട്രൈബ്യൂണല്‍ മുമ്പാകെ ഫാറൂഖ് കോളജ് സ്വീകരിച്ചിട്ടുള്ളത്.
ആധാരത്തില്‍ പറഞ്ഞ പ്രകാരം മുനമ്പത്തെ ഭൂമി വില്പന നടത്തിയിട്ടുണ്ട്. മറ്റാളുകള്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ട്. പ്രതിഫലം വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കേ നിയോഗിച്ച എം.എ. നിസാര്‍ കമ്മീഷനുമുമ്പാകെയും ഫറൂഖ് കോളജ് പറഞ്ഞിരുന്നു. എന്നാല്‍, അതൊന്നും പരിഗണിക്കാതെ നിസാര്‍ കമ്മീഷന് മുനമ്പം ഭൂമി വഖഫില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണു ഫറൂഖ് കോളജ് പറയുന്നത്.
ഫറൂഖ് കോളജ് മുനമ്പത്തെ ഭൂമി അന്യാധീനപ്പെടുത്തിയതായി മുഹമ്മദ് സിദ്ദിഖ് സേട്ടിന്റെ മക്കള്‍ നിസാര്‍ കമ്മീഷന് മുമ്പാകെ ഹര്‍ജി നല്‍കിയിരുന്നു. 2008ല്‍ കമ്മീഷന് കോളജിനു നോട്ടീസ് അയയ്ക്കുകയും ചെയ്തു. വഖഫ് തീരുമാനിക്കാന്‍ നിസാര്‍ കമ്മീഷനു അധികാരമില്ലെന്നു കമ്മീഷന് മുമ്പാകെ ഹാജരായ ഫറൂഖ് കോളജ് വാദിച്ചിരുന്നു.
കമ്മീഷന്റെ അധികാരം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കുകയും ചെയ്തു. നിസാര്‍ കമ്മീഷനോട് വഖഫ് വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് അധികാരം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഇക്കാര്യം പരിശോധിക്കാതെ കമ്മീഷന് ഏകപക്ഷീയമായി മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നു കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി ഫറൂഖ് കോളജ് ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ബോര്‍ഡ് നടപടി ആരംഭിച്ചത്.
വഖഫ് ബോര്‍ഡ് ഈ വിഷയം പരിഗണിച്ചപ്പോള്‍ മുനമ്പം ഭൂമി വഖഫ് അല്ല എന്ന നിലപാടാണ് ഫറൂഖ് കോളജ് സ്വീകരിച്ചത്. പറവൂര്‍ കോടതിയിലെ കേസിന്റെ രേഖകള്‍ അടക്കം എല്ലാം ബോര്‍ഡ് മുമ്പാകെ ഹാരാക്കിയിരുന്നു.
അതിനുശേഷമാണ് മുനമ്പം ഭൂമി വഖഫാണെന്നു കാണിച്ച് ബോര്‍ഡ് ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് ഫറൂഖ് കോളജ് ചോദ്യംചെയ്തിട്ടുള്ളത്. ക്രയവിക്രയ സ്വാതന്ത്ര്യം ആധാരത്തില്‍ നല്കിയ സാഹചര്യത്തില്‍ മുനമ്പത്തേത് വഖഫ് അല്ലെന്നും ദാനംതന്നെയാണെന്നുമുള്ള നിലപാടില്‍ ഫറൂഖ് കോളജ് ഉറച്ചുനില്‍ക്കുകയാണ്.
“സ്വന്തം നാട്ടിൽ നടക്കുന്നത് എന്താണെന്ന് ദൈവത്തിനുപോലും അറിയില്ല”;വയനാട് ഹര്‍ത്താലിനെതിരേ ഹൈക്കോടതി
കൊച്ചി: വയനാടിന് കേന്ദ്രസഹായം അനുവദിക്കാത്തതിനെതിരേ ഹര്‍ത്താല്‍ നടത്തിയതിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഹര്‍ത്താല്‍ നടത്തിയത് ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമായെന്നും ഇതുകൊണ്ടുണ്ടായ ഗുണമെന്തെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചോദിച്ചു.
വയനാടിന് കേന്ദ്രസഹായം നിഷേധിച്ചതിനോടുള്ള പ്രതിഷേധമായിരുന്നു ഹര്‍ത്താലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചപ്പോള്‍ എങ്ങനെയാണ് ഈ പേരു പറഞ്ഞ് ഹര്‍ത്താലിനെ ന്യായീകരിക്കാനാകുകയെന്നായിരുന്നു കോടതിയുടെ ചോദ്യം. ടൂറിസത്തിന്റെ പേരില്‍ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ നടക്കുന്നത് എന്താണന്ന് ദൈവത്തിനുപോലും അറിയില്ല.
ഹര്‍ത്താലിന് 15 ദിവസംമുമ്പ് നോട്ടീസ് നല്‍കണമെന്നും അടിയന്തര ഹര്‍ത്താല്‍ നടത്തരുതെന്നും കോടതി ഉത്തരവുള്ളതാണ്. ഇതൊന്നും പാലിക്കാതെ ഭരണകക്ഷിയും പ്രതിപക്ഷവും ഹര്‍ത്താല്‍ നടത്തി. അടിയന്തര ഹര്‍ത്താല്‍ നടത്തില്ലെന്ന് യുഡിഎഫ് മുമ്പ് പറഞ്ഞിരുന്നു. ഭരണപക്ഷമായിട്ടും എല്‍ഡിഎഫും കൂടി ഹര്‍ത്താലിന്. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയാന്‍ നോക്കിനിന്നു ഹര്‍ത്താല്‍ നടത്താന്‍.
മഹാത്മാഗാന്ധി സമരം നടത്തിയതു വിദേശ ശക്തികള്ക്കെതിരേയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഹര്‍ത്താലിനെ ന്യായീകരിക്കാനാകില്ല.ഹര്‍ത്താല്‍ ജനവിരുദ്ധവും അസഹ്യവുമാണ്. ഇതു ജനങ്ങളോടുളള ദ്രോഹമാണ് -കോടതി ചൂണ്ടിക്കാട്ടി.ഭരണപക്ഷവും ഇതിനൊപ്പം നിന്നുവെന്നതാണു ഖേദകരം. ഭയന്നാണ് ജനങ്ങളുടെ ജീവിതം.
അവര്‍ക്കെങ്ങനെയാണ് ജോലിക്കു പോകാനാകുക. കോടതിക്ക് ഒരു ചുവട് മുന്നോട്ടുവച്ചശേഷം രണ്ടു ചുവട് പിന്നോട്ടുപോകാനാകില്ല. പ്രകൃതിദുരന്തമാണോ ഹര്‍ത്താലാണോ വലിയ ദുരന്തം എന്നാണ് ആലോചിക്കേണ്ടത്. ഇത് അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണു വയനാട് ജില്ലയില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ ഹര്‍ത്താലിനെതിരേ കോടതി കടുത്ത വിമര്‍ശനമുന്നയിച്ചത്.
പിന്തുണയില്ല...; നടന്മാര്‍ക്കെതിരേയുള്ള പരാതികളിൽനിന്ന് പിന്മാറുന്നുവെന്ന് യുവതി
കൊച്ചി: സര്‍ക്കാരില്‍നിന്ന് പിന്തുണ കിട്ടിയില്ലെന്നാരോപിച്ച് നടന്മാര്ക്കെതിരേ ഉന്നയിച്ച പീഡനപരാതികളില്നിന്നു പിന്മാറുന്നുവെന്ന് പരാതിക്കാരിയായ നടി.
നടന്മാരായ എം. മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന് തുടങ്ങി ചലച്ചിത്രമേഖലയിലെ ഏഴു പേര്‍ക്കെതിരേ നല്കിയ പരാതി പിന്‍വലിക്കുന്നതായാണ് ആലുവ സ്വദേശിനിയായ നടി വ്യക്തമാക്കിയത്.
കേസില്‍ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് നടിയുടെ പിന്മാറ്റം. നടന്മാര്ക്കു പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു, കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ. ചന്ദ്രശേഖരന് എന്നിവര്ക്കുമെതിരേയായിരുന്നു കേസ്.
കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇ- മെയില്‍ അയയ്ക്കുമെന്ന് നടി പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണു പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു.
അതേസമയം, പരാതിക്കാരി കേസ് പിന്വലിക്കുന്നുവെന്നതു സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് ഒന്നും തന്നിട്ടില്ലെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള എഐജി ജി. പൂങ്കുഴലി പറഞ്ഞു.
കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും കോടതിയായിരിക്കും തുടര്‍ന്നുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്നും എഐജി വ്യക്തമാക്കി.
മുനമ്പത്തുനിന്നു പോയ ബോട്ട് മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ചു
വൈപ്പിൻ(കൊച്ചി): മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് ഗോവയിൽ നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങി.
ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളിൽ 11 പേരെയും നേവിയും കോസ്റ്റ്ഗാർഡും ചേർന്നു രക്ഷപ്പെടുത്തിയതായാണ് ഗോവയിൽനിന്നു ലഭിച്ച വിവരം. സ്രാങ്ക് തമിഴ്നാട് സ്വദേശി ജെ. ജെനിഷ് മോൻ (30) ഉൾപ്പെടെ രണ്ടുപേരെ കാണാതായിട്ടുണ്ട്.
തൊഴിലാളികളെല്ലാവരും തമിഴ്നാട്ടുകാരും വടക്കേ ഇന്ത്യക്കാരുമാണെന്നാണു വിവരം. 15ന് മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ പള്ളിപ്പുറം കാവാലം കുഴി ലിജു മൈക്കിളിന്റെ ഉടമസ്ഥ ‘മാർത്തോമ്മ’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ഇന്ത്യന്‍ നാവിക സേനയുടെ സ്കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുമായാണ് കൂട്ടിയിടിച്ചത്. കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. മുംബൈ മാരിടൈം റസ്ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തിലാണു തെരച്ചിൽ.
മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നാളെ
ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
വത്തിക്കാന്‍ സെക്രട്ടേറിയറ്റ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ.എഡ്ഗാര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുഗ്രഹ സന്ദേശം നല്‍കും.
തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.5.15ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. അപ്പസ്തോലിക് നുൺഷ്യോ ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹൃദയാശ്രമം പ്രിയോര്‍ റവ. ഡോ.തോമസ് കല്ലുകളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം ; മൂന്ന് സഹപാഠികൾ റിമാൻഡിൽ
പത്തനംതിട്ട: ചുട്ടിപ്പാറ സി പാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളജിലെ നാലാം വർഷ ബിഎസ് സി നഴ്സിംഗ് വിദ്യാർഥിനി തിരുവനന്തപുരം സ്വദേശിനി അമ്മു എ. സജീവിന്റെ (22 ) മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപാഠികളായ മൂന്ന് പെൺകുട്ടികളെ റിമാൻഡ് ചെയ്തു.
ആത്മഹത്യാ പ്രേരണാക്കുറ്റമാണ് മൂവർക്കുമെതിരേ ചുമത്തിയിരിക്കുന്നത്.പത്തനാപുരം സ്വദേശിനി അലീന ദിലീപ് , വാഴപ്പള്ളി സ്വദേശിനി എ. ടി. ആഷിത, അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച മൂവരെയും അവരവരുടെ വീടുകളിൽ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. പെൺകുട്ടികളെ ഡിസംബർ അഞ്ചു വരെ കൊട്ടാരക്കര സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്.
അമ്മു എ. സജീവ് ജീവനൊടുക്കാൻ കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി റിമാൻഡിലായ മൂവർക്കുവേണ്ടി ഇന്ന് കസ്റ്റഡി അപേക്ഷ നൽകുമെന്നും പോലീസ് പറഞ്ഞു.
പത്തനംതിട്ട നഗരത്തിലെ താഴെവെട്ടിപ്രത്തെ സ്വകാര്യ ഹോസ്റ്റലിന്റെ മുകളിൽ നിന്നും വീണ് കഴിഞ്ഞ 15നു വൈകുന്നേരമാണ് അമ്മുവിനെ ഗുരുതര നിലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
സഹപാഠികളിൽനിന്നു നിരന്തരമായ മാനസിക പീഡനം അമ്മുവിനുണ്ടായിരുന്നതായി മാതാപിതാക്കളും സഹോദരനും പോലീസിൽ മൊഴി നൽകി. പോലീസ് അന്വേഷണത്തിൽ ഇതേത്തുടർന്ന് അമ്മു കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
ഇതേത്തുടർന്നാണ് സഹപാഠികളായ മൂവരെയും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ പറഞ്ഞു.
കുറ്റാരോപിതരായ സഹപാഠികൾക്കെതിരേ അമ്മുവിന്റെ പിതാവ് കോളജ് പ്രിൻസിപ്പലിന് അയച്ച പരാതിയും കോളജ് അധികൃതർ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു.
ആരോപണവിധേയർക്ക് ലഭിച്ച മെമ്മോയും അവയ്ക്ക് അവർ നൽകിയ മറുപടികളും കോളജ് അധികൃതർക്ക് അമ്മു ഒപ്പിട്ടുനൽകിയ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. മാനസിക പീഡനവും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതും അമ്മു അതിൽ പറയുന്നുണ്ട്.
സിസ്റ്റർ അഞ്ജലി എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ
തലശേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീസമൂഹത്തിന്റെ തലശേരി സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ അഞ്ജലി തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ സിസിലി മൈലാടിയിൽ അസിസ്റ്റന്റ് പ്രൊവിൻഷ്യലും സിസ്റ്റർ ജിസ, സിസ്റ്റർ ജെസി ജോസ്, സിസ്റ്റർ റെജി സെബാസ്റ്റ്യൻ എന്നിവർ പ്രൊവിൻഷ്യൽ കൗൺസിലേഴ്സായും സിസ്റ്റർ റോസ്മരിയ പ്രൊവിൻഷ്യൽ ഫിനാൻസ് ഓഫീസറായും സിസ്റ്റർ ജിസ്മി പ്രൊവിൻഷ്യൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സര്‍ക്കാരിന്റേത് ഭിന്നിപ്പിക്കാന്‍ അവസരമൊരുക്കുന്ന തീരുമാനം: മുഹമ്മദ് ഷിയാസ്
കൊച്ചി: മുനമ്പത്ത് നിമിഷങ്ങള്‍കൊണ്ടു തീര്‍പ്പാക്കാവുന്ന വിഷയമാണു സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് അവസരം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയാണ്.
സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഒരാളെയും കുടിയിറക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. സംസ്ഥാനത്തു നിലവിലുള്ള ജുഡീഷല്‍ കമ്മീഷനുകളുടെ സ്ഥിതിയെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.
ജുഡീഷല്‍ കമ്മീഷന്റെ പേരു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഷിയാസ് ആരോപിച്ചു. സര്‍ക്കാര്‍ ഇനിയും ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകുമെന്നും ഷിയാസ് മുന്നറിയിപ്പ് നല്കി.
മുനമ്പത്ത് നീതിപൂർവകമായ പരിഹാരം വേണം: തൃശൂർ പ്രവിശ്യ കൂരിയ സമ്മേളനം
കൊടകര: മുനമ്പം പ്രദേശത്തെ ജനങ്ങളുടെ നീതിക്കുവേണ്ടിയുള്ള നിലവിളിക്കു ശാശ്വതപരിഹാരംകാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, രാമനാഥപുരം രൂപതകളുടെ സംയുക്ത കൂരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൊടകര സഹൃദയ കോളജിൽ ചേർന്ന നാലു രൂപതകളുടെ മെത്രാന്മാരും കൂരിയാംഗങ്ങളുമടങ്ങുന്ന പ്രവിശ്യ സമ്മേളനത്തിലാണു മുനമ്പം തീരദേശവാസികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കിയത്.
മുനമ്പത്തും മറ്റു പലസ്ഥലങ്ങളിലും നീതിരഹിതമായി സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ചുകൊണ്ട് വഖഫ് ബോർഡ് തുടങ്ങിവച്ചിട്ടുള്ള നടപടികൾ നിർത്തിവയ്ക്കണമെന്നും, നീതിപൂർവകമായ പരിഹാരനടപടികൾ സർക്കാരുകളും ബന്ധപ്പെട്ടവരും സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭരണഘടനയ്ക്കും കോടതികൾക്കും അതീതമായ അധികാരം വഖഫ് ബോർഡിനു നല്കുന്ന വ്യവസ്ഥകൾ വഖഫ് നിയമത്തിലുണ്ടെങ്കിൽ അവ മുൻകാല പ്രാബല്യത്തോടെ നീതിപൂർവകമായി ഭേദഗതിചെയ്യണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
മുനമ്പം സമരത്തോടനുബന്ധിച്ചു മന്ത്രി വി. അബ്ദുറഹ് മാൻ കേരളത്തിലെ മെത്രാന്മാരെയും വൈദികരെയും വർഗീയപ്രചാരകരായി ചിത്രീകരിച്ചതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തിലെ ക്രൈസ്തവസഭയും സഭാനേതാക്കളും ഒരുകാലത്തും വർഗീയതയെ പ്രോൽസാഹിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മെത്രാന്മാരെയും വൈദികരെയും അവഹേളിച്ച മന്ത്രി അബ്ദുറഹ് മാൻ ക്രൈസ്തവസമൂഹത്തോടു നിരുപാധികം മാപ്പുപറയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മണിപ്പുരിൽ മാസങ്ങളായി തുടരുന്ന അക്രമങ്ങളിലും ക്രൈസ്തവർക്കും ക്രൈസ്തവ ആരാധനാലയങ്ങൾക്കും നേരേ നടക്കുന്ന ആക്രമണങ്ങളിലും സമ്മേളനം ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചു.
അവിടെ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം വീണ്ടെടുക്കാനും സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30നകം നൽകണം
തിരുവനന്തപുരം: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്രപ്രവർത്തക - പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്നവർ 2024 നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
നവംബർ മാസത്തെ തീയതിയിലുള്ള ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റാണ് വകുപ്പിൽ നൽകേണ്ടത്. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക prd.kerala.gov.in/en/forms എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
ഇതിലെ രണ്ടാം ഭാഗത്ത് പെൻഷണറുടെ നിലവിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തി വേണം നൽകേണ്ടത്. ഏത് ജില്ലാ ഇൻഫർമേഷൻ ഓഫീസ് / റീജണൽ ഡെപ്യൂട്ടി ഡയറക്റ്ററുടെ കാര്യാലത്തിലാണോ പെൻഷൻ സംബന്ധമായ രേഖകൾ കൈകാര്യം ചെയ്യുന്നത്, പ്രസ്തുത കാര്യാലയത്തിൽ വേണം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
സംശയങ്ങൾക്ക് അതാത് ജില്ലാ ഇൻഫർമേഷൻ ഓഫീസിലോ / റീജണൽ ഡെപ്യൂട്ടി ഡയറക് ടറുടെ കാര്യാലയവുമായോ ബന്ധപ്പെടണം.
ഇടുക്കി - ചെറുതോണി ഡാമുകളിൽ സന്ദർശനാനുമതി മേയ് 31 വരെ
ചെറുതോണി: ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിനുള്ള അനുമതി 2025 മേയ് 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി നീക്കിവച്ചിരിക്കുന്നതിനാൽ ബുധനാഴ്ചകളിൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതിയില്ല.
മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് സന്ദർശനത്തിനും ബഗ്ഗി കാർ യാത്രക്കുമായി ടിക്കറ്റ് നിരക്ക്. ചെറുതോണി-തൊടുപുഴ പാതയിൽ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. പ്രവേശനം പൂർണമായും ഓണ്‍ലൈൻ ബുക്കിംഗ് വഴിയാണ് .
ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം ഹൈഡൽ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാർ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈൻ ബുക്കിംഗിനു ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഇവിടെ നിന്നും ടിക്കറ്റ് എടുക്കാം.
കെടിഡിഎഫ്സിയെ തകർത്തത് തിരിച്ചടവില്ലാത്ത വായ്പകൾ
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: മികച്ച പ്രവർത്തനം നടത്തി ലാഭകരമായി മുന്നേറിയ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനെ (കെടിഡിഎഫ്സി ) തകർത്തത് തിരിച്ചടവില്ലാത്ത വായ്പകളും മതിയായ സെക്യൂരിറ്റി ഇല്ലാതെ നല്കിയ വായ്പകളും വായ്പകൾ തിരിച്ചു പിടിക്കാൻ ശ്രമം നടത്താത്ത കെടുകാര്യസ്ഥതയുമെന്ന് സർക്കാർ വിലയിരുത്തൽ. കെ.ബി. ഗണേശ് കുമാർ കഴിഞ്ഞ തവണ മന്ത്രിയായിരുന്നപ്പോൾ കെടിഡിഎഫ്സി ആറരക്കോടി ലാഭമുണ്ടാക്കി.
അതിൽ 65 ലക്ഷം ചെലവഴിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമിച്ചു നല്‍കുകയും ചെയ്തു. ഈ അവസ്ഥയിൽനിന്നാണ് നിക്ഷേപകർക്ക് പണം തിരിച്ചു നല്കാൻ പോലും കഴിയാത്ത ദയനീയാവസ്ഥയിലായത്.
കെടിഡിഎഫ്സിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കി കടക്കെണിയിലാക്കിയവർക്കെതിരേ സർക്കാർ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. അന്വേഷണം ഉടൻ ആരംഭിക്കും.
സ്ഥിര നിക്ഷേപകരുടെ പണം തിരികെ നൽകേണ്ട ഇനത്തിൽ 250 കോടി രൂപയും ഫ്ലാറ്റ് നിർമാതാക്കൾക്ക് വായ്പ അനുവദിച്ചതിന്റെ പേരിലുള്ള 70 കോടിയോളം രൂപയും ഉൾപ്പെടെയാണ് ബാധ്യത 325 കോടിയായി കുത്തനെ ഉയർന്നത്. വസ്തുവില കുറഞ്ഞ ഭൂമിയിൽ മൂല്യനിർണയത്തിൽ കൃത്രിമം കാട്ടി വൻതുക വായ്പ കൊടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം പേയാടുള്ള ഗ്രാൻ ടെക്ക് (28 കോടി), കോട്ടയം സിവിൽ സ്റ്റേഷന് സമീപമുള്ള മോർണിംഗ് ഗ്ലോറി അപ്പാർട്ട്മെന്റ്സ് (22 കോടി ), ഗുരുവായൂരിൽ മൂകാംബിക ബിൽഡേഴ്സ് (11.5 കോടി) എന്നിങ്ങനെയാണ് ബാധ്യതാ കണക്കുകൾ. ഇവർക്കെതിരെ റവന്യു റിക്കവറി നടപടികൾകൈക്കൊള്ളാൻ ഇതുവരെ കെടിഡിഎഫ്സിക്ക് കഴിഞ്ഞിട്ടില്ല.
കെടിഡിഎഫ്സി ആവശ്യപ്പെട്ടിട്ടും ജില്ലാ കളക്ടർമാർ റിക്കവറി നടപടി നടത്തി ആസ്തി പിടിച്ചെടുത്തിട്ടില്ല എന്നാണ് വിശദീകരണം. മുൻ കാലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവുമാണ് അനാവശ്യ ശിപാർശ നടത്തി വായ്പ അനുവദിപ്പിച്ചത്. വസ്തുവിന്റെ ശരിയായ മൂല്യനിർണയം നടത്താതെയും മതിയായ സെക്യൂരിറ്റി രേഖകൾ ഇല്ലാതെയും ചതുപ്പുനിലത്തിന് വരെ വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കെഎസ്ആർടിസി യുടെ വായ്പാ കൺസോർഷ്യത്തിൽ നിന്നും ഒഴിവാകാൻ വിഹിതമായി വരുന്ന 138 കോടി രൂപ സർക്കാർ ഇടപെടലിനെത്തുടർന്ന് കേരള ബാങ്ക് കെടിഡിഎഫ് സിക്ക് ഉടൻ നൽകും. ഇതിലെ 100 കോടി എടുത്ത് സ്ഥിര നിക്ഷേപം കാലാവധി തീരുന്നവർക്ക് നൽകേണ്ട ബാധ്യത തീർക്കും. തുടർന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് വാഹന വായ്പ നൽകി തവണകൾ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന രീതി ആരംഭിക്കാനാണ് കെടിഡിഎഫ്സി ആലോചിക്കുന്നത്.
കേരള ബാങ്ക്, കെടിഡിഎഫ്സി, കെഎസ്ആർടിസി എന്നീ മൂന്ന് സ്ഥാപനങ്ങളേയും രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാർച്ചിൽ ചേർന്ന യോഗത്തിലാണ് കെടിഡിഎഫ്സിയുടെ വിഹിതം നൽകാൻ കേരള ബാങ്ക് തയാറായത്.കെടിഡിഎഫ്സിയുടെ കസ്റ്റഡിയിലുള്ള തമ്പാനൂർ കോംപ്ലക്സിൽ കോടികളുടെ വാടക കുടിശികയുണ്ട്.
ചലച്ചിത്ര വികസന കോർപ്പറേഷൻ 39 ലക്ഷവും ലോട്ടറി വകുപ്പ് 38 ലക്ഷവുമാണ് കുടിശിക വരുത്തിയിട്ടുള്ളത്. ഇതുപോലെ പല സ്ഥാപനങ്ങളുമുണ്ട്. ഈ സ്ഥാപനങ്ങളുടെ ബാധ്യതകൾ പരിശോധിച്ച് അടിയന്തിരമായി നടപടി കൈക്കൊള്ളാനാണ് നീക്കം.
ഡിസി ബുക്സുമായി കരാറില്ലെന്ന് മൊഴി നൽകിയിട്ടുണ്ടെന്ന് ജയരാജൻ
കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സുമായി യാതൊരു കരാറുമില്ലെന്നു പോലീസിനു മൊഴി നൽകിയെന്ന് ഇ.പി. ജയരാജൻ.
“എന്റെ കാര്യങ്ങള്‍ എനിക്ക് അറിയാം. എപ്പോഴും അത് ഓര്‍മയില്‍ ഉള്ളതാണ്. ഞാന്‍ പരാതി കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കുകയും ചെയ്തു. അത് അന്വേഷണത്തിന്റെ ഭാഗമായ നടപടിയാണ്. ഉള്ള കാര്യങ്ങള്‍ സത്യസന്ധമായി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.
നിയമനടപടികളുമായി മുന്നോട്ടുപോകും.ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്സും ഞാനുമായി കരാര്‍ ഉണ്ടാക്കിയെന്ന ചിന്ത ഈ ഭൂമുഖത്ത് ഒരു മനുഷ്യനുമില്ല”- അദ്ദേഹം അവകാശപ്പെട്ടു. ഇല്ലാത്തൊരു ചിന്തയെക്കുറിച്ച് പറഞ്ഞിട്ട് എന്താണു കാര്യം.
ഒരു പുസ്തകം പൂര്ത്തീകരിച്ചാലല്ലേ അത് എന്തുചെയ്യണമെന്ന് തീരുമാനിക്കലും കരാര്‍ കൊടുക്കലുമെല്ലാമെന്നും ജയരാജന് പറഞ്ഞു.
കുമളിയിൽനിന്നും കാണാതായ ആളെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മുണ്ടക്കയം: കുമളിയിൽ നിന്നു കാണാതായ ആളെ മുണ്ടക്കയം മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമളി വെള്ളാരംകുന്ന് സ്വദേശി ഇലവുങ്കൽ മാത്യു കുരുവിള (ബാബു -70) യെയാണ് മുണ്ടക്കയം മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ വെളളത്തിൽ മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ 17ന് ബന്ധുവീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ മാത്യു കുരുവിളയെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ട് ദിവസം അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ തുടർന്ന് കുമളി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിനിടയിൽ ഇന്നലെ മണിമലയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന് സന്ദേശം വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ മാത്യു കുരുവിളയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാക്കുകയുള്ളൂ.
മുണ്ടക്കയം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ അച്ചാമ്മ. മക്കള്‍: സുനില്‍, സൂസമ്മ. മരുമക്കള്‍: ജോളി,ഷൈനി. സംസ്കാരം ഇന്ന് നടക്കും.
സജി ചെറിയാൻ ചെയ്തത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്തു കടിച്ചു തൂങ്ങിക്കിടക്കാതെ അന്തസായി രാജിവച്ചു പോകുകയാണ് സജി ചെറിയാൻ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.
1972ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്സ് ടു നാഷണൽ ഓണർ ആക്ട് അനുസരിച്ച് മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ക്രിമിനൽ കുറ്റം ചെയ്തു എന്നു ഹൈക്കോടതി നിരീക്ഷിച്ച ഒരാളാണ് ഇപ്പോൾ മന്ത്രിസ്ഥാനത്തു തുടരുന്നത്.
സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്പോൾ മന്ത്രിസ്ഥാനത്ത് അദ്ദേഹം തുടർന്നാൽ അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയും എന്നത് വ്യക്തമാണ്. ഇത് ജുഡീഷറിയോടും കേരളത്തിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നു ചെന്നിത്തല പറഞ്ഞു.
കേന്ദ്ര മാനദണ്ഡം സ്വീകാര്യമല്ലെന്ന് കെ. രാജൻ
തിരുവനന്തപുരം: വയനാട് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്രം പറയുന്ന മാനദണ്ഡങ്ങൾ സ്വീകാര്യമല്ലെന്ന് മന്ത്രി കെ. രാജൻ. സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്നുള്ള 153.47 കോടി രൂപ വിനിയോഗിക്കാമെന്നാണ് കേന്ദ്രം പറയുന്നത്.
സൈനിക ഹെലികോപ്റ്ററിനുള്ള വാടക, മാലിന്യം നീക്കത്തിനുള്ള ചെലവ് എന്നിവയുടെ ബിൽതുക അനുവദിക്കാമെന്നുമാണ് കേന്ദ്രനിലപാട്. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളണമെന്നും തീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നുമുള്ള സംസ്ഥാന ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദീപികയുടെ വൈക്കം ‘ഒ ലേ’ ഓംചേരി അയച്ച ചോളം കൃഷിവാര്‍ത്ത
റെജി ജോസഫ്
കോട്ടയം: ഓംചേരി ദീപികയുടെ വൈക്കം ഒ ലേ അഥവാ ഒരു ലേഖകനായിരുന്നു. ആ അക്ഷരപ്രതിഭയുടെ ആദ്യലേഖനം വെളിച്ചം കണ്ടതും ദീപികയിലാണ്. അതുകൊണ്ടാണ് താന്‍ പത്രപ്രവര്‍ത്തനം പഠിച്ചതും പരിശീലിച്ചതും ദീപികയിലാണെന്ന് പ്രഫ. ഓംചേരി എന്‍.എന്‍. പിള്ള പല വേദികളിലും ആവര്‍ത്തിച്ചു പറയാനിടയായത്.
1936ല്‍ വൈക്കത്ത് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കേ ഓംചേരി ദീപികയില്‍ ആദ്യമായി എഴുതിയ റിപ്പോര്‍ട്ടിന്റെ കഥാംശം ഇങ്ങനെ.
വൈക്കം പ്രദേശത്ത് ദീപികയായിരുന്നു പ്രചാരത്തില്‍ മുന്നില്‍. ഓംചേരിയുടെ വീട്ടിലും ദീപികയായിരുന്നു പത്രം. വൈക്കം ഇംഗ്ലീഷ് ഹൈസ്കൂളിലേക്ക് വീട്ടില്‍നിന്ന് ആറു കിലോമീറ്ററായിരുന്നു ദൂരം. സ്കൂളിലേക്ക് രാവിലെ പതിവായി നില്‍ക്കാതെയുള്ള ഓട്ടമായിരുന്നു. ഈ ഓട്ടത്തിനിടെയില്‍ വഴിയോരത്തെ താമസക്കാരന് വക്കന് മാപ്പിളയുടെ വീടിനു മുന്നില്‍ ഉയരം കൂടിയതും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തതുമായ ഒരിനം ചെടി കുലച്ചുനില്‍ക്കുന്നത് മിന്നായം പോലെ ഓംചേരിയുടെ കണ്ണിലുടക്കി.
നോക്കെത്താ ദൂരം നെല്‍പ്പാടം മാത്രമുള്ള വൈക്കത്ത് കാണാനിടയായ പ്രത്യേകയിനം ചെടി അദ്ദേഹത്തില്‍ അതിശയമുളവാക്കി. ഒരു ദിവസം ഓട്ടത്തിനിടെ വക്കന് മാപ്പിള വീട്ടുമുറ്റത്ത് നില്‍ക്കുന്നുണ്ട്. ഓട്ടത്തിന് ബ്രേക്കിട്ട് വക്കന് മാപ്പിളയോട് ആ ചെടിയുടെ പേരു ചോദിച്ചപ്പോള്‍ പറഞ്ഞു, ഇതാണ് ചോളം: സ്കൂള്‍ വിദ്യാര്‍ഥിയുടെ കൗതുക മനസ് ചോളത്തെക്കുറിച്ചു കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വക്കന് മാപ്പിള ചോളം കൃഷികാര്യങ്ങള്‍ ലുബ്ധു കാട്ടാതെ വിസ്തരിച്ചു. വീട്ടിലെത്തിയ ഓംചേരി വക്കന് മാപ്പിളയില്‍ നിന്നറിയാനിടയായ ചോളം വിശേഷങ്ങള്‍ രസകരമായ ഒരു കുറിപ്പാക്കി.
അക്കാലത്ത് വൈകുന്നേരം നാലുമണിക്കാണ് ദീപിക പത്രക്കെട്ടുമായി ലൈന്‍ബസ് വൈക്കത്ത് എത്തുക. ബസില്‍നിന്ന് പത്രക്കെട്ട് എടുത്ത് ഏജന്റ് പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തു തീരുമ്പോള്‍ രാത്രി പത്തു മണിയാകും.
ദീപികയുമായി ഏജന്റ് വീട്ടിലെത്തുന്നതും കാത്ത് ഓംചേരി മുറ്റത്തു നിന്നു. ഏജന്റ് കൈവശം ചോളം കൃഷി കുറിപ്പ് ഏല്‍പ്പിച്ചു പറഞ്ഞു- ഇത് ദീപിക പത്രാധിപകര്‍ക്ക് അയച്ചുകൊടുക്കണം. പറഞ്ഞതുപോലെ ഏജന്റ് കുറിപ്പ് ദീപികയിലേക്ക് അയച്ചു.
നമ്മുടെ നാട്ടില്‍ ചോളവും വളരും എന്ന തലക്കെട്ടില്‍ ഓംചേരി എഴുതിയ കുറിപ്പ് ദീപികയില്‍ അച്ചടിച്ചു വന്നു. സ്വലേ അഥവാ സ്വന്തം ലേഖകന്‍ എന്നതിനു പകരം അന്നത്തെ ശൈലിയില്‍ ഒ ലേ വൈക്കം എന്ന അംഗീകാരത്തോടെയാണ് വാര്‍ത്ത വന്നത്. ഒലേ എന്നത് ഒരു ലേഖകന്‍ എന്നതിന്റെ ചുരുക്കെഴുത്ത്.
ആദ്യലേഖനം വൈക്കം ഒ ലേയായി പ്രസിദ്ധീകരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ദീപിക പത്രാധിപര്‍ ഫാദര്‍ ഹെന്‍ട്രിയുടെ കത്ത് ഓംചേരിയുടെ വിലാസം തേടിയെത്തി.
ഹെന്ട്രിയച്ചന്റെ കത്ത് ഇങ്ങനെയായിരുന്നു: പ്രിയപ്പെട്ട നാരായണപിള്ള, നിങ്ങള്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിയാണെന്ന് മനസിലാക്കുന്നു. നിങ്ങള്‍ അയച്ച ചോളം കൃഷിയെക്കുറിച്ചുള്ള വാര്‍ത്ത നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് കൃഷിക്കാരുടെ ഇടയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അതുകൊണ്ട് ഞങ്ങള്‍ പ്രാധാന്യത്തോടുകൂടി ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു.
ഇനിയും ഇതുപോലെയുള്ള എന്തെങ്കിലും വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതും അയച്ചുതരണം. പൊതുവേ കൃഷിക്കാര്‍ക്കും മറ്റു സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുത്തുന്ന എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ അത് എഴുതിയാല്‍ സന്തോഷപൂര്‍വം പ്രസിദ്ധീകരിക്കാം.
ദീപിക പത്രാധിപര്‍ കൈപ്പടയില്‍ എഴുതിയ കത്ത് ഓംചേരി സ്കൂളിലും വീട്ടിലും നാട്ടിലും എല്ലാവരെയും കാണിച്ചു. അവര്‍ക്കെല്ലാം പത്രാധിപരുടെ കത്ത് വിസ്മയമയി. ആവേശം ചോരാതെ ഓംചേരി പിറ്റേന്നു മുതല്‍ തുടരെ ദീപികയില്‍ എഴുതാന്‍ തുടങ്ങി.
വൈക്കത്തെ നാട്ടുവിശേഷങ്ങളുമായി ദിവസവും രണ്ടുമൂന്നു വാര്‍ത്തകള്‍. അതെല്ലാം ഒ ലേ വൈക്കം എന്ന അംഗീകാരത്തോടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഒ ലേ വൈക്കം ഓംചേരിയുടെ ബൈലൈനായി.
പില്ക്കാലത്ത് ഓംചേരി ഇന്ത്യയിലെ പ്രശസ്ത മാധ്യമ പഠന സ്ഥാപനങ്ങളുടെ സാരഥിയും അനേകം പത്രപ്രവര്‍ത്തകരുടെ ഗുരുവും നൂറായുസു കിട്ടിയ സാഹിത്യ സാംസ്കാരിക ആചാര്യനുമായി. 75 വര്‍ഷം ഡല്‍ഹിയില്‍ കഴിഞ്ഞ് അവിടത്തെ മലയാളികളുടെ കാരണവരായി ജീവിച്ചപ്പോഴും ദീപികയോടുള്ള കടപ്പാടും ബന്ധവും അദ്ദേഹം തുടര്‍ന്നു.
എഴുതി പ്രസിദ്ധീകരിക്കുന്ന എല്ലാ ഗ്രന്ഥത്തിന്റെയും രണ്ടു കോപ്പികള്‍ ഓംചേരി മുടക്കമില്ലാതെ കോട്ടയം ദീപികയിലേക്ക് അയച്ചു. ഒരു കോപ്പി അതാത് കാലത്തെ ദീപിക പത്രാധിപര്‍ക്ക്. ഒരെണ്ണം പുസ്തക പരിചയകോളത്തില് ഉള്‍പ്പെടുത്താന്‍ സണ്‍ഡേ ദീപിക എഡിറ്റര്‍ക്ക്.
ഓംചേരി കേരളീയതയെ സംരക്ഷിച്ച സാംസ്കാരിക നായകനെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽനിന്ന് ദീർഘകാലം വിട്ടുനിന്നിട്ടും ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ച സമാനതകളില്ലാത്ത സാംസ്കാരിക നായകനായിരുന്നു ഓംചേരിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയതലത്തിൽ മലയാളത്തിന്റെ സാംസ്കാരിക ചൈതന്യം പ്രസരിപ്പിച്ച വ്യക്തിത്വമായിരുന്നു ഓംചേരിയുടേത്.
കേരളത്തിലെ പ്രതിഭാധനരായ നാടകകൃത്തുക്കളുടെ ഒന്നാം നിരയിൽ സ്ഥാനമുള്ള വ്യക്തിയായിരുന്നു.
നമ്മുടെ നാടക ഭാവുകത്വതത്തെ നവീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം ചരിത്രപരമായ പങ്കുവഹിച്ചു.
നൂറാം വയസിലും ഉണർന്നിരിക്കുന്ന ധിഷണയോടെ മാസ് കമ്യൂണിക്കേഷൻ രംഗത്തെ ആഗോളചലനങ്ങൾ മനസിൽ ഒപ്പിയെടുക്കുകയും പുതിയ തലമുറയിൽപ്പെട്ടവർക്കു പകർന്നുകൊടുക്കുകയും ചെയ്തുവന്നിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലയാള നാടകവേദിയുടെ തലതൊട്ടപ്പൻ
മലയാള സാഹിത്യത്തിനും ആധുനിക നാടകപ്രസ്ഥാനത്തിനും വലിയ സംഭാവനകൾ നൽകിയിട്ടുള്ള പ്രതിഭയാണ് ഇന്നലെ വിടപറഞ്ഞ ഓംചേരി എൻ.എൻ. പിള്ള.
മലയാള നാടകവേദിയുടെ തലതൊട്ടപ്പനും ഡൽഹി മലയാളികളുടെ കാരണവരുമായിരുന്ന ഓംചേരിയെ 2022ൽ കേരള സർക്കാർ നൽകുന്ന രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ കേരള പ്രഭ അവാർഡ് നൽകി ആദരിച്ചിരുന്നു.
1972ൽ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 2010ൽ മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരവും ലഭിച്ചു. ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
സമസ്തകേരള സാഹിത്യ പരിഷത്ത് സമ്മാനം (1952), സാഹിത്യ പ്രവർത്തക സഹകരണസംഘം അവാർഡ് (1974), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്കാരം (2010), കേരള സംഗീതനാടക അക്കാദമി പ്രവാസി കലാരത്നാ അവാർഡ് (2012), നാട്യഗൃഹ അവാർഡ് (2014) തുടങ്ങിയ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
മലയാളികളെ ചിന്തിപ്പിച്ച ഒന്‍പത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി നാടകലോകത്തിന് സമ്മാനിച്ചു. ഈ വെളിച്ചം നിങ്ങളുടേതാകുന്നു, പ്രളയം, ചെരിപ്പു കടിക്കില്ല, തേവരുടെ ആന, കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു തുടങ്ങിയവയാണ് ഓംചേരിയുടെ പ്രശസ്തമായ രചനകൾ. എഴുത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും പുറമെ പതിറ്റാണ്ടുകളോളം ഡൽഹി മലയാളികളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്നു.
അമേരിക്കയിലെ പെൻസിൽവേനിയ യൂണിവേഴ്സിറ്റി, മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗവേഷണം നടത്തിയിട്ടുണ്ട്. കലിഫോർണിയ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്റ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ബിരുദമെടുത്തു. 1924 ഫെബ്രുവരിന് ഒന്നിന് വൈക്കം ടിവി പുരത്തെ ഓംചേരി വീട്ടിൽ നാരായണൻ പിള്ളയുടെയും പാപ്പിക്കുട്ടി അമ്മയുടെയും മകനായാണു ജനനം.
1951ൽ ഡൽഹിയിലെത്തിയ അദ്ദേഹം കഴിഞ്ഞ 73 വർഷമായി ഡൽഹിയിലെ നിറസാന്നിധ്യമാണ്. ആകാശവാണിയിൽ മലയാളം വാർത്താവിഭാഗത്തിൽ ജോലി തുടങ്ങിയ ഓംചേരി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്ററായി. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ചീഫ് സെൻസർ ഓഫീസറായി പ്രവർത്തിച്ചശേഷം 1989ലാണ് സർക്കാർ സർവീസിൽനിന്നു വിരമിച്ചത്.
സാഹിത്യ അക്കാദമി അനുശോചിച്ചു
തൃശൂർ: മലയാള സാഹിത്യാസ്വാദനത്തിൽ ഡൽഹി മലയാളികൾക്കിടയിൽ ഓംചേരി എൻ.എൻ. പിള്ള വഹിച്ച പങ്ക് നിസ്തുലമെന്നു കേരള സാഹിത്യ അക്കാദമി. ആറുപതിറ്റാണ്ടുമുന്‍പ് ഡൽഹിയിൽ അദ്ദേഹം സ്ഥാപിച്ച എക്സ്പിരിമെന്റൽ തിയറ്റർ എന്ന നാടകസംഘടന ആസ്വാദകരെ മലയാള നാടകലോകത്തേക്ക് ആകർഷിച്ചു.
മലയാളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലും ഡൽഹി മലയാളികൾക്കിടയിലും എക്കാലവും അദ്ദേഹം സ്മരിക്കപ്പെടുമെന്നും അക്കാദമി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ആംബുലന്‍സിനെ വഴി മുടക്കി കാര്‍ യാത്രികന്റെ ക്രൂരവിനോദം
കാസര്‍ഗോഡ്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുന്ന ആംബുലന്‍സിനെ 16 കിലോമീറ്ററോളം ദൂരം വഴിമുടക്കി കാര്‍ യാത്രികന്റെ ക്രൂരവിനോദം. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കാസര്‍ഗോഡ് നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിയില്‍നിന്നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ടുപോകുകയായിരുന്നു ആംബുലന്‍സ്. ബേക്കല്‍ മുതലാണ് കെഎല്‍ 48 കെ 9888 എന്ന കാര്‍ വഴിമുടക്കിയായത്. ആംബുലന്‍സ് സൈറണ്‍ മുഴക്കിയിട്ടും കാര്‍ വഴി മാറി കൊടുത്തില്ല.
അമിതവേഗത്തില്‍ പോയ കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയും ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശിയുടേതാണു കാറെന്നും ഉടമയോടു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും കാസര്‍ഗോഡ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അടുത്തിടെ തൃശൂര്‍ പെരുമ്പിലാവില്‍ ആംബുലന്‍സിനു മുന്നില്‍ അപകടകരമായി കാര്‍ ഓടിച്ച് തടസം സൃഷ്ടിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു.
മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ്; കെ. ഗോപാലകൃഷ്ണനെതിരേ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപ വത്കരിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരേ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
ഗോപാലകൃഷ്ണനെതിരേ കേസെടുക്കുന്നതിന് നിയമതടസമില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാൻ ഹാജരാകണമെന്ന് കാണിച്ച് പോലീസ് പരാതിക്കാരന് നോട്ടീസ് നൽകി. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ പരാതിയിലാണ് അന്വേഷണം.
വിവാദത്തിൽ സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നേരത്തേ നിയമോപദേശം ലഭിച്ചിരുന്നു.
‘ശുക്രന്’ ടൈറ്റില്‍ ലോഞ്ചിംഗ് നടത്തി
കൊച്ചി: നീല്‍ സിനിമാസിന്റെ ബാനറില്‍ രാഹുല്‍ കല്യാണ്‍ കഥയും തിരക്കഥയും നിര്‍വഹിച്ച് ഉബൈനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ശുക്രന്റെ ടൈറ്റില്‍ ലോഞ്ചിംഗ് നടത്തി. കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ സംവിധായകന് വിനയന് ലോഞ്ചിംഗ് നിര്‍വഹിച്ചു.
സിനിമാതാരം ഷീലു ഏബ്രഹാം സ്വിച്ച് ഓണ്‍ കര്‍മവും നടന് ടിനി ടോം ഫസ്റ്റ് ക്ലാപ്പും നിര്‍വഹിച്ചു. ചടങ്ങില്‍ സിനിമാതാരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും ആശംസകളര്‍പ്പിച്ചു. സിനിമയുടെ ഡിഒപി മെല്ബിന് കുരിശിങ്കലാണ്. സംഗീതം സ്റ്റില്‍ജു അര്‍ജുനും ഗാനരചന വയലാര്‍ ശരത്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍ എന്നിവരുമാണ് നിര്‍വഹിക്കുന്നത്.
നാലുവർഷ ബിരുദ കോഴ്സ് ഫീസ് വർധന: ഉന്നത വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സ് ഫീസ് വർധനവ് സംബന്ധിച്ച് സർവകലാശാല രജിസ്ട്രാർമാരിൽനിന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു റിപ്പോർട്ട് തേടി.
കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ സർവകലാശാലകൾ നാലുവർഷ ബിരുദ കോഴ്സിന്റെ പരീക്ഷാഫീസുകൾ വർധിപ്പിച്ച സിൻഡിക്കറ്റ് തീരുമാനത്തിനെതിരേ വ്യാപക പരാതി ഉയർന്നിരുന്നു.
ഫീസ് വർധനയ്ക്കെതിരേ എല്ലാ വിദ്യാർഥി സംഘടനകളും പ്രക്ഷോഭത്തിലായതിനെ തുടർന്നാണ് മന്ത്രി യോഗം വിളിച്ചുകൂട്ടിയത്.
സെക്രട്ടേറിയറ്റിലെ നിരീക്ഷണ കാമറകൾ മിഴിയടച്ചുതുടങ്ങി; അറ്റകുറ്റപ്പണിക്ക് 29.5 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കായി കോടികൾ ചെലവഴിച്ചു സ്ഥാപിച്ച നിരീക്ഷണ കാമറകൾ മിഴിയടയ്ക്കാൻ തുടങ്ങി. ഇതേത്തുടർന്ന് അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങൾ വകയിരുത്തി.
സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും അനക്സ് ഒന്നിലെയും സിസിടിവി സംവിധാനത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്കായി 29.50 ലക്ഷം രൂപ ധനവകുപ്പ് അനുമതി നൽകിയതിനു പിന്നാലെ പൊതുഭരണവകുപ്പ് ഉത്തരവിറക്കി.
സ്വർണ കടത്ത് വിവാദ കാലത്ത് സെക്രട്ടേറിയറ്റിന്റെ സിസിടിവി കാമറയ്ക്കു തകരാർ സംഭവിച്ചത് വിവാദമായിരുന്നു. സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള സന്ദർശനം പുറത്തു വരാതിരിക്കാനാണ് സിസിടിവി സംവിധാനം തകരാറിലാക്കിയതെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 1.9 കോടി രൂപ ചെലവിൽ സെക്രട്ടേറിയറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷയൊരുക്കാൻ 100 സിസിടിവി കാമറകൾ സ്ഥാപിച്ചത്.
അകലത്തിലുള്ള കാഴ്ചകൾ പോലും വ്യക്തതയോടെ നിരീക്ഷിക്കാൻ സാധിക്കുന്ന രണ്ട് 30 എക്സ് കാമറകളും 22 ബുള്ളറ്റ് കാമറകളും ഉൾപ്പെടെ ഉള്ളവയാണ് സ്ഥാപിച്ചത്. രണ്ട് പ്രധാന കവാടങ്ങൾ ഉൾപ്പെടെ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും കാമറയുടെ പരിധിയിൽ വരുന്ന രീതിയിലാണ് സിസിടിവികൾ ക്രമീകരിച്ചിരിക്കുന്നത്.
അനക്സ് ബ്ലോക്കിലെ എല്ലാ ഓഫിസുകളുടെയും പുറം ഭാഗത്തെ കാഴ്ചകളും സിസിടിവി സംവിധാനം വഴി നിരീക്ഷിക്കാൻ കഴിയുമെന്നാണു സർക്കാർ വാദം.
കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇൻഫർമേഷൻ സെന്റർ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെർമിനൽ ( ടി - 1) ആഗമന ഭാഗത്താണ് കൗണ്ടർ ആരംഭിച്ചിരിക്കുന്നത്. ശബരിമല തീർഥാടകർക്കും ഭക്തർക്കും 24 മണിക്കൂർ സേവനം ലഭ്യമാകുന്ന രീതിയിലാണു സെന്റർ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
തൊഴിലാളി പാസിന് കൈക്കൂലി: അസി. ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍
കൊച്ചി: അമ്പലമുകളിലെ ബിപിസിഎല്‍ പ്ലാന്റില്‍ തൊഴിലാളികളെ പ്രവേശിപ്പിക്കുന്നതിനുള്ള പാസിനായി ഉപകരാറുകാരനില്നിന്ന് കൈക്കൂലി വാങ്ങിയ സെന്‍ട്രല്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സ് പിടിയില്‍.
കാക്കനാട് റീജണല്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥനും ഉത്തര്‍പ്രദേശ് സ്വദേശിയുമായ അജിത് കുമാറാണ് അറസ്റ്റിലായത്.
പ്ലാന്റില്‍ ഉപകരാര്‍ എടുത്ത പരാതിക്കാരന് ലൈസന്‍സിനായി സെപ്റ്റംബര്‍ 18ന് റീജണല്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലൈസന്‍സ് അനുവദിച്ചില്ല. തുടര്‍ന്ന് അസി. ലേബര്‍ കമ്മീഷണറെ നേരില്‍ക്കണ്ടെങ്കിലും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കരാറുകാരന് എറണാകുളം വിജിലന്‍സ് എസ്പി എസ്. ശശിധരനു പരാതി നല്കി.
മുരിങ്ങൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു
കൊരട്ടി: മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കവേ ട്രെയിൻതട്ടി ഉണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. മറ്റൊരു സ്ത്രീയെ പരിക്കുകളോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസര്‍ഗോഡ് വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ പരേതനായ ആനശേരില് ജയിംസിന്റെ ഭാര്യ റോസമ്മ ജയിംസ് (70) ആണ് മരിച്ചത്.
വടക്കൻ പറവൂർ സ്വദേശി വടക്കുംപാടൻ തോമസിന്റെ ഭാര്യ ഉഷയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. ഇന്നലെ രാവിലെ 6.45 ഓടെയായിരുന്നു സംഭവം. മുരിങ്ങൂർ ഡിവൈനിൽനിന്ന് ധ്യാനംകഴിഞ്ഞ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
എറണാകുളം ഭാഗത്തുനിന്നു വന്ന ട്രെയിനാണ് ഇടിച്ചത്. അര മണിക്കൂറോളം ട്രാക്കിൽ കിടന്ന ഇവരെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്കുമാറ്റിയത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
റോസമ്മയുടെ സംസ്കാരം നാളെ മൂന്നിനു വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന ദേവാലയത്തില്‍.
മക്കള്‍: ജോഷി (പുഞ്ച), ജോബോയ് (പയ്യന്നൂര്‍), ജയേഷ് (വള്ളിക്കടവ്), ബിന്ദു (പുഞ്ച), അഭിലാഷ്. മരുമക്കള്‍: മിനി മുണ്ടയാനിക്കല് (പേരാവൂര്‍), ആശ മുളങ്ങാശേരിയില്‍ (കരുവഞ്ചാല്‍), സോജി കരിമ്പനാക്കുഴിയില്‍, അപര്‍ണ വെള്ളക്കട (തിരുമേനി), പരേതയായ സാജി (പയ്യന്നൂര്‍).
കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്സ് അവാർഡ് പ്രോഗ്രാമുമായി സൈലം
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്സ് അവാർഡ് പ്രോഗ്രാമായ ‘സൈലം അവാർഡ്’ സിന്റെ മൂന്നാമത്തെ എഡിഷൻ 24ന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട്ടെ സ്വപ്ന നഗരിയിലെ കാലിക്കട്ട് ട്രേഡ് സെന്ററിൽ നടക്കും.
സൈലത്തിൽനിന്നു മെഡിക്കൽ- എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളും സിഎ, എസിസിഎ പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ സൈലം വിദ്യാർഥികളുമാണു ചടങ്ങിൽ ആദരിക്കപ്പെടുക.
പതിനഞ്ചായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ സൈലം സിഇഒ ഡോ. എസ്. അനന്തു, സൈലം ഡയറക്ടർമാരായ ലിജീഷ്കുമാർ, വിനേഷ്കുമാർ എന്നിവർ പ്രസംഗിക്കും.
ഇവന്റിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്ലിൻ, നിഖില വിമൽ, പേർളി മാണി, ജീവ ജോസഫ്, കാർത്തിക് സൂര്യ, ഹനാൻ ഷാ, ഹാഷിർ ആൻഡ് ടീം, ഫെജോ തുടങ്ങിയവർ അണിനിരക്കും.
കോഴിക്കോട്ടെ സൈലം കാമ്പസിൽ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ പ്രാതിനിധ്യം പതിനായിരത്തിലധികം വരുന്നതുകൊണ്ട്, മറ്റ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം നൽകാൻ കഴിയാത്തതിലുള്ള ഖേദം സൈലം മാനേജ്മെന്റ് അറിയിച്ചു.
രുദ്രാക്ഷമരവും കൃഷിയും വവ്വാൽ നശിപ്പിച്ചു; നഷ്ടപരിഹാരത്തിന് കോടതി കയറി കർഷകൻ
ജെവിന്‍ കോട്ടൂര്‍
കോട്ടയം: വവ്വാലുകള്‍ ചേക്കേറി പഞ്ചമുഖ രുദ്രാക്ഷമരം നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിനെതിരേ കര്ഷകന് കേസ് ഫയല്‍ ചെയ്തു. പൂഞ്ഞാര്‍ കല്ലേക്കുളം സ്വദേശി ചാമക്കാലായില്‍ സി.ഡി. ആദര്ശ്കുമാറാണ് പാലാ സബ്കോടതിയെ സമീപിച്ചത്.
നാല് ഏക്കര്‍ പുരയിടത്തില്‍ ഫലവൃക്ഷങ്ങള്‍ കൃഷിചെയ്യുന്ന തോട്ടത്തില്‍ അവക്കാഡോ, റംബൂട്ടാന് എന്നിവയ്ക്കു പുറമെ രണ്ട് രുദ്രാക്ഷ മരങ്ങളുമുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വരെ രുദ്രാക്ഷത്തില്നിന്നും എല്ലാ വര്‍ഷവും മോശമല്ലാത്ത വരുമാനവും ലഭിച്ചിരുന്നു.
ഒരു രുദ്രാക്ഷം നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള കുറ്റന്‍ മരമായിരുന്നു. ഈ വിശേഷാല്‍ രുദ്രാക്ഷത്തിന്റ കായ മോഹവിലയ്ക്ക് വില്പന നടത്തിയിട്ടുണ്ടെന്ന് ആദര്‍ശ്കുമാര്‍ പറഞ്ഞു.
നാളുകളായി കൂട്ടമായി എത്തുന്ന കടവാവലുകള്‍ തോട്ടത്തിലെ മരങ്ങളുടെ പഴങ്ങള്‍ തിന്നുന്നു, കായകള്‍ നശിപ്പിക്കുന്നു. നിപ്പ പരത്തുന്ന കടവാവലുകളെ തുരത്താനും സാധിക്കുന്നില്ല. പഴങ്ങള്‍ നശിപ്പിക്കുന്നതിനു പിന്നാലെയാണ് രുദ്രാക്ഷ മരവും കായയും നശിപ്പിക്കാന്‍ തുടങ്ങിയത്.
രണ്ടു പതിറ്റാണ്ടിലേറെയായി ചെറിയ തോതില്‍ കടവാവലുകളുടെ ശല്യമുണ്ടായിരുന്നു. അന്നു മുതല്‍ പല തവണ വനംവകുപ്പില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നപടികളും ഉണ്ടായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വാവലുകളുടെ പരാക്രമണം കണ്ടു ബോധ്യപ്പെട്ടു മടങ്ങി.
ഇക്കാലത്ത് വാവലുകളെ തുരത്താന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും സാധിച്ചില്ല. വരുമാനത്തില്‍ കുറവുണ്ടായതോടെ കൃഷിവായ്പ കുടിശികയായി. ഈ സാഹചര്യത്തിലാണ് കൃഷി നശിച്ചതിനു വനംവകുപ്പ് 2.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആദര്‍ശ് കഴിഞ്ഞയാഴ്ച കേസ് ഫയല്‍ ചെയ്തത്. വനത്തിനു പുറത്തുള്ള കൃഷി വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നതിനു വനംവകുപ്പ് ഉത്തരവാദിയാണെന്നാണ് ആദര്‍ശ് പറയുന്നത്.
2015-16 മുതലാണ് പഴംതീനി കടവാവലുകള്‍ കൂട്ടത്തോടെ തോട്ടത്തിലെത്തി കൃഷി വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയത്. മൂന്ന് വര്‍ഷമായി ഒരു രൂപ പോലും ആദായം ലഭിക്കുന്നില്ല.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിത ജീവിവര്‍ഗത്തിലുള്‍പ്പെടുന്നവയാണ് കടവാവല്.
ഇവയെ കൊല്ലുന്നതും വെടിവച്ച് പേടിപ്പെടുത്തുന്നതും കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
ഈ സാഹചര്യത്തില്‍ വാവലിനെ വനത്തിലാക്കാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനാണെന്ന് ആദര്‍ശ് പറയുന്നു.
കാണാതായ മൂക്കുത്തി ശ്വാസകോശത്തില്‍നിന്നു പുറത്തെടുത്തു
കൊച്ചി: നാലു വര്‍ഷം മുന്‍പ് കാണാതായ മൂക്കുത്തിയുടെ ഭാഗം 44 വയസുകാരിയുടെ ശ്വാസകോശത്തില്‍നിന്ന് പുറത്തെടുത്തു.
കൊച്ചി മുണ്ടംവേലി സ്വദേശിനിയുടെ ശ്വാസകോശത്തില്നിന്നാണു കാണാതായ മൂക്കുത്തിയുടെ ഭാഗം അമൃത ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്.
വിട്ടുമാറാത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ എടുത്ത എക്സ്റേയിലാണ് മൂക്കുത്തി വലത്തെ ശ്വാസകോശത്തിന്റെ കീഴ്ഭാഗത്തു തറച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്നാണ് അമൃത ആശുപത്രിയിലെത്തിച്ചത്.
അമൃതയിലെ റസ്പിറേറ്ററി മെഡിസിന് മേധാവി ഡോ.അസ്മിത മേത്തയുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ കൂടാതെതന്നെ ഫൈബ്രോട്ടിക് ബ്രോങ്കോസ്കോപ്പി വഴി മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തു. രണ്ടു ദിവസത്തെ വിശ്രമത്തിനുശേഷം യുവതി ആശുപത്രി വിട്ടു.
സജിക്കു ചുവപ്പുകൊടി; ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തണം: ഹൈക്കോടതി
കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. 2022 ജൂലൈയില്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അവഹേളിച്ചെന്ന പരാതികളിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
വിവാദപ്രസംഗത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിനുള്ള സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കിയ പോലീസ് അന്വേഷണറിപ്പോര്‍ട്ട് ഹൈക്കോടതി തള്ളുകയും ചെയ്തു.
പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട് അംഗീകരിച്ച് തുടരന്വേഷണ ആവശ്യം നിരാകരിച്ച തിരുവല്ല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി. അഭിഭാഷകനായ എം. ബൈജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
പോലീസിന് വിമർശനം
നാഷണല്‍ ഓണര്‍ ആക്ട് പ്രകാരമാണു മന്ത്രിക്കെതിരേ കീഴ്വായ്പുര് പോലീസ് കേസെടുത്തത്. തൊഴിലാളിവര്‍ഗ ചൂഷണത്തെക്കുറിച്ചാണു മന്ത്രി പ്രസംഗിച്ചതെന്നും ഭരണഘടനയെ അവഹേളിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നുമാണ് പോലീസ് കണ്ടെത്തൽ. മജിസ്ട്രേറ്റ് കോടതി ഈ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാഴ്ചപ്പാടുകള്‍ക്കനുസരിച്ചല്ല, നിയമപരമായാണ് അന്വേഷണ ഉദ്യോഗസ്ഥന് നീങ്ങേണ്ടിയിരുന്നത്. പ്രസംഗത്തിന്റെ സിഡിയും പെന്‍ഡ്രൈവും ഫോറന്‍സിക് പരിശോധനയ്ക്കയച്ചെങ്കിലും റിപ്പോര്‍ട്ട് വരുന്നതിനുമുമ്പേ അന്വേഷണം പൂര്‍ത്തിയാക്കി.
പ്രസംഗം പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ മൊഴിയെടുത്തില്ല. സദസിലുണ്ടായിരുന്ന 39 പാര്‍ട്ടി പ്രവര്‍ത്തകരുടെ മൊഴി വിശ്വാസത്തിലെടുത്താണ് മന്ത്രിക്കു ക്ലീന്‍ചിറ്റ് നല്‍കിയത്. ഇക്കാര്യമൊന്നും വിലയിരുത്താതെ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിക്കും പിഴവ് പറ്റിയെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് പോലീസ് മേധാവി ഉടന്‍ ഉത്തരവിടണം. നിഷ്പക്ഷനായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
മന്ത്രി സജിയെ കുരുക്കിലാക്കിയ വിവാദ പരാമർശങ്ങൾ
“ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നത്. ബ്രീട്ടീഷുകാരൻ പറഞ്ഞു തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു.
അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്നു ഞാൻ പറയും.
അതിൽ കുറച്ചു ഗുണങ്ങൾ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണിത്.”
കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ നിയമവിരുദ്ധമോ അല്ലെന്നു ഹൈക്കോടതി
കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ നിയമവിരുദ്ധമോ അല്ലെന്നു ഹൈക്കോടതി. ഏതു നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ല.
കൊടിവീശല്‍ ചിലപ്പോള്‍ പിന്തുണച്ചാകാം, മറ്റുചിലപ്പോള്‍ പ്രതിഷേധിച്ചുമാകാം. സാഹചര്യത്തെയും കാഴ്ചപ്പാടിനെയും ബന്ധപ്പെടുത്തി ഇതില്‍ മാറ്റമുണ്ടാകാമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
ചിഹ്നങ്ങളോ പ്രകടമായ രൂപങ്ങളോ അപകീര്‍ത്തിപ്പെടുത്തലിന്റെ ഭാഗമായി പറയാമെങ്കിലും കരിങ്കൊടിവീശലിനെ അങ്ങനെ കാണാനാകില്ലെന്നും കോടതി പറഞ്ഞു. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി വീശിയ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കിയാണു കോടതിയുടെ നിരീക്ഷണം.
പറവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള തുടര്‍നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരായ സിമില്‍, ഫിജോ, സുമേഷ് ദയാനന്ദന് എന്നിവരുടെ ആവശ്യം.
ജനാധിപത്യബോധത്തിന്റെ ബാഹ്യപ്രകടനങ്ങള്‍ എന്നനിലയില്‍ ഫലപ്രദമായ ജനാധിപത്യത്തിന് പ്രതിഷേധങ്ങള്‍ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധങ്ങള്‍ ഭരണനിര്‍വഹണത്തെ ദുര്‍ബലപ്പെടുത്തുകയല്ല; മറിച്ച്, ശക്തിപ്പെടുത്തുകയാണു ചെയ്യുന്നത്.
ഹര്‍ജിക്കാര്‍ക്കെതിരായ കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ ലംഘനം നടത്തിയെന്നതിനു പരാതി നല്കാന് ചുമതലപ്പെട്ടയാളല്ല പോലീസ് സബ് ഇന്‍സ്പെക്ടര്‍ എന്നതിനാല്‍ ഇത്തരമൊരു പരാതിയില്‍ കുറ്റം ചുമത്തിയ നടപടി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകീര്‍ത്തിക്കേസ് നിലനില്‍ക്കില്ല
അപകീര്‍ത്തി നേരിട്ട വ്യക്തി നല്കിയാലല്ലാതെ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകീര്‍ത്തിക്കേസും നിലനില്‍ക്കില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇതില്‍ വിചാരണ നടന്നാലും നിയമപരമായ സാധുതയില്ല. മാത്രമല്ല, അപകീര്‍ത്തി എന്തെന്നു വ്യക്തമായി അന്തിമറിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമില്ല.
ആര്‍ക്കെങ്കിലും തടസമുണ്ടാകാനോ പരിക്കേല്‍ക്കാനോ കാരണമായാല്‍ മാത്രമേ പൊതുവഴിയില്‍ തടസമുണ്ടാക്കല്‍, അപായമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കൂ.
പോലീസ് സമരക്കാരെ തടഞ്ഞതിനാല്‍ മുഖ്യമന്ത്രിക്കും വാഹനവ്യൂഹത്തിനും പ്രതിഷേധത്തിന്റെ പേരില്‍ തടസമുണ്ടായിട്ടില്ല. വ്യക്തമായ ഉദ്ദേശ്യത്തോടെ പൊതുസേവകന്റെ കര്‍ത്തവ്യത്തെ തടസപ്പെടുത്തിയാല്‍ മാത്രമേ ഈ കുറ്റകൃത്യവും നിലനില്‍ക്കൂ.
കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തെ തടയാന്‍ ശ്രമിച്ചപ്പോള്‍ സ്വാഭാവികമായി പോലീസിനെ തള്ളിമാറ്റുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. കര്‍ത്തവ്യനിര്‍വഹണം തടസപ്പെടുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ദുരന്തസഹായം വൈകുന്നതിലുള്ള പ്രതിഷേധം അറിയിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹമായ കേന്ദ്ര ദുരന്തസഹായം വൈകുന്നതിലുള്ള പ്രതിഷേധം സംസ്ഥാനത്തുനിന്നുള്ള എംപിമാർ കേന്ദ്രത്തെ അറിയിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏറെ നാൾ കഴിഞ്ഞിട്ടും കേന്ദ്രത്തിൽ നിന്നു പ്രത്യേക ധനസഹായമൊന്നും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ കേരളത്തിന് അർഹമായ ദുരന്തസഹായം വൈകുന്നതിലുള്ള ഗൗരവതരമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണമെന്നു മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനു സമർപ്പിച്ച നിവേദനത്തിൽ മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണം, ദേശീയ ദുരന്തനിവാരണ അഥോറിറ്റിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം, ഉരുൾപൊട്ടൽ ബാധിത മേഖലയ്ക്കായി ദേശീയ ദുരന്തപ്രതികരണനിധിയിൽ നിന്നും അടിയന്തരസഹായം അനുവദിക്കണം എന്നിവയായിരുന്നു ഇവ. ഈ മൂന്ന് ആവശ്യങ്ങളിൽ ഒന്നിനുപോലും കേന്ദ്രം ഇതുവരെ അനുകൂലമായ മറുപടി തന്നിട്ടില്ല.
ഈ സാഹചര്യത്തിൽ അടിയന്തര ധനസഹായം കേന്ദ്രത്തിൽനിന്നു നേടിയെടുക്കുന്നതിനും കേരളം സമർപ്പിച്ചിട്ടുള്ള മെമ്മോറാണ്ടത്തിലെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും കേരളത്തിൽ നിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനം സമർപ്പിച്ച നിർദേശത്തിന് അംഗീകാരം നേടിയെടുക്കാനും എംപിമാരുടെ ഇടപെടൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.