മുനന്പം: ശാശ്വതപരിഹാരം വേണമെന്ന് ഇന്റർചർച്ച് കൗൺസിൽ
Wednesday, January 29, 2025 3:40 AM IST
കൊച്ചി: മുനമ്പത്തെ പ്രശ്നങ്ങളെ സാമുദായിക വിഷയത്തിനപ്പുറം ജനങ്ങളുടെ അടിസ്ഥാന നീതിയുടെയും അവകാശങ്ങളുടെയും വിഷയമായിക്കണ്ട് ശാശ്വതമായി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍.
വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്കു പ്രവേശിക്കാതിരിക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നും പാലാരിവട്ടം പിഒസിയില്‍ നടന്ന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാരുകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. വന്യമൃഗങ്ങളുടെ വംശവര്‍ധനവ് ശാസ്ത്രീയമായി നിയന്ത്രിക്കണം. യുവജനങ്ങളുടെ ഇടയില്‍ വര്‍ധിക്കുന്ന അക്രമവാസനയും ആത്മഹത്യാപ്രവണതയും ആശങ്കാജനകമാണ്.
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാട്, കുടുംബബന്ധങ്ങളിലെ ശിഥിലീകരണം, മദ്യത്തിന്റെയും മറ്റു ലഹരികളുടെയും ഉപയോഗം, ചെറിയ പ്രായത്തിലെ അപക്വമായ പ്രണയബന്ധങ്ങള്‍, സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സന്ദേശങ്ങൾ, സ്വഭാവരൂപീകരണത്തിന് ഊന്നല്‍ നല്‍കാത്ത വിദ്യാഭ്യാസ സമ്പ്രദായം മുതലായവയും കാലഘട്ടം നേരിടുന്ന പ്രതിസന്ധികളാണ്.
ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരും മതങ്ങളും സഭ, സമുദായ, സാംസ്കാരിക സംഘടനകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. വിവിധ സഭകളില്‍നിന്നായി മെത്രാപ്പോലീത്തമാരായ മാര്‍ ഔഗേന്‍ കുര്യാക്കോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, കുര്യാക്കോസ് മോര് തെയോഫിലോസ്, യൂഹാനോന്‍ മോര് പോളിക്കാര്‍പ്പസ്, ഫാ. സ്റ്റീഫന്‍ കുളത്തുകരോട്ട്, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ. സൈമണ്‍ ജോസഫ്, ഫാ. തോമസ് ഉറുമ്പിത്തടത്തില്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കൗൺസിലിന്റെ അടുത്ത യോഗം 2026 ജനുവരി 13ന് കൊല്ലത്ത് നടക്കും.