മൂന്നു ജില്ലകളിലായി ഏഴു പേർ മുങ്ങി മരിച്ചു
Tuesday, January 28, 2025 6:48 AM IST
കൊയിലാണ്ടി: വയനാട്ടിൽനിന്നു തിക്കോടി കല്ലകത്ത് ബീച്ചില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ നാലുപേര്‍ മുങ്ങി മരിച്ചു.
കല്‍പ്പറ്റ സ്വദേശികളായ അഞ്ചുകുന്ന് പാടശേരി അനീസ(35), കല്‍പ്പറ്റ ആമ്പിലേരി നെല്ലിയാംപാടം വാണി (32), ഗുഡ്ലായിക്കുന്ന് പിണങ്ങോട്ട് കാഞ്ഞിരക്കുന്നത്ത് ഫൈസല്‍ (35), ഗുഡലായിക്കുന്ന് നടുക്കുന്നില്‍ വീട്ടില്‍ ബിനീഷ് കുമാര്‍ (41) എന്നിവരാണ് മരിച്ചത്.
കല്‍പ്പറ്റയില്‍ ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്ന 26 പേരടങ്ങിയ സംഘമാണ് ഞായറാഴ്ച രാവിലെ യാത്ര പുറപ്പെട്ടത്. അകലാപ്പുഴയില്‍ ബോട്ട് റൈഡിംഗിനു ശേഷമാണ് വൈകുന്നേരം അഞ്ചോടെ തിക്കോടിയിലെത്തിയത്. അഞ്ച് പേര് കടലില്‍ കൈ പിടിച്ച് ഇറങ്ങുകയും ശക്തമായ തിരയില്‍ പെടുകയുമായിരുന്നു.
ഒപ്പമുണ്ടായിരുന്നു ജിന്‍സി എന്ന യുവതിയെ ഉടനെ കരയ്ക്കെത്തിച്ചു. മറ്റുള്ളവരെയും കരയ്ക്കെത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പത്തനംതിട്ടയിലും കൊല്ലത്തും വിദ്യാർഥികൾ
കോഴഞ്ചേരി: കനാലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കിടങ്ങന്നൂര്‍ ശ്രീവിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ ഉള്ളന്നൂര്‍ കാരിത്തോട്ട മഞ്ജു വിലാസത്തില്‍ അനന്തുനാഥ് (15), മെഴുവേലി സുരേന്ദു ഭവനില്‍ അഭിരാജ് (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം മൂന്നു പേരാണ് വില്ലേജ് ഓഫീസിന് സമീപമുള്ള ഭാഗത്ത് കനാലില്‍ കുളിക്കാനിറങ്ങിയത്.
രണ്ടുപേര്‍ ഒഴുക്കില്‍പെട്ടതു കണ്ടു ഭയന്നു പോയ മൂന്നാമന് ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടികൾ മടങ്ങിയെത്താതായതോടെ രക്ഷിതാക്കൾ പരാതിപ്പെട്ടു.
തുടർന്നു നടന്ന തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ രാവിലെ പത്തിന് സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. അനന്തുവിന്റെ സംസ്കാരം മൂന്നിനും അഭിരാജിന്റെ സംസ്കാരം 4.30നും അതത് വീട്ടുവളപ്പിൽ നടക്കും.
പത്തനാപുരം കമുകുംചേരിയിൽ സഹപാഠികൾക്കൊപ്പം ആറ്റില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. കുന്നിക്കോട് എപിപിഎം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥി അഹദാ(15)ണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങവേ മുങ്ങിത്താഴുകയായിരുന്നു.