പാലക്കാട്ടെ മദ്യ നിർമാണ കന്പനി ഉപേക്ഷിച്ചില്ലെങ്കിൽ പ്രക്ഷോഭം: ചെന്നിത്തല
Tuesday, January 28, 2025 6:46 AM IST
കണ്ണൂർ: കുടിവെള്ള ക്ഷാമം രൂക്ഷമായ പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമാണ കന്പനി തുടങ്ങാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും എഐസിസി വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല.
കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി ആവശ്യത്തിന് പോലും വെള്ളം ലഭിക്കാത്ത പ്രദേശത്താണ് പ്രതിദിനം ദശലക്ഷം ലിറ്റർ വെള്ളം ചെലവഴിച്ച് കന്പനി തുടങ്ങുന്നത്. സർക്കാർ വലിയൊരു അഴിമതിക്കാണ് കളമൊരുക്കുന്നത്.
2022 ൽ ഒയാസിസ് പ്രൈവറ്റ് ലിമിറ്റഡ് മദ്യ കമ്പനി സ്ഥാപിക്കാൻ സർക്കാരിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, അന്ന് അപേക്ഷ തള്ളി. 2025 ആയപ്പോൾ മദ്യനയം തിരുത്തി സർക്കാർ അതിന് അനുമതി നൽകി. ഇതിനു പിന്നിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കണം. എക്സൈസ് മന്ത്രി ഒയാസിസ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയുമായി ചർച്ച നടത്തിയിട്ടാണ് മദ്യനയത്തിൽ മാറ്റം വരുത്തിയത്. അതുകൊണ്ടാണ് ഒരു പ്രാവശ്യം തള്ളിയ അപേക്ഷ വീണ്ടും വന്നതെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങളില്ല
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ വേണ്ടത് ഐക്യമാണെന്ന് രമേശ് ചെന്നിത്തല. എല്ലാവരും ഒരുമിച്ച്നിന്ന് ഈ സർക്കാരിനെ താഴെയിറക്കാനാണ് പരിശ്രമിക്കേണ്ടത്.
കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. സുധാകരന് പാർട്ടിയിൽ പൂർണ പിന്തുണയുണ്ട്.
പിണറായി സർക്കാരിനെ ജനങ്ങൾ മടുത്തു. ഐക്യത്തോടെ നിന്നാൽ കോൺഗ്രസ് പാർട്ടി വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.