വന്യജീവി ആക്രമണം; ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രിയങ്ക ഗാന്ധി
Wednesday, January 29, 2025 3:40 AM IST
കൽപ്പറ്റ: വന്യജീവി ആക്രമണങ്ങളിൽനിന്നു ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു നടപടികൾ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എംപി. കളക്ടറേറ്റിൽ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട തറാട്ട് രാധയുടെ വീട്ടിൽ സന്ദർശനം നടത്തിയശേഷമാണ് എംപി അവലോകനയോഗത്തിനെത്തിയത്.
മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. സമഗ്രമായ റിപ്പോർട്ട് ജില്ലാ ഭരണകൂടം നൽകിയാൽ സിഎസ്ആർഫണ്ട് ഉൾപ്പെടെ ലഭ്യമാക്കി പ്രശ്നപരിഹാരത്തിന് ശ്രമിക്കും. ഫണ്ടിന്റെ അപര്യാപ്ത വലിയ പ്രശ്നമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ ഇത് കൊണ്ടുവരും. വിഷയം പാർലമെന്റിൽ ഉന്നയിക്കും. കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.
മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റ് ഉൾപ്പെടെ സ്ഥലങ്ങളിലും വനപ്രദേശങ്ങളിലും തദ്ദേശീയരായ കൂടുതൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയോഗിക്കണം. ഇവരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കണം. കുറഞ്ഞ വേതനത്തിന് കൂടുതൽ സമയം വിശ്രമമില്ലാതെ ജോലിചെയ്യണ്ടിവരുന്ന സാഹചര്യം ഒഴിവാകണം.
കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മകന് സ്ഥിരം ജോലി നൽകണം. ഇതിനുമുമ്പ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതരിൽ താത്കാലിക ജോലി ലഭിച്ചവരെയും സ്ഥിരപ്പെടുത്തണം. വന്യജീവി ആക്രമണം തടയുന്നതിനു സ്ഥിരം സംവിധാനം ഒരുക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ, ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, എഡിഎം കെ. ദേവകി, ഡിഎഫ്ഒമാരായ മാർട്ടിൻ ലോവൽ, അജിത് കെ. രാമൻ, ഹരിലാൽ, അസി. കണ്സർവേറ്റർ(വൈൽഡ് ലൈഫ്)സജ്ന കരീം, എഡിസിഎഫ് സൂരജ് ബെൻ തുടങ്ങിയവർ പങ്കെടുത്തു.