കേരളമുന്നേറ്റം ദാവോസിൽ അവതരിപ്പിക്കാൻ കഴിഞ്ഞു: മന്ത്രി പി. രാജീവ്
Wednesday, January 29, 2025 1:53 AM IST
തിരുവനന്തപുരം: ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ കേരളം വ്യവസായ മേഖലയിൽ കൈവരിച്ച മുന്നേറ്റങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നു വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
സംസ്ഥാനത്ത് വ്യവസായ നിക്ഷേപത്തിനുള്ള സാധ്യതകൾ തുറന്നിടുന്ന ഫലപ്രദമായ ചർച്ചകൾ നടത്താനും കേരളത്തിന് സാധിച്ചെന്നു മന്ത്രി വ്യക്തമാക്കി. ഫോറത്തിലെ കേരള പവലിയനിലൂടെയുള്ള പ്രതിനിധി സംഘത്തിന്റെ വിജയകരമായ ഇടപെടൽ ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിക്ക് ഗുണകരമാകും.
സംസ്ഥാനത്തെ ഭാവി വ്യവസായ നിക്ഷേപ സാധ്യതയ്ക്കും ഇത് കരുത്ത് പകരും. 70 ഓളം കന്പനി പ്രതിനിധികളോടും വ്യവസായ പ്രമുഖരോടും വണ്‍ ടു വണ്‍ ചർച്ച നടത്തി.
അനുകൂലമായ സർക്കാർ നയങ്ങളിലൂടെ കേരളത്തിന്റെ വ്യവസായ മേഖലയിലുണ്ടായ വളർച്ചയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ചർച്ചയിൽ എടുത്തുകാട്ടി. ഐടി മുതൽ എംഎസ്എംഇ വരെ വളർച്ച കൈവരിച്ച വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തിയത്.
ഡീ കാർബണൈസ് ചെയ്യാനുള്ള ശ്രമങ്ങൾക്ക് വേൾഡ് ഇക്കണോമിക് ഫോറം ആഗോളതലത്തിൽ അംഗീകരിച്ച 13 പ്രമുഖ വ്യവസായ ക്ലസ്റ്ററുകളിലൊന്നായി കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിയുടെ പ്രഖ്യാപനമെന്നു മന്ത്രി പറഞ്ഞു.