അതിദരിദ്രർക്കുള്ള പട്ടയം മാർച്ചിനകം നൽകണമെന്ന് റവന്യു മന്ത്രി
Wednesday, January 29, 2025 1:55 AM IST
തിരുവനന്തപുരം: അതിദരിദ്രർക്ക് പട്ടയവിതരണം നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ യോഗത്തിൽ നിർദേശിച്ചു.
അപേക്ഷ പരിഗണിക്കുമ്പോൾ ഭൂമിയുടെ ഇനം മാറ്റം ഒരു പ്രക്രിയയായി ഏറ്റെടുക്കണം. ചട്ടങ്ങളും നിയമവും സാധാരണക്കാർക്ക് അനുകൂലമായി വായിക്കാൻ ശ്രമിക്കണം. ഇതോടൊപ്പം ലാൻഡ് ട്രൈബ്യൂണലിൽ കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും 2026 ജനുവരി ഒന്നിന് മുമ്പ് തീർപ്പാക്കണമെന്നും ലാൻഡ് അസൈൻമെന്റ് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
31ന് എറണാകുളത്ത് നടക്കുന്ന കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന മധ്യമേഖലാ യോഗവും ഫെബ്രുവരി മൂന്നിന് കോഴിക്കോട് നടക്കുന്ന തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വടക്കൻ മേഖലാ യോഗവും പൂർത്തിയായാൽ ജില്ലാ കളക്ടർമാർ വില്ലേജ് ഓഫീസർമാരെ വിളിച്ചുകൂട്ടി നടപടികൾ വിശദീകരിക്കാൻ മന്ത്രി നിർദേശിച്ചു.