കെ.എം. മാണി രാഷ്ട്രീയത്തിലെ കാരുണ്യമുഖം: സ്പീക്കർ
Thursday, January 30, 2025 3:50 AM IST
തിരുവനന്തപുരം: രാഷ്ട്രീയത്തിലെ കാരുണ്യമുഖമായ ജനനേതാവായിരുന്നു കെ.എം. മാണിയെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ.
കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ ‘കരുണയുടെ കൈയൊപ്പ് ’ എന്ന ആശയവുമായി സംഘടിപ്പിക്കുന്ന കാരുണ്യദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ.
13 ബജറ്റുകൾ അവതരിപ്പിക്കുകയും ഏറ്റവും കൂടുതൽ നിയമനിർമാണ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്ത കെ.എം. മാണി നിയമസഭാ പ്രവർത്തനത്തെ ഏറെ ഗൗരവത്തോടെ കണ്ട നേതാവായിരുന്നു. ദീർഘകാല അനുഭവസമ്പത്ത് ഉണ്ടായിട്ടും പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടിയെപ്പോലെ തുടക്കക്കാരന്റെ ആവേശത്തോടെ നിയമസഭാ സമ്മേളന കാലയളവിൽ തയാറെടുക്കുന്ന കെ.എം. മാണിയുടെ പാർലമെന്ററി പ്രവർത്തനം പുതിയ തലമുറയിലെ നിയമസഭാ സാമാജികർക്കു വഴികാട്ടിയാകണമെന്നും സ്പീക്കർ പറഞ്ഞു.
കെ.എം. മാണിയുടെ ജന്മദിനമായ ജനുവരി 30 കാരുണ്യദിനമായി സർക്കാർ പ്രഖ്യാപിക്കണമെന്നു ചടങ്ങിൽ അധ്യക്ഷതവഹിച്ച കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു.
കേരളീയ സമൂഹത്തിന്റെ സവിശേഷതയായ കരുണയും പരസ്പരമുള്ള മമതയും എല്ലാം പുതിയ തലമുറയിലേക്കു പകരാൻ ഈ ഡിജിറ്റൽകാലത്ത് കാരുണ്യദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണവും മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും നടത്തി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.