കഞ്ചാവ് തപാലിൽ; ‘കൊറിയർ ദാദ’യെ തൃശൂർ പോലീസ് കുടുക്കി
Thursday, January 30, 2025 3:50 AM IST
തൃശൂർ: കൊറിയർ വഴി മുംബൈയിൽനിന്നു രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കു കഞ്ചാവ് വൻതോതിൽ കടത്തുന്ന സംഘത്തിലെ പ്രധാനിയെ തൃശൂർ സിറ്റി പോലീസ് പിടികൂടി. മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്നുസംഘത്തിലെ പ്രധാനിയായ മുംബൈ സ്വദേശി കൊറിയർ ദാദ എന്നറിയപ്പെടുന്ന യോഗേഷ് ഗണപത് റാങ്കഡെ(31)യാണു പിടിയിലായത്.
കഴിഞ്ഞ ഒക്ടോബറിൽ കൊക്കാലെയിലെ കൊറിയർ സ്ഥാപനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പാഴ്സലിനകത്ത് ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പടിഞ്ഞാറേ കോട്ടയിൽ ജിംനേഷ്യം നടത്തുന്ന മയക്കുമരുന്നു കേസിലെ പ്രതി വിഷ്ണുവിനെ ചോദ്യംചെയ്തതിൽനിന്നാണു മുംബൈ സംഘത്തെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്.
ഇപ്പോൾ അറസ്റ്റിലായ യോഗേഷും സംഘവും സമൂഹമാധ്യമങ്ങൾ വഴി വിവിധ സംസ്ഥാനങ്ങളിലെ ആളുകളുമായി പരിചയപ്പെട്ടാണു ഡീൽ ഉറപ്പിക്കുന്നത്. അവർ നൽകുന്ന വിവിധ വ്യാജ മേൽവിലാസങ്ങളിലാണു പാഴ്സലുകളിലായി കഞ്ചാവ് കൊറിയർ വഴി അയച്ചുകൊടുക്കുക. കൊറിയർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു യാതൊരു സംശയവും ഉണ്ടാകാത്ത രീതിയിലാണ് കഞ്ചാവ് കടത്ത്.
കേരളത്തിനു പുറമെ കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലേക്കെല്ലാം യോഗേഷും സംഘവും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നു ചോദ്യംചെയ്യലിൽ വ്യക്തമായി. മുംബൈയിലെ ഐടി പാർക്ക് കേന്ദ്രീകരിച്ചും ഇയാൾ കഞ്ചാവ് വില്പന നടത്തുന്നുണ്ട്.
മുംബൈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ശൃംഖലയിലുള്ള വിതരണക്കാർ, ലഹരിവസ്തുക്കൾ വാങ്ങുന്നവർ, വില്പനക്കാർ എന്നിവരെക്കുറിച്ച് വിശദമായി പോലീസ് അന്വേഷിച്ചുവരികയാണ്.
തൃശൂർ ഈസ്റ്റ് എസ്ഐ എൻ.ബി.സുനിൽകുമാർ, തൃശൂർ സിറ്റി ഡാൻസാഫ് പോലീസ് അംഗം എഎസ്ഐ ടി.വി.ജീവൻ, തൃശൂർ ഈസ്റ്റ് പോലീസ് എഎസ്ഐ പ്രദീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സി. ശശിധരൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.