ഉയര്‍ന്ന പിഎഫ് പെന്ഷന്; തീരുമാനം അഞ്ചു മാസത്തിനകം വേണമെന്ന് ഹൈക്കോടതി
Thursday, January 30, 2025 3:50 AM IST
കൊച്ചി: ഉയര്‍ന്ന പിഎഫ് പെന്ഷന് ആവശ്യപ്പെട്ട് കയര്‍ ഫെഡില്നിന്നു വിരമിച്ച ജീവനക്കാര്‍ നല്കിയ അപേക്ഷയില്‍ അഞ്ചു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
2014നു ശേഷം വിരമിച്ചവര്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനു നല്കിയ അപേക്ഷ സംബന്ധിച്ചാണ് ജസ്റ്റീസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. ഉയര്‍ന്ന പെന്ഷന് സംയുക്ത അപേക്ഷ നല്‍കിയിട്ടും കാലങ്ങളായി തീരുമാനമുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി റിട്ട. ജീവനക്കാര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഉയര്‍ന്ന പെന്ഷന് ലഭിക്കാന്‍ ഉയര്‍ന്ന തോതിലുള്ള തുക പിഎഫിലേക്ക് അടച്ചുവന്നിരുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളടക്കം പിഎഫ് അധികൃതര്‍ പരിശോധിക്കണം. ഹര്‍ജിക്കാരെ കേട്ടും ആവശ്യമായ രേഖകള്‍ പരിശോധിച്ചും വേണം തീരുമാനമെടുക്കാനെന്നും കോടതി നിർദേശിച്ചു.