നെന്മാറ പോത്തുണ്ടിയിൽ അമ്മയും മകനും വെട്ടേറ്റു മരിച്ചു
Tuesday, January 28, 2025 3:14 AM IST
നെന്മാറ: അമ്മയും മകനും വെട്ടേറ്റു മരിച്ചു. പോത്തുണ്ടി തിരുത്തൻപാടം ബോയൻ കോളനിയിലെ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സുധാകരന്റെ അയൽവാസിയായ ചെന്താമര (58)യെ നെന്മാറ പോലീസ് തെരയുന്നു. ഇയാൾ ഒളിവിലാണ്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ചെന്താമര. ഒന്നരമാസം മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
ചെന്താമര ഭാര്യയും മക്കളുമായി അകന്നുകഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരന്തരം തർക്കവും നടന്നിരുന്നു. ഇതിൽ പങ്കുണ്ടെന്നാരോപിച്ചാണ് 2019 ഓഗസ്റ്റിൽ സജിതയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കേസ്.
തുടർന്ന് സുധാകരനെയും മീനാക്ഷിയെയും കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങൾക്ക് വധഭീഷണിയുള്ളതായി ഇവർ പരാതിനൽകിയിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു സംരക്ഷണവും നൽകിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് രണ്ടു പേരുടെ ജീവൻ നഷ്ടമാവാൻ കാരണമായതെന്നാണു നാട്ടുകാർ പറയുന്നത്. ഇതേച്ചൊല്ലി പോലീസും നാട്ടുകാരും തമ്മിൽ ഏറെനേരം വാക്കേറ്റവുമുണ്ടായി.
2019ൽ സജിതയെ വീടിന്റെ കിടപ്പുമുറിയിൽ വെട്ടിക്കൊലപ്പെടുത്തിശേഷം പോത്തുണ്ടി വനത്തിലേക്കു മുങ്ങിയ പ്രതിയെ സെപ്റ്റംബർ മൂന്നിനാണ് പിടികൂടിയത്.
കുടുംബവുമായി അകന്നുകഴിയുന്ന പ്രതി തന്റെ കുടുംബപ്രശ്നങ്ങൾക്കു കാരണക്കാർ മരിച്ച സജിത ഉൾപ്പെടെയുള്ള അയൽവാസികളാണെന്നു ധരിച്ചതാണു കൊലയ്ക്കു കാരണമെന്നു പോലീസ് പറഞ്ഞു.
സുധാകരന്റെ മക്കൾ: അതുല്യ, അഖില (ബികോം വിദ്യാർഥിനി). മരുമകൻ: അജയൻ.
ലക്ഷ്മിക്കു സുധാകരനെക്കൂടാതെ സുനിത, സുമ, സുരേന്ദ്രൻ എന്നീ മക്കളുമുണ്ട്.