നരഭോജിക്കടുവ ചത്തതിനു കാരണം കഴുത്തിലേറ്റ മുറിവ്
Tuesday, January 28, 2025 3:14 AM IST
സുൽത്താൻ ബത്തേരി: പഞ്ചാരക്കൊല്ലിയിലെ രാധ എന്ന വീട്ടമ്മയെ കൊന്നുതിന്നുകയും ആർആർടി സംഘാംഗമായ ജയസൂര്യയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കടുവ ചാകാനിടയായത് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. രാധയെ കൊന്നത് ഈ കടുവതന്നെയാണെന്ന് വനംവകുപ്പ് അധികൃതർ നേരത്തേ പറഞ്ഞിരുന്നു.
കാമറ ട്രാപ്പുകളിൽ പതിഞ്ഞ ദൃശ്യങ്ങൾ വിശകലനം ചെയ്താണ് രാധയെ കൊന്ന കടുവയാണ് ചത്തതെന്ന് സ്ഥിരീകരിച്ചത്. രാധ ധരിച്ചിരുന്ന കമ്മലും വസ്ത്രത്തിന്റെ അവശിഷ്ടവും മുടിയും കടുവയുടെ ആമാശയത്തിൽനിന്ന് കണ്ടെത്തിയതോടെയാണ് കടുവ ഇതുതന്നെയാണെന്ന് സ്ഥിരീകരിച്ചത്. എട്ട് വയസ് പ്രായം വരുന്ന പെണ്‍കടുവയാണ് ചത്തത്. ഇന്നലെ പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്ന് ചത്തു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
രാധയെ കടുവ കൊലപ്പെടുത്തിയ ദിവസംതന്നെ ഇതിനെ പിടികൂടുന്നതിനായി പ്രദേശത്ത് കൂട് സ്ഥാപിച്ച് നിരീക്ഷണം നടത്തിവന്നിരുന്നു. ആർആർടിയുടെ എട്ടു പേരടങ്ങുന്ന പത്ത് സംഘങ്ങളും മേഖലയാകെ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ പുലർച്ചെ കടുവയെ ചത്ത നിലയിൽ കണ്ടത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വിദഗ്ധ ഷൂട്ടർമാരടക്കമുള്ള സംഘം ഇന്നലെ മാനന്തവാടി പഞ്ചാരക്കൊല്ലിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
നാടിനെ ഭീതിയിലാഴ്ത്തിയ കടുവ ചത്തുവെന്ന വാർത്ത അറിഞ്ഞതോടെ പുലർച്ചെ തന്നെ നിരവധി പേരാണ് പഞ്ചാരക്കൊല്ലിയിലെത്തിയത്. വനം വകുപ്പിന്റെ ആംബുലൻസിൽ രാവിലെ 9.35ന് കടുവയെ കുപ്പാടി ഒന്നാം മൈലിലെ ആർആർടി കേന്ദ്രത്തോടു ചേർന്നുള്ള ഫോറസ്റ്റ് വെറ്ററിനറി കാര്യാലയത്തിലെത്തിച്ചു. തുടർന്ന് ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ മാർഗനിർദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചു.
ഉച്ചയ്ക്ക് 12ഓടെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള നാലംഗ ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. രണ്ട് മണിക്കൂർ നീണ്ടുനിന്നു.
കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള നാല് മുറിവുകളുണ്ട്. മറ്റ് കടുവയുമായുണ്ടായ ഏറ്റുമുട്ടലിൽ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. ആഴത്തിലുള്ള മുറിവാണ് ചാകാനിടയാക്കിയതെന്നാണ് നിഗമനം. വൈൽഡ് ലൈഫിന്റെ ഡാറ്റാ ബാങ്കിലില്ലാത്ത കടുവയാണിത്. അതിനാൽ ഇക്കാര്യം ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയെയും അയൽ സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ട്.
അവരുടെ കൈവശമുള്ള ഡാറ്റകളും പരിശോധിക്കും. ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ മാർഗനിർദേശപ്രകാരം കടുവയുടെ ജഡം സംസ്കരിച്ചു.