‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടത്തിലേക്ക്: മന്ത്രി വീണാ ജോർജ്
Tuesday, January 28, 2025 3:13 AM IST
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർധക വസ്തുക്കളിൽ ശരീരത്തിന് ഹാനികരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ഇത്തരം ഉത്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമിച്ചതാണോ എന്നും നിർമാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങണം. പരാതിയുള്ളവർ ഡ്രഗ്സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
ഓപ്പറേഷൻ സൗന്ദര്യയിലൂടെ 2023 മുതൽ രണ്ടു ഘട്ടങ്ങളിലായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു.
മതിയായ ലൈസൻസുകളോ കോസ്മെറ്റിക്സ് റൂൾസ് 2020 നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമിച്ച് വിതരണം നടത്തിയ ഏകദേശം ഏഴുലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരേ കേസുകളെടുക്കുകയും ചെയ്തു.
വകുപ്പിന്റ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.