റിക്രൂട്ട്മെന്റ് വിപുലീകരണം: യുകെ സംഘവുമായി നോര്‍ക്ക ചര്‍ച്ച നടത്തി
Tuesday, January 28, 2025 3:13 AM IST
തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതു സംബന്ധിച്ച് ബ്രിട്ടീഷ് പ്രതിനിധികളുമായി നോര്‍ക്ക അധികൃതര്‍ ചര്‍ച്ച നടത്തി.
നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി. ജോസഫ് എന്നിവരും യുകെയില്‍ നിന്നും നാവിഗോ ഡെപ്യൂട്ടി സിഇഒ മൈക്ക് റീവ്, അന്താരാഷ്ട്ര റിക്രൂട്ട്മെന്റ്-പ്രോജക്ട് ലീഡ് ജോളി കാഡിങ്ടൺ, എന്‍എച്ച്എസ് (സൈക്യാട്രി) പ്രതിനിധിയും മലയാളിയുമായ ഡോ. ജോജി കുര്യാക്കോസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സ്കോട്ട്ലൻഡ്, അയര്‍ലൻഡ് പ്രവിശ്യകളിലേയ്ക്കുളള റിക്രൂട്ട്മെന്റ് സാധ്യതകളും പരിശോധിച്ചു.
നോര്‍ക്ക യുകെ കരിയര്‍ ഫെയറിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ മികച്ച തൊഴില്‍ നൈപുണ്യമുള്ളവരാണെന്ന് യുകെ സംഘം വ്യക്തമാക്കി. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ കേരളത്തില്‍നിന്നും റിക്രൂട്ട് ചെയ്യുന്നതിനുള്ള താത്പര്യവും പ്രതിനിധിസംഘം അറിയിച്ചു.
കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ ആരോഗ്യമേഖലയിലെ പ്രഫഷണല്‍ വിദ്യാഭ്യാസ സാധ്യതകള്‍ സംബന്ധിച്ചും ചര്‍ച്ചയില്‍ വിലയിരുത്തി.