വ്യാജ പരാതികളില്‍ തകരുന്നത് ഇരകളാകുന്നവരുടെ ജീവിതമെന്ന് ഹൈക്കോടതി
Tuesday, January 28, 2025 3:14 AM IST
കൊച്ചി: വ്യാജ പരാതികളില്‍ തകരുന്നത് ഇരകളാകുന്നവരുടെ ജീവിതമാണെന്ന് ഹൈക്കോടതി. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒളിവിലുള്ള പ്രതി തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി എം.എന്‍. നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഉത്തരവിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം.
"സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി സഞ്ചരിച്ചിരിക്കും എന്ന മാര്‍ക്സിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രതി ഏഴു ദിവസത്തിനകം കീഴടങ്ങണം.
കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പോലീസ് രൂപീകരിക്കുന്ന പ്രത്യേക സംഘം മൂന്നു മാസത്തിനകം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുറ്റം തെളിഞ്ഞാല്‍ നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നാരായണദാസ് നല്കിയ രഹസ്യവിവരമനുസരിച്ചാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വ്യാജ പരാതി നല്‍കിയതിന് ഇയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. വ്യാജപരാതി ഉന്നയിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതവും നേരിടണമെന്ന് കോടതി പറഞ്ഞു. സത്യം എന്നായാലും പുറത്തുവരും. എന്നാല്‍, ഇരയുടെ ജീവിതം അതിനകം തകര്‍ന്നിട്ടുണ്ടാകും. ആരോപണങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാണ്. അതു തെറ്റെന്ന് തെളിയിക്കാനാണ് ബുദ്ധിമുട്ടെന്നും കോടതി പറഞ്ഞു.
പ്രതിയുടെ പേരിലുള്ളത് ജാമ്യം കിട്ടാവുന്ന കുറ്റമാണെന്നും തൊണ്ടിമുതലിന്റെ ശാസ്ത്രീയ പരിശോധന 74 ദിവസം കഴിഞ്ഞാണു നടന്നതെന്നും അപ്പോഴേക്കും ലഹരിമരുന്ന് ആവിയായിരിക്കാമെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
കടുത്ത നടപടികളെടുത്താല്‍ ആരും വിവരം നല്കാന് മുന്നോട്ടു വരില്ലെന്നും വാദിച്ചു. കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന് അറിയിച്ചു.
ഹര്‍ജിക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. അന്വേഷണത്തില്‍ കൂടുതല്‍ കുറ്റങ്ങള്‍ തെളിഞ്ഞേക്കാമെന്നും അറിയിച്ചു. തുടര്‍ന്നാണ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്.