തുലാവര്‍ഷം പിന്‍വാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
Tuesday, January 28, 2025 3:14 AM IST
റെനീഷ് മാത്യു
കണ്ണൂര്‍: കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്‍, കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 31ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ജാഗ്രതയുടെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റിടങ്ങളില്‍ ഒരാഴ്ചയ്ക്കകം ചെറിയ തോതിലുള്ള മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
2023ലെ തുലാവര്‍ഷം 2024 ജനുവരി 14നായിരുന്നു പിന്‍വാങ്ങിയത്. 2022ലേത് 2023 ജനുവരി 12നും 2021ലേത് 2022 ജനുവരി 22നുമായിരുന്നു അവസാനിച്ചത്. തുലാവര്‍ഷം ഒഴിയുന്നതിനു പിന്നാലെ സംസ്ഥാനത്തെ കാത്തിരിക്കുന്നത് കഠിനവേനലാണ്. കേരളത്തില്‍ ചിലയിടങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.
രാജ്യത്തെ ഉയര്‍ന്ന ചൂട് കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ (38.2 ഡിഗ്രി സെല്‍ഷസ്) രേഖപ്പെടുത്തിയിരുന്നു. അനൗദ്യോഗിക കണക്കു പ്രകാരം ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലെയും ഉയര്‍ന്ന ചൂട് 35 മുതല്‍ 39 ഡിഗ്രി സെല്‍ഷസ് വരെയാണ്. അതേസമയം മൂന്നാര്‍, വയനാട് ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ രാത്രിയിലും അതിരാവിലെയും തണുപ്പ് കൂടിയിട്ടുണ്ട്.