ഷാഫിക്ക് കണ്ണീരോടെ വിടചൊല്ലി സിനിമാലോകം
Tuesday, January 28, 2025 3:14 AM IST
കൊച്ചി: ഒരുപിടി ഹിറ്റ് സിനിമകളുമായി വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത സംവിധായകന് ഷാഫിക്ക് കണ്ണീരോടെ വിടചൊല്ലി സിനിമാലോകം. മൃതദേഹം ഞായറാഴ്ച കറുകപ്പള്ളി ജുമാ മസ്ജിദില്‍ കബറടക്കി. വീട്ടിലും കലൂരിലെ പൊതുദര്‍ശനത്തിലും നിരവധി പേരാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്.
തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാഫി ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് അന്തരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഈ മാസം 16 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ മൃതദേഹം എളമക്കരയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് മണപ്പാട്ടിപ്പറമ്പ് കൊച്ചിന് സഹകരണ ബാങ്ക് ഹാളില്‍ ഉച്ചയ്ക്ക് ഒന്നു വരെ പൊതുദര്‍ശനം നടന്നു. വീട്ടിലും പൊതുദര്‍ശനം നടന്ന സ്ഥലത്തുമായി ചലച്ചിത്ര, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധി പേരാണ് പ്രിയ സംവിധായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി. രാജീവ്, നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, മനോജ് കെ. ജയന്, ലാല്‍, രമേഷ് പിഷാരടി, സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ബാദുഷ, പൊന്നമ്മ ബാബു, സംവിധായകരായ സിബി മലയില്‍, ബി. ഉണ്ണിക്കൃഷ്ണന്, ബെന്നി പി. നായരമ്പലം തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകുന്നേരം മൃതദേഹം കബറടക്കി.
എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനാണ് ഷാഫി എന്ന എം.എച്ച്. റഷീദ്. ഭാര്യ ഷാമില. മക്കള്‍: അലീന, സല്‍മ.
ഹിറ്റ് സിനിമകളുടെ സംവിധായകന്
സഹോദരന് റാഫിയുടെയും ബന്ധുവായ സംവിധായകന് സിദ്ദിഖിന്റെയും പാതയിലൂടെയാണ് ഷാഫി സിനിമയിലേക്ക് കടന്നുവന്നത്. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
കല്യാണരാമന്, തൊമ്മനും മക്കളും, മായാവി, പുലിവാല് കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്, ടൂ കണ്ട്രീസ് എന്നിവയടക്കം 18 സിനിമകള്‍ സംവിധാനം ചെയ്തു. സിനിമകളില്‍ ഏറെയും ഹിറ്റായിരുന്നു. ദില്ലിവാലാ രാജകുമാരന് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാജീവിതം തുടങ്ങിയത്.
2001ല്‍ ജയറാം നായകനായ വണ്മാന് ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2022ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം.