കാന്‍സറിനെതിരേ നിഷയുടെ കാരുണ്യ സന്ദേശയാത്ര
Tuesday, January 28, 2025 6:46 AM IST
കോട്ടയം: സ്ത്രീകളിലെ കാന്‍സറിനെതിരേ സന്ദേശവുമായി നിഷ ജോസ് കെ. മാണി. സ്ത്രീകളിലെ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപിയുടെ ഭാര്യയും കാന്‍സര്‍ അതിജീവിതയുമായ നിഷ ജോസ് കെ. മാണി കേരളത്തിനകത്തും പുറത്തുമാണു കാരുണ്യ സന്ദേശയാത്ര നടത്തുന്നത്.
നാളെ രാവിലെ 11.15ന് തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളജില്‍ മന്ത്രി വീണാ ജോര്‍ജ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. കെ.എം. മാണി സ്ഥിരമായി ഉപയോഗിച്ചിരുന്ന 1616 എന്ന റജിസ്ട്രേഷന് നമ്പറിലുള്ള ഇന്നോവ കാറാണ് നിഷ യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കാറിന്റെ യാത്രയും കാറില്‍ കാന്‍സര്‍ ബോധവത്കരണ സ്റ്റിക്കര്‍ പതിക്കുന്ന ചടങ്ങും കഴിഞ്ഞദിവസം പാലായില്‍ നടന്നു.
ചലച്ചിത്ര താരം മിയാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കാരുണ്യ സന്ദേശ യാത്രയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നിര്‍വഹിച്ചിരുന്നു.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും കാരുണ്യ സന്ദേശയാത്ര എത്തും.