സർവകലാശാലകളുടെ ഫണ്ട്: സർക്കാർ നിർദേശം പിൻവലിക്കണമെന്ന് എഫ്യുഇഒ
Tuesday, January 28, 2025 3:14 AM IST
അതിരമ്പുഴ: ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന സർവകലാശാലകളുടെ ഫണ്ടുകൾ ട്രഷറിയിലേക്ക് മാറ്റണമെന്ന സർക്കാർ നിർദേശം സർവകലാശാലകളുടെ സ്വയംഭരണത്തിലുള്ള സർക്കാരിന്റെ കൈകടത്തലാണെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്.
സമയബന്ധിതമായി പൂർത്തീകരിക്കേണ്ട വിവിധ പ്രൊജക്ടുകൾക്കായുള്ള യുജിസിയുടെ ഉൾപ്പെടെ വിവിധ ഏജൻസികളുടെ പല തരത്തിലുള്ള ഫണ്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്.
ഇവയെ ട്രഷറി നിയന്ത്രണങ്ങളുടെ നൂലാമാലകളിൽപ്പെടുത്തിയാൽ സർവകലാശാലകളിലെ അക്കാദമിക- ഗവേഷണ പ്രവർത്തനങ്ങൾ സ്തംഭിക്കും.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻവേണ്ടി സർവകലാശാലകളുടെ ഫണ്ട് കൈക്കലാക്കുവാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിൽ. നിലവിൽ സർവകലാശാലകൾക്കുള്ള പദ്ധതി വിഹിതം സർക്കാർ പകുതിയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
സർവകലാശാലകളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിർദേശം അടിയന്തരമായി പിൻവലിക്കാൻ തയാറാകണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ കെ.എസ്. ജയകുമാർ എന്നിവർ അവശ്യപ്പെട്ടു.