കൊടകര കുഴല്‍പ്പണ കേസ്: കുറ്റപത്രം ഉടനെന്ന് ഇഡി
Tuesday, January 28, 2025 3:14 AM IST
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ രണ്ടു മാസം സമയം അനുവദിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തീര്‍പ്പാക്കി.
പോലീസ് രജിസ്റ്റര്‍ ചെയ്ത കുഴല്‍പ്പണക്കേസില്‍ സാക്ഷിയായ ഇരിങ്ങാലക്കുട സ്വദേശി സന്തോഷ് ഫയല്‍ ചെയ്ത ഹര്‍ജിയാണു തീര്‍പ്പാക്കിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് ഒരു സംഘമാളുകള്‍ കാറില്‍ എത്തിച്ച വന്‍ തുക കൊടകരയില്‍ വച്ച് അക്രമികള്‍ തട്ടിയെടുത്തിരുന്നു. കവര്‍ച്ചയ്ക്കുശേഷം നടന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ചാണ് അന്വേഷിച്ചതെന്ന് ഇഡി പറഞ്ഞു.