കെ.എന്‍. ആനന്ദകുമാറിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
Wednesday, February 19, 2025 3:00 AM IST
കൊച്ചി: സായിഗ്രാം ഗ്ലോബൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന് പണം നല്കിയെന്നാവര്ത്തിച്ച് പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്.
ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് പോലീസിനു നല്കിയ മൊഴി അനന്തു ആവര്‍ത്തിച്ചത്. ഇതോടെ ആനന്ദകുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. ആനന്ദകുമാറിന് രണ്ടു കോടി രൂപ കൈമാറിയെന്നും തട്ടിപ്പിന്റെ സൂത്രധാരന്‍ ഇയാളെണെന്നുമാണ് അനന്തു വ്യക്തമാക്കിയിട്ടുള്ളത്.
നിലവില്‍ ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണയിലാണ്. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യാന്‍ വിളിക്കേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണസംഘമെങ്കിലും നടപടി അധികം വൈകിക്കേണ്ടതില്ലെന്ന തീരുമാനത്തിലുമാണ്.
മൊഴിയുടെ പശ്ചാത്തലത്തില്‍ അനന്തുകൃഷ്ണന്റെയും എന്‍ജിഒ കോണ്‍ഫെഡറേഷന്റെയും സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ആനന്ദകുമാറിന് പണം കൈമാറിയതടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായാണ് വിവരം.
അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഇന്നലെ കടവന്ത്രയിലെ അനന്തുവിന്റെ സോഷ്യല്‍ ബിവെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തില്‍ പരിശോധന നടത്തി.
സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 548 കോടി രൂപ എത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ പേപ്പറുകളും ഇലക്ട്രോണിക് ഡിവൈസുകളും കണ്ടെടുത്തിരുന്നു.