വിവാഹിതരുടെ വിലാസം നല്കി കബളിപ്പിച്ച മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം
Friday, February 21, 2025 3:26 AM IST
കൊച്ചി: വിവാഹിതരായ പെണ്‍കുട്ടികളുടെ വിലാസം നല്കി കബളിപ്പിച്ച വിവാഹ ബ്യൂറോ 14,000 രൂപ ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കണമെന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം, ചേരാനല്ലൂര്‍ സ്വദേശി ഗോപാലകൃഷ്ണന് സമര്‍പ്പിച്ച പരാതിയിലാണു കോടതിയുടെ ഉത്തരവ്.
മലപ്പുറം തിരൂരില്‍ പ്രവര്‍ത്തിക്കുന്ന ‘ലക്ഷ്മി മാട്രിമോണി’എന്ന സ്ഥാപനമാണു നഷ്ടപരിഹാരം നല്‍കേണ്ടത്. മകന് വധുവിനെ കണ്ടെത്താനാണു പരാതിക്കാരന് സ്ഥാപനത്തെ സമീപിച്ചത്. 2000 രൂപ ഫീസായി നല്കിയ പരാതിക്കാരന് എട്ട് പെണ്‍കുട്ടികളുടെ വിശദാംശങ്ങളാണ് എതിര്‍കക്ഷി നല്‍കിയത്.
അതില്‍ ഏഴു പെണ്‍കുട്ടികളും നേരത്തെ വിവാഹിതരായിരുന്നു. അവശേഷിച്ച ഒരു പെണ്‍കുട്ടിയുടെ പൂര്‍ണമായ വിവരം എതിര്‍കക്ഷി നല്‍കിയില്ല. പരാതിക്കാരന് പല പ്രാവശ്യം എതിര്‍കക്ഷിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിവരങ്ങള്‍ നല്കാന് തയാറായില്ല.
എതിര്‍കക്ഷി ആവശ്യപ്പെട്ട പണം നല്‍കിയിട്ടും സേവനം കൃത്യമായി നല്കുന്നതില് ഗുരുതരമായ വീഴ്ചവരുത്തിയെന്നും ഇതുമൂലം ഏറെ മനഃക്ലേശവും ധനനഷ്ടവും വന്നുവെന്നും പരാതിപ്പെട്ടാണു കോടതിയെ സമീപിച്ചത്.
വിവാഹ ബ്യൂറോ പരാതിക്കാരനില്‍നിന്നു ഫീസായി വാങ്ങിയ 2000 രൂപയും 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവ് സഹിതം 45 ദിവസത്തിനകം നല്‍കണമെന്ന് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
പരാതിക്കാരനുവേണ്ടി അഡ്വ. മിഷാല്‍.എം.ദാസന് കോടതിയില്‍ ഹാജരായി.