എൽഡിഎഫിലെ ഘടകകക്ഷികൾ കുരയ്ക്കും,കടിക്കില്ല: സുരേന്ദ്രൻ
Friday, February 21, 2025 12:50 AM IST
പാലക്കാട്: പിണറായി വിജയന്റെ നോട്ടത്തിനുമുൻപിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മുട്ടിടിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
ഇടതുമുന്നണിയിലെ പല ഘടകകക്ഷികളും കുരയ്ക്കുകയേ ഉള്ളൂ, കടിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങരുതെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു സുരേന്ദ്രൻ.
“എലപ്പുള്ളിയിൽ മദ്യക്കന്പനി വരുന്നതിനു തങ്ങൾ എതിരാണെന്ന് ഇടതുമുന്നണിയിലെ ചില കക്ഷികൾ പറയുന്നത് ആളുകളെ പറ്റിക്കാനാണ്. മുഖ്യമന്ത്രിയുടെ നോട്ടത്തിനുമുന്നിൽ മുട്ടിടിക്കുന്നവരാണ് ബിനോയ് വിശ്വത്തെപ്പോലുള്ള നേതാക്കൾ.
നാണമില്ലാത്ത പാർട്ടിയാണു സിപിഐ. മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയുമെല്ലാം ഒയാസിസ് കന്പനിക്കൊപ്പം കൂടിയിരിക്കുന്നത് സാന്പത്തിക താത്പര്യങ്ങൾ മൂലമാണ്. പച്ചയായ അഴിമതിയാണ് നടക്കുന്നത്”- സുരേന്ദ്രൻ ആരോപിച്ചു.
ഒയാസിസ് തനി ഫ്രോഡ് കന്പനിയാണ്. അതിനെതിരേ നിലപാടെടുക്കുന്നുവെന്നു പറയുന്ന കോണ്ഗ്രസ് നേതാക്കളുടെ എതിർപ്പ് പത്രസമ്മേളനങ്ങളിൽ മാത്രമാണ്.
മദ്യക്കന്പനിവിഷയത്തിൽ താമസിയാതെ യുഡിഎഫും നിലപാടു മാറ്റും. അതാണ് അനുഭവം. എലപ്പുള്ളിയിൽ മദ്യക്കന്പനി തുടങ്ങാനുള്ള തീരുമാനം തിരുത്തുന്നതുവരെ ബിജെപി സമരത്തിനു നേതൃത്വം കൊടുക്കുമെന്നു സുരേന്ദ്രൻ കൂട്ടിച്ചേർത്തു.