പ്രമോഷൻ, സ്ഥലം മാറ്റം : സർക്കാർ നിർദേശം തള്ളി സർവീസ് സംഘടനകൾ
സ്വന്തം ലേഖകൻ
Thursday, February 20, 2025 5:32 AM IST
തിരുവനന്തപുരം: സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, ബൈ ട്രാൻസ്ഫർ നിയമനം, പരിശീലനം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുത്തിയ നിബന്ധനകൾ സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ കടുത്ത എതിർപ്പ് അറിയിച്ച് ഭരണ- പ്രതിപക്ഷ സർവീസ് സംഘടനകൾ. ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടിൽ മന്ത്രിസഭ അംഗീകരിച്ച ജീവനക്കാരുടെ വിഷയങ്ങൾ സംബന്ധിച്ച നിർദേശങ്ങളിലാണ് ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ എതിർപ്പ് അറിയിച്ചത്.
സ്ഥലംമാറ്റം സ്പാർക്കിൽ ബന്ധിപ്പിക്കുമെന്ന നിർദേശം ഒഴിവാക്കണമെന്നും ഇതു സംബന്ധിച്ച ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും ഭരണപക്ഷ സർവീസ് സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഉത്തരവ് ഇറക്കിയ ശേഷം സർവീസ് സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചതിലെ പ്രതിഷേധം പ്രതിപക്ഷ സർവീസ് സംഘടനാ നേതാക്കളും അറിയിച്ചു.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാർ വിളിച്ചു ചേർത്ത സർവീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് വിയോജിപ്പ്.പ്രമോഷന് അർഹതാ പരീക്ഷ, ബൈ ട്രാൻസ്ഫർ നിയമനങ്ങൾക്ക് പിഎസ്സി പരീക്ഷ നടത്തുകയും റാങ്ക് ലിസ്റ്റുകൾക്ക് കാലാവധി നിജപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ശിപാർശകളിലാണ് പ്രധാന എതിർപ്പ്.
തസ്തികമാറ്റത്തിനു പരീക്ഷ ഏർപ്പെടുത്തുന്നതും അർഹതാ പരീക്ഷ ഏർപ്പെടുത്തി പ്രമോഷൻ നിഷേധിക്കുന്നതും കേഡർ റിവ്യുവിലൂടെ തസ്തികകൾ വെട്ടിക്കുറക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ് യോഗത്തിൽ പറഞ്ഞു. മാനദണ്ഡം കാറ്റിൽ പറത്തിയാണ് നിലവിൽ സ്ഥലം മാറ്റം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.