എസ്എഫ്ഐയിൽ രാഷ്ട്രീയ മൂല്യച്യുതി ഉണ്ടായിട്ടുണ്ടെന്ന് സംസ്ഥാന സമ്മേളനം
Friday, February 21, 2025 12:50 AM IST
തിരുവനന്തപുരം: എസ്എഫ്ഐയിൽ രാഷ്ട്രീയ മൂല്യച്യുതി ഉണ്ടായിട്ടുണ്ടെന്നും അത് സംസ്ഥാന നേതാക്കളിൽനിന്നുതന്നെ തുടങ്ങുന്നുവെന്നും സംസ്ഥാന സമ്മേളനത്തിൽ വിമർശനം.
സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ പ്രവർത്തന രീതികൾക്കെതിരെയും ചർച്ചയിൽ കടുത്ത വിമർശനമുയർന്നു. സംഘടനാ ബോധമില്ലാത്ത പ്രവർത്തകർ റാഗിംഗ് കേസുകളിൽ ഉൾപ്പെടുന്നത് എസ്എഫ്ഐക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
വേണ്ടത്ര രാഷ്ട്രീയ ധാരണയും പക്വതയുമില്ലാതെയുമാണ് സാമൂഹ്യമാധ്യമങ്ങളിൽ നേതാക്കളുടെ പ്രതികരണം. പ്രകോപനപരമായ ഭാഷയിൽ ആർഷോ പ്രതികരിക്കുന്നത് ഒരു നേതാവിന് ചേർന്നതല്ല.
തൃശൂർ കലോത്സത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട ആർഷോയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉദാഹരണമാക്കിയായിരുന്നു ഈ വിമർശനം. മാധ്യമങ്ങളിലുള്ള പ്രതികരണത്തിൽ നേതാക്കൾ കൂടുതൽ പക്വത പുലർത്തണം. പല ജില്ലകളിലും സംഘടനാ ദൗർബല്യം നേരിടുന്നു. സമരങ്ങളിൽ ആളെ കൂട്ടാനായി മാത്രം വിദ്യാർഥികളെ നിർബന്ധിച്ച് കൊണ്ടുപോകരുതെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
റാഗിംഗ് കേസുകളിൽ എസ്എഫ്ഐക്കാർ ഉൾപ്പെടുന്നതും സമ്മേളനത്തിൽ വിമർശിക്കപ്പെട്ടു.മിക്കതിലും എസ്എഫ്ഐക്ക് ബന്ധമില്ല. അതേസമയം സംഘടനാ ബോധമില്ലാത്ത പ്രവർത്തകർ റാഗിംഗിൽ ഉൾപ്പെടുന്നു എന്നത് യാഥാർഥ്യമാണ്. ഇത് സംഘടനയെ ദോഷകരമായി ബാധിച്ചു.
രക്ഷിതാക്കൾക്കിടയിലും എസ്എഫ്ഐയ്ക്ക് അവമതിപ്പുണ്ടാക്കി. ഇത് കാന്പസുകളിൽ അരാഷ്ട്രീയവാദത്തിന് ആക്കം കൂട്ടും. ഇത്തരം പ്രവണതകളിൽനിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്നും റാഗിംഗ്, ലഹരി എന്നിവയ്ക്കെതിരെ മുന്നിട്ടിറങ്ങണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.