കൊന്പൻ അതീവ ക്ഷീണിതൻ; രണ്ടു മാസം ചികിത്സ വേണമെന്ന് ഡോക്ടർമാർ
Friday, February 21, 2025 3:26 AM IST
പെരുമ്പാവൂർ: മസ്തകത്തിൽ മുറിവേറ്റ് ചികിത്സയ്ക്കായി കോടനാട് എത്തിച്ച കൊമ്പൻ അതീവ ക്ഷീണിതൻ. മസ്തകത്തിലെ മുറിവിലൂടെയാണ് ശ്വാസം പുറത്തേക്കു പോകുന്നത്.
അതിരപ്പിള്ളി വനത്തിൽ മസ്തകത്തിൽ മുറിവേറ്റനിലയിൽ കണ്ടെത്തിയ കൊമ്പനെ ബുധനാഴ്ച രാവിലെ 11 ഓടെയാണു കോടനാട് എത്തിച്ചത്. കോടനാട് അഭയാരുണ്യത്തിൽ പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് ആനയെ പാർപ്പിച്ചിരിക്കുന്നത്. മുറിവേറ്റ് നാളുകളായി അവശനിലയിൽ കണ്ടെത്തിയ കൊമ്പനാണ് ആന പരിശീലനകേന്ദ്രത്തിൽ ചികിത്സയിലുള്ളത്.
വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മിയുടെ നേതൃത്വത്തിൽ ഏഴാറ്റുമുഖത്തു വച്ച് മയക്കുവെടി നൽകിശേഷം ലോറിയിൽ കോടനാട് എത്തിച്ചാണ് കൂട്ടിലേക്കു മാറ്റിയത്. എന്നാൽ മയക്കത്തിന്റെ ആലസ്യം മാറിയതോടെ കൊമ്പൻ പ്രകോപിതനായി. കൂട്ടിൽനിന്ന് പുറത്തു കടക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
മസ്തകത്തിൽ പരിക്കേറ്റ മുറിവ് വൃത്തിയാക്കിയ ശേഷം മരുന്നു വച്ചിട്ടുണ്ട്. എന്നാൽ മുറിവിന്റെ വ്യാപനം തുമ്പിക്കൈയിലേക്കുകൂടി വ്യാപിച്ച അവസ്ഥയാണ്. അതിനാൽ തന്നെ വെള്ളം കുടിക്കുന്നതിന് ആന പ്രയാസം കാണിക്കുന്നുണ്ടെന്ന് വെറ്ററിനറി ഡോക്ടർ ബിനോയ്. സി. ബാബു പറഞ്ഞു.
ശ്വാസം പുറത്തേക്കു പോകുന്നത് ഈ മുറിവിലൂടെയാണ്. 30 സെന്റീമീറ്ററോളം ആഴമുള്ള മുറിവാണ് മസ്തകത്തിലേത്. മറ്റേതെങ്കിലും ആനയുമായി കുത്തുകൂടിയപ്പോൾ സംഭവിച്ചതാകാം മുറിവെന്നാണു നിഗമനം. വേദന അസഹ്യമായതു കൊണ്ടാകാം മുറിവിലേക്ക് ആന ചെളി വാരിയിടുന്നുണ്ട്.
രണ്ടു മാസത്തെ ചികിത്സ അനിവാര്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ചിലപ്പോൾ അതിലും സമയം എടുത്തേക്കും. ചികിത്സയ്ക്കുശേഷം കൊമ്പനെ വനത്തിലേക്ക് തിരിച്ച് അയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല.