സർക്കാർ പ്ലീഡർമാർക്കും കോളടിച്ചു
Friday, February 21, 2025 3:26 AM IST
തിരുവനന്തപുരം: ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർമാരുടെ ശന്പളം മൂന്നു വർഷത്തെ മുൻകാല പ്രാബല്യത്തോടെ ഉയർത്തിയതു വഴി ഖജനാവിനുണ്ടാകുന്നത് 13.33 കോടി രൂപയുടെ അധിക സാന്പത്തിക ബാധ്യത.
ഹൈക്കോടതിയിലെ ഗവ. സ്പെഷൽ പ്ലീഡർമാർ, സീനിയർ ഗവ. പ്ലീഡർമാർ, ഗവ. പ്ലീഡർമാർ എന്നിവരുടെ ശന്പളമാണ് മൂന്നു വർഷത്തെ മുൻകാല പ്രാബല്യത്തോടെ കുത്തനെ ഉയർത്താൻ കഴിഞ്ഞ ജനുവരി 28നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഡിഎ 12 ശതമാനത്തിൽ നിന്ന് 17 ശതമാനമാക്കി ഉയർത്താനാണ് മന്ത്രിസഭയിൽ ധനമന്ത്രി ശിപാർശ ചെയ്തത്. ഇത് 25 ശതമാനമാക്കി ഉയർത്താനാണ് മുഖ്യമന്ത്രി നിർദേശിച്ചത്. 2022 ജനുവരി മുതൽ ശന്പള വർധനയ്ക്ക് മുൻകാല പ്രാബല്യവും നൽകാനും നിർദേശിച്ചു. ഇതോടെ 36 മാസത്തെ കുടിശിക പ്ലീഡർമാർക്ക് കിട്ടും.
സ്പെഷൽ ഗവണ്മെന്റ് പ്ലീഡർമാരുടെ ശന്പളം 1.20 ലക്ഷത്തിൽനിന്ന് 1.50 ലക്ഷമായി ഉയർത്തി. 22 സ്പെഷൽ ഗവണ്മെന്റ് പ്ലീഡർമാരാണുള്ളത്.
54 സീനിയർ ഗവണ്മെന്റ് പ്ലീഡർമാരുടെ ശന്പളം 1.10 ലക്ഷത്തിൽ നിന്ന് 1.40 ലക്ഷമായും ഗവണ്മെന്റ് പ്ലീഡർമാരുടെ ശന്പളം ഒരു ലക്ഷത്തിൽ നിന്ന് 1.25 ലക്ഷമായുമാണ് ഉയർത്തിയത്. 57 ഗവണ്മെന്റ് പ്ലീഡർമാരാണുള്ളത്. ഇവരുടെ കുടിശിക കൊടുക്കാൻ 13.33 കോടി വേണം.