ഇവരോടെങ്കിലും അൽപം കരുണ..!
Thursday, February 20, 2025 6:02 AM IST
തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരോടുള്ള സർക്കാർ അവഗണനയ്ക്കെതിരേ തലസ്ഥാന നഗരിയിൽ പ്രതിഷേധമിരമ്പി. ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഇവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പങ്കാളികളായി.
അസോസിയേഷന് ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ്, പേരന്റ്സ് അസോസിയേഷന് ഓഫ് ഇന്റലക്ച്വലി ഡിസേബിള്‍ഡ്, സ്പെഷല്‍ സ്കൂള്‍ എംപ്ലോയീസ് യൂണിയന്, അസോസിയേഷന് ഫോര്‍ ദ വെല്‍ഫയര്‍ ഓപ് സ്പെഷല്‍ സ്കൂള്‍ സ്റ്റാഫ്, സ്പെഷല്‍ ഒളിംപിക്സ് ഭാരത് കേരള, മാനേജ്മെന്റ് അസോസിയേഷന് ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് എന്നിവയുടെ നേതൃത്വത്തിലാണ് മാര്‍ച്ചും ഉപരോധവും നടത്തിയത്. മുൻ മന്ത്രി .കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംയുക്ത സമരസമിതി ചെയർമാൻ ഫാ. റോയ് മാത്യു വടക്കേൽ ആമുഖ പ്രഭാഷണം നടത്തി. സ്പെഷൽ ഒളിംപിക്സ് ഭാരത് ഏരിയ ഡയറക്ടർ ഫാ. റോയ് കണ്ണഞ്ചിറ സിഎംഐ, മോൻസ് ജോസഫ് എംഎൽഎ, മാത്യു കുഴൽ നാടൻ എംഎൽഎ, പെയ്ഡ് സംസ്ഥാന പ്രസിഡന്റ് കെ. എം. ജോർജ്, സ്പെഷൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് തങ്കമണി , ആശ്വാസ് സംസ്ഥാന പ്രസിഡന്റ് സുശീല , പെയ്ഡ് സംസ്ഥാന സെക്രട്ടറി ബോബി ബാസ്റ്റിൻ, സ്പെഷൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. പെയ്ഡ് ജില്ലാ പ്രസിഡന്റ് മണിക്കുട്ടൻ നായർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.
18 വയസിനു മുകളില്‍ പ്രായമുള്ള മാനസിക ന്യൂനതയുള്ളവർക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നാലു മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഫണ്ട് ലാപ്സാക്കിയതായി സമര സമിതി ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഡിഡിആര്‍എസ് ഗ്രാന്റ് നല്കുന്ന സ്പെഷൽ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ പ്രായപരിധി 23 വയസായിരിക്കെ, കേരള സര്‍ക്കാര്‍ അംഗീകാരം നല്കിയ സ്പെഷല്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ പ്രായപരിധി 18 വയസായി നിജപ്പെടുത്തിയിരിക്കുന്നു. ഇത് 23 വയസായി പുനര്‍നിശ്ചയിക്കണം.
2018നുശേഷമുള്ള അപേക്ഷകള്‍കൂടി പരിഗണിച്ച് ആശ്വാസകിരണം കുടിശികയില്ലാതെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും നല്‍കണം. നിരാമയ ഇന്‍ഷ്വറന്‍സ് പ്രീമിയം മുമ്പ് കേരള സര്‍ക്കാര്‍ അടച്ചിരുന്നത് നിര്‍ത്തലാക്കിയ നടപടി പിന്‍വലിച്ചു പ്രീമിയം കേരള സര്‍ക്കാര്‍ അടയ്ക്കണം.
ഭിന്നശേഷിക്കാരുടെ പെൻഷൻ 2000 രൂപയായി വര്‍ധിപ്പിക്കുക, ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും യുഡിഐഡി കാര്‍ഡും സമയബന്ധിതമായി ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് ഉപരോധം നടത്തിയത്.