ഗൂഗിൾ പേയിൽ കൺവീനിയൻസ് ഫീസ് വരുന്നു
Friday, February 21, 2025 12:50 AM IST
കൊല്ലം: രാജ്യത്തെ മുൻനിര യൂണിഫൈഡ് ഇന്റർഫേസ് പേയ്മെന്റ്സ് (യുപിഐ) പ്ലാറ്റ്ഫോമുകളിൽ ഒന്നായ ഗൂഗിൾ പേ, ക്രെഡിറ്റ് - ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന ബിൽ പേയ്മെന്റുകൾക്ക് കൺവീനിയൻസ് ഫീസ് ഏർപ്പെടുത്തുന്നു. വൈദ്യുതി, വെള്ളം, പാചക വാതക ബില്ലുകൾ അടയ്ക്കുമ്പോൾ ഈ നിരക്കുകൾ ബാധകമാണ്.
ഇടപാട് മൂല്യത്തിന്റെ 0.5 മുതൽ ഒരു ശതമാനം വരെയുള്ള ഫീസും ബാധകമായ ചരക്ക് സേവന നികുതിയും (ജിഎസ്ടി) ആയിരിക്കും ഫീസായി ഈടാക്കുക. എന്നാൽ ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് നടത്തുന്ന യുപിഐ പേയ്മെന്റുകൾ സൗജന്യമായി തുടരും.ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പേയ്മെന്റുകൾ പ്രോസസ് ചെയ്യുന്ന ചെലവിന്റെ ഭാഗമായാണ് കൺവീനിയൻസ് ഫീസ് ഈടാക്കുന്നതെന്നാണ് ഗൂഗിൾ പേ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം.