ബ്രൂവറി തുടങ്ങാൻ അനുവദിക്കില്ല: വി.ഡി. സതീശൻ
Friday, February 21, 2025 3:25 AM IST
തിരുവനന്തപുരം: എലപ്പുള്ളിയിൽ ബ്രൂവറി ആരംഭിക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാധാരണയായി സിപിഐയെ എ.കെ.ജി. സെന്ററിൽ വിളിച്ചുവരുത്തിയാണ് അപമാനിക്കാറുള്ളത്.
എന്നാൽ ഇത്തവണ എംഎൻ സ്മാരകത്തിൽ പോയി മുഖ്യമന്ത്രി സിപിഐയെ അപമാനിക്കുകയായിരുന്നു. ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയുമായി സംവാദത്തിനു തയാറാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറി. അവരുടെ ആസ്ഥാനത്ത് പോയി അവരുടെ പാർട്ടി നിലപാടിനു വിരുദ്ധമായ തീരുമാനമാണ് മുഖ്യമന്ത്രി അടിച്ചേൽപ്പിച്ചത്. മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും തീരുമാനമാണ് എൽഡിഎഫിലെ മറ്റു ഘടകകക്ഷികളുടെ മേൽ അടിച്ചേൽപ്പിച്ചത്.
ഒയാസിസ് കന്പനി അഴിമതിയുടെ വഴിയിലൂടെയാണു വന്നത്. ഈ കന്പനി കോഴക്കേസിലും ഭൂഗർഭജലം മലിനപ്പെടുത്തിയ കേസിലും പ്രതിയാണ്. എലപ്പുള്ളി ഉൾപ്പെടെ പാലക്കാട് ജില്ല രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശമാണ്.
മലന്പുഴ അണക്കെട്ടിൽനിന്നും വെള്ളം നൽകുമെന്നാണു പറയുന്നത്. എന്നാൽ വെള്ളം വറ്റി കാച്ച്മെന്റ് ഏരിയയിൽ കന്നുകാലികൾ മേയുന്ന അവസ്ഥയിലാണ് മലന്പുഴ അണക്കെട്ട്. മഴവെള്ള സംഭരണി സ്ഥാപിച്ചാൽ ഒരു വർഷം പരമാവധി 40 ദശലക്ഷം ലിറ്റർ മാത്രമേ ശേഖരിക്കാനാകൂ. അത് കന്പനിയുടെ ഒരു ദിവസത്തെ ആവശ്യത്തിനു പോലും തികയില്ല.
സംരംഭങ്ങൾ സംബന്ധിച്ച് വ്യവസായ മന്ത്രി പറഞ്ഞത് ഊതിപ്പെരുപ്പിച്ച കണക്കുകളാണ്. എംഎസ്എംഇകൾ വലിയ തോതിൽ വർധിച്ചെന്നാണ് പറഞ്ഞത്. 2021ൽ എംഎസ്എംഇയുടെ നിർവചനത്തിൽ ഭേദഗതി വരുത്തി ഹോൾസെയിൽ ആൻഡ് റീട്ടെയ്ൽ എന്നുകൂടി ചേർത്തു. അത് എല്ലാ സംസ്ഥാനത്തും മാറ്റമുണ്ടാക്കി.
ആന്ധ്രാപ്രദേശിൽ 2020-21ൽ 65,174 സംരംഭങ്ങൾ 2021-22 ൽ 1,47,000 ആയി വർധിച്ചു. നിലവൽ 6,78,000 സംരംഭങ്ങളാണ് അവിടെയുള്ളത്. കർണാടകത്തിൽ 1,52,000 ഉണ്ടായിരുന്നത്, നിർവചനം മാറ്റിയപ്പോൾ 3,14,000 ആയി. ഇപ്പോൾ 6,76,000 ആണ്.
പാവപ്പെട്ടവൻ ലോണെടുത്ത് തുടങ്ങുന്ന പെട്ടിക്കടകളും പലചരക്ക് കടകളും പച്ചക്കറിക്കടകളും ബാർബർ ഷോപ്പും ബേക്കറിയും വർക് ഷോപ്പും ഉൾപ്പെടെയുള്ളവയാണ് സംരംഭങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നതെന്നു സതീശൻ ചൂണ്ടിക്കാട്ടി.