റൂട്ട് പെര്‍മിറ്റിന് കൈക്കൂലി : ആര്‍ടിഒയും ഏജന്റുമാരും വിജിലന്‍സ് പിടിയില്‍
Thursday, February 20, 2025 6:15 AM IST
കൊച്ചി: റൂട്ട് പെര്‍മിറ്റിനായി കൈക്കൂലി ആവശ്യപ്പെട്ട റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും കൂട്ടുനിന്ന രണ്ട് ഏജന്റുമാരും വിജിലന്‍സ് പിടിയില്‍. എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ആര്‍ടിഒ ജെര്‍സണ്‍, ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരാണു പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ 5000 രൂപയും ഒരു കുപ്പി മദ്യവും ഇവരിൽനിന്നു വിജിലന്‍സ് പിടിച്ചെടുത്തു.
ചെല്ലാനം സ്വദേശിയാണ് പരാതിക്കാരന്. ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ പേരിലുള്ള ചെല്ലാനം-ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ പെര്‍മിറ്റ് ഈ മാസം മൂന്നിന് അവസാനിച്ചിരുന്നു.
പെര്‍മിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചുനല്‍കുന്നതിന് എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്കി. ഇതേത്തുടര്‍ന്ന് ആര്‍ടിഒ ജെര്‍സണ്‍ താത്കാലിക പെര്‍മിറ്റ് അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ആര്‍ടിഒ മനഃപൂര്‍വം പെര്‍മിറ്റ് വൈകിപ്പിച്ചു. കൂടാതെ ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം ഏജന്റായ രാമപടിയാര്‍ പരാതിക്കാരനെ നേരില്‍ക്കണ്ട് പെര്‍മിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിക്ക് 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് അറിയിക്കുകയും ചെയ്തു. പരാതിക്കാരന് ഈ വിവരം എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചുവരവേ ഇന്നലെ ഉച്ചയ്ക്ക് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ വച്ച് പരാതിക്കാരനില്‍നിന്നു സജിയും രാമപടിയാറും 5,000 രൂപയും ഒരു കുപ്പി വിദേശമദ്യവും കൈക്കൂലിയായി വാങ്ങവെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. പ്രതികളെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും.
ജെര്‍സണെ അറസ്റ്റ് ചെയ്തതോടൊപ്പം ഇയാളുടെ ഇടപ്പള്ളിയിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 49 കുപ്പി വിദേശമദ്യ ശേഖരം പിടിച്ചെടുത്തു. ഇതില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ 9447789100 എന്ന വാട്സ് ആപ് നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അറിയിച്ചു.