ബലാത്സംഗക്കേസ്:മുൻ വില്ലേജ് ഓഫീസർക്ക് തടവും പിഴയും
Thursday, February 20, 2025 6:02 AM IST
കണ്ണൂർ: കുട്ടികളുടെ മാസിക വില്ക്കാനായി വീട്ടിലെത്തിയ ഇരുപത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്ത വില്ലേജ് ഓഫീസർക്ക് തടവും പിഴയും. പുഴാതി മുൻ വില്ലേജ് ഓഫീസർ പള്ളിക്കുന്ന് അഴീക്കോടൻ റോഡ് ദയാനന്ദ നിവാസിൽ രഞ്ജിത് ലക്ഷ്മണനെയാണ് (44) 10 വർഷം തടവിനും 20,000 രൂപ പിഴയടയ്ക്കാനും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ നാലുമാസംകൂടി ശിക്ഷ അനുഭവിക്കണം. 2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിലെ ഒരു സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലിചെയ്തിരുന്ന പരാതിക്കാരി, കുട്ടികളുടെ മാഗസിൻ വില്പന നടത്താനായി വീട്ടിലെത്തിയപ്പോഴാണ് പീഡനത്തിനിരയാകുന്നത്.
കണ്ണൂർ വനിതാ സെൽ ഇൻസ്പെക്ടർ ആയിരുന്ന പി. കമലാക്ഷിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതകുമാരി ഹാജരായി.