വീട്ടിലിരുന്നാൽപ്പോരെ...; വിവാദമായി അധിക്ഷേപം
Friday, February 21, 2025 3:26 AM IST
കോഴിക്കോട്: മണാലിയിലേക്കു വിനോദയാത്രയ്ക്ക് പോയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിലൂടെ വൈറലായ വീട്ടമ്മയ്ക്കെതിരേ മതപണ്ഡിതന് പരസ്യമായി നടത്തിയ പ്രസംഗം വിവാദത്തില്‍.
ഭര്‍ത്താവ് മരിച്ച സ്ത്രീ വീട്ടില്‍ അടങ്ങിയിരിക്കണമെന്ന തരത്തില്‍ കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി അധിക്ഷേപ പ്രസംഗം നടത്തിയെന്നാണ് ആരോപണം.
കോഴിക്കോട് കടിയങ്ങാട് സ്വദേശി നബീസുമ്മക്കെതിരേയായിരുന്നു മതപണ്ഡിതന്റെ പരാമര്‍ശം. മകള്‍ക്കൊപ്പമാണു സബീസുമ്മ മണാലി സന്ദര്‍ശിച്ചത്. മത പണ്ഡിതന്റെ പ്രസംഗവും തുടര്‍ന്നുണ്ടായ പ്രചാരണവും ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചെന്ന് മകള്‍ ജിഫാന പറഞ്ഞു.
ഉമ്മയ്ക്കു പുറത്തിറങ്ങി എല്ലാവരും കൂടുന്ന സ്ഥലങ്ങളില്‍ പോകാന്‍ കഴിയുന്നില്ല. ബന്ധുമരിച്ചിട്ട് ആ വീട്ടില്‍ പോലും പോകാന്‍ കഴിഞ്ഞില്ല. ഉമ്മയ്ക്ക് നല്ല മാനസിക വിഷമമുണ്ട്- ജിഫാന പറഞ്ഞ.
“25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്കു മഞ്ഞില്‍ കളിക്കാന്‍ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണു പ്രശ്നം” എന്നായിരുന്നു മതപണ്ഡിതന്റെ പരിഹാസ പരാമര്‍ശം.
ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീക്കു ലോകം കാണാന്‍ അവകാശമില്ലേ എന്നാണ് നബീസുമ്മയുടെ കുടുംബത്തിന്റെ ചോദ്യം. ഇക്കഴിഞ്ഞ ഡിസംബര്‍ 11നാണ് നബീസുമ്മ മകള്‍ക്കൊപ്പം മണാലി കാണാന്‍ പോയത്. “ഞമ്മളെ ഫ്രണ്ട്സ് ഹാജറാ.. ഷഫിയാ.. നസീമാ.. സക്കീനാ.. നിങ്ങളൊക്കെ വീട്ടിലിരുന്നോ. മക്കളേ. എന്താ രസം. ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ.. വന്നോളീ മക്കളേ” എന്ന നബീസുമ്മയുടെ ഡയലോഗാണ് ഏറെ വൈറലായത്.