സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരേ അന്വേഷണത്തിന് നിർദേശം
Friday, February 21, 2025 3:26 AM IST
തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിനെതിരെ അന്വേഷണത്തിന് ജില്ലാകളക്ടറുടെ ഉത്തരവ്.
ഉടുന്പൻചോല, പീരുമേട്, ഇടുക്കി, ദേവികുളം തുടങ്ങിയ താലൂക്കുകളിലെ വിവിധ വില്ലേജുകളിൽ സി.വി. വർഗീസ്, മകൻ അമൽ വർഗീസ്, മരുമകൻ സജിത്ത് കടലാടി തുടങ്ങിയവർ ചേർന്ന് അനധികൃതമായി പാറ പൊട്ടിക്കലും മണ്ണെടുപ്പും നടത്തുന്നതു സംബന്ധിച്ച് പൊതുപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അന്വേഷണത്തിന് ഉത്തരവിട്ടത്.
ജില്ലയുടെ വിവിധയിടങ്ങളിൽ കുളം, റോഡ് നിർമാണങ്ങളുടെ പേരിൽ വ്യാപകമായി പാറപൊട്ടിക്കലും മണ്ണെടുപ്പും അധികൃതരുടെ ഒത്താശയോടെ നടത്തുന്നതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ജില്ലയിലെ മുഴുവൻ അനധികൃത ഖനനങ്ങളും സംബന്ധിച്ച് പരിശോധിക്കാൻ തഹസീൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മന്ത്രി കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, മാത്യു കുഴൽനാടൻ എംഎൽഎ, സിപിഐ ഇടുക്കി ജില്ല മുൻ സെക്രട്ടറി കെ.കെ.ശിവരാമൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർക്കും പരാതിയുടെ കോപ്പി നൽകിയിട്ടുള്ളതായും വ്യക്തമാക്കിയിട്ടുണ്ട്.