വന്യമൃഗങ്ങളുടെ കാടിറക്കം തടയാന്‍ മിഷന് ഫുഡ് ഫോഡര്‍ വാട്ടര്‍ പദ്ധതി
Friday, February 21, 2025 3:25 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: കൊടുംവേനലില്‍ ജനവാസ മേഖലകളിലേക്കിറങ്ങുന്ന വന്യമൃഗങ്ങള്‍ക്ക് കാടിനുള്ളില്‍തന്നെ ആവാസമുറപ്പിക്കാന്‍ വനംവകുപ്പിന്റെ പുതിയ പദ്ധതി. വേനലില്‍ വെള്ളവും ഭക്ഷണവും തേടിയാണ് ആനകള്‍ ഉള്‍പ്പെടെ ഏറെ മൃഗങ്ങളും നാട്ടിലേക്ക് ഇറങ്ങുന്നതെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. വേണ്ടത്ര വെള്ളവും ഭക്ഷണവും കാടിനുള്ളില്‍തന്നെ ഒരുക്കിക്കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മിഷന് ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍ എന്ന പദ്ധതി ഉടന്‍ ആരംഭിക്കും. വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍തന്നെ കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കിയാല്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളില്‍ പ്രവേശിക്കുന്നത് തടയാനാകുമെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം.
മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ വനമേഖലകള്‍, കുളങ്ങള്‍, അരുവികള്‍ എന്നിവയുടെയും പുല്‍മേടുകള്‍, തുറന്ന വനപ്രദേശങ്ങള്‍, ട്രക്ക് പാതകള്‍ എന്നിവയുടെയും വിവര ശേഖരണം നടത്തും. തുടര്‍ന്നു വിശദമായ റിപ്പോര്‍ട്ട് തയാറാക്കും.
രണ്ടാം ഘട്ടമായി വേനലില്‍ വറ്റുന്ന അരുവികളില്‍ ബ്രഷ്വുഡ് ചെക്ക് ഡാമുകള്‍ (മരക്കമ്പുകളും ചില്ലകളും കല്ലുകളും ഉപയോഗിച്ച്) നിര്‍മിക്കും. കുളങ്ങളിലെയും തടയണകളിലെയും ചെളിയും മണലും നീക്കം ചെയ്ത് വൃത്തിയാക്കും. കൊടുംവരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളില്‍ കുളങ്ങള്‍ കുഴിക്കുകയോ കോണ്‍ക്രീറ്റ് ടാങ്കുകള്‍ നിര്‍മിക്കുകയോ ചെയ്ത് എല്ലാ മാസവും വെള്ളം ഉറപ്പാക്കും.
മൂന്നാം ഘട്ടം മണ്ണിലെ ഈര്‍പ്പം ഇല്ലാതാക്കുന്ന അക്കേഷ്യ, യൂക്കാലി തുടങ്ങിയ അധിനിവേശ മരങ്ങള്‍ പിഴുതു മാറ്റി വനത്തിനുള്ളില്‍ പുല്‍മേടുകളും തുറസായ സ്ഥലങ്ങളും സൃഷ്ടിക്കും. വിദേശയിനം വ്യക്ഷത്തോട്ടങ്ങള് ഘട്ടംഘട്ടമായി മുറിച്ചു നീക്കി തദ്ദേശീയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കും.വന്യജീവി ആക്രമണം രൂക്ഷമായ മേഖലകളിലായിരിക്കും ആദ്യഘട്ടം നടപ്പിലാക്കുന്നത്.
വയനാട് വനമേഖലകളില്‍ ആറു റേഞ്ചുകളിലായി 63 ഹോട്സ്പോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ കേന്ദ്രീകരിച്ച് ഡ്രോണ്‍ പരിശോധന ഉടന്‍ നടക്കും. ജനങ്ങളുടെയും എന്‍ജിഒകളുടെയും പങ്കാളിത്തത്തോടെ യാണ് പദ്ധതി നടപ്പാക്കുന്നത്. നോഡല്‍ ഓഫീസറായി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ്കുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചു.