വ്യവസായ മേഖലയിലെ കാറ്റഗറി ഒന്ന് സംരംഭങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ല: മന്ത്രി രാജേഷ്
Friday, February 21, 2025 3:26 AM IST
തിരുവനന്തപുരം: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്ന് സംരംഭങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്ട്രേഷന് മാത്രം മതിയാകുമെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാല്‍ മതി. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും തീരുമാനിക്കുക. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംരംഭങ്ങളെ കാറ്റഗറി ഒന്ന്, രണ്ട് സംരംഭങ്ങളായി തരംതിരിക്കും. കാറ്റഗറി ഒന്ന് സംരംഭങ്ങള്‍ ഉത്പാദന യൂണിറ്റുകളാണ്. അവയില്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ എന്നിവയിലുള്ള യൂണിറ്റുകള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സിനു പകരം അവ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.
എന്നാല്‍ കാറ്റഗറി ഒന്ന് വിഭാഗത്തില്‍പ്പെടുന്ന റെഡ്, ഓറഞ്ച് എന്നീ വിഭാഗത്തില്‍പ്പെട്ട യൂണിറ്റുകള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമുണ്ട്. കാറ്റഗറി രണ്ട് സംരംഭങ്ങള്‍ വ്യാപാരം, വാണിജ്യം, സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന യൂണിറ്റുകൾ ആണ്. അവയ്ക്ക് എല്ലാത്തിനും സെക്രട്ടറിയുടെ ലൈസന്‍സ് ആവശ്യമാണ്.
നിലവില്‍ വീടുകളില്‍ പ്രവര്‍ത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നല്കാന് വ്യവസ്ഥയില്ല. ചെറുകിട സംരംഭങ്ങള്‍ക്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാനാണ് അനുവാദമുള്ളത്. ഇത് പ്രസ്തുത സംരംഭങ്ങള്‍ക്ക് ബാങ്ക് ലോണ്‍, ജിഎസ്ടി രജിസ്ട്രേഷന് കിട്ടാനുള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികളുണ്ട്. ഇതു പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ലൈസന്‍സ് ഫീ പൂര്‍ണമായും മൂലധനനിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാക്കും. കുറഞ്ഞ മൂലധന നിക്ഷേപം ഉള്ള സംരംഭകരെ സഹായിക്കുന്നതിനായി കുറഞ്ഞ തുകയ്ക്ക് പ്രത്യേകം സ്ലാബ് നിശ്ചയിക്കും.
മൂലധന നിക്ഷേപം കണക്കാക്കുന്നതില്‍നിന്നും ഭൂമിയുടെയും കെട്ടിടത്തിന്റെയും വില ഒഴിവാക്കുന്നത് പരിഗണിക്കും. സ്ഥാപനങ്ങള്‍ക്കെതിരെ വരുന്ന പരാതികളില്‍ ബന്ധപ്പെട്ട വിദഗ്ധ സ്ഥാപനങ്ങളുടെ ഉപദേശം തേടി സമയബന്ധിതമായി തീര്‍പ്പു കല്പ്പിക്കാന് സംവിധാനം ഏര്‍പ്പെടുത്തും.
പഞ്ചായത്തുകളുടെയോ സെക്രട്ടറിമാരുടെയോ ചുമതലകളില്‍പെട്ട വിഷയങ്ങള്‍ക്കു മാത്രമേ പരിശോധന നടത്താന്‍ പാടുള്ളൂ. സാമ്പത്തിക വര്‍ഷം ലൈസന്‍സിന്റെ കാലാവധി അവസാനിക്കുമെന്ന വ്യവസ്ഥ ഒഴിവാക്കി.
ഒരു വര്‍ഷത്തെ ലൈസന്‍സിന്റെ കാലാവധി ലൈസന്‍സ് തീയതി മുതല്‍ ഒരു വര്‍ഷം തന്നെ ആക്കി നിശ്ചയിച്ചു. നല്കുന്ന ലൈസന്‍സില്‍ ലൈസന്‍സിയുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ബ്രൂവറി: ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി മന്ത്രി
തിരുവനന്തപുരം: ബ്രൂവറിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്നും മന്ത്രി എം.ബി. രാജേഷ് ഒഴിഞ്ഞുമാറി. നിങ്ങള്‍ ബ്രൂവറിയെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
എന്നാല്‍, താന്‍ അങ്ങനെയല്ലെന്നും നമ്മുടെ മുന്നില്‍ അതല്ല വിഷയമെന്നും മന്ത്രി പ്രതികരിച്ചു. എലപ്പുള്ളിയുമായി ഇതിനു ബന്ധമില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഉദ്ദേശിക്കുന്നില്ല.
അതേസമയം, ബ്രൂവറി കാറ്റഗറി ഒന്നിലാണോ വരുന്നതെന്ന് അറിയില്ലെന്നും അത് ഫയല്‍ നോക്കിയാല്‍ മാത്രമേ പറയാന്‍ കഴിയൂവെന്നും മന്ത്രി പ്രതികരിച്ചു.