കെഎസ്ആർടിസിയിൽ റഫറണ്ടം മേയിൽ; എം പാനലുകാർക്ക് വോട്ടില്ല
Friday, February 21, 2025 12:50 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ റഫറണ്ടം മേയ് 15ന് മുമ്പ് നടത്തും. എം പാനൽ ജീവനക്കാർക്ക് വോട്ട് ഉണ്ടാവില്ല. കഴിഞ്ഞ തവണ നടത്തിയ റഫറണ്ടത്തിന്റെ കാലാവധി കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെയായി. കഴിഞ്ഞ ജനുവരിയിൽ റഫറണ്ടം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ശബരിമല ഉത്സവവുംമറ്റുമായതിനാൽ റഫറണ്ടും നടക്കാതെ പോവുകയായിരുന്നു.
കഴിഞ്ഞ തവണ നടത്തിയ റഫറണ്ടത്തിൽ സിഐടിയു നേതൃത്വത്തിലുള്ള എംപ്ലോയീസ് അസോസിയേഷൻ, ഐ എൻടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ്, ബിഎംഎസ് നേതൃത്വത്തിലുള്ള എംപ്ലോയീസ് സംഘ് എന്നീ സംഘടനകൾക്കാണ് അംഗീകാരം ലഭിച്ചത്.
അതിന്റെ കാലാവധി കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെയായി. ഒരു വർഷമായി കെഎസ്ആർടിസിയിൽ അംഗീകൃത യൂണിയനുകൾ ഇല്ല.ഹിതപരിശോധനയുടെ ഭാഗമായി തിരുവനന്തപുരം ലേബർ കമ്മീഷണറെ കെഎസ്ആർടിസി വരണാധികാരിയായി നിയോഗിച്ചു.
22000 ത്തോളം സ്ഥിരം ജീവനക്കാരാണ് കെഎസ്ആർടിസിയിൽ നിലവിലുള്ളത്. കൂടാതെ എം പാനൽ, ബദലി ജീവനക്കാരും. എം പാനൽ ജീവനക്കാർക്ക് വോട്ടവകാശം നല്കരുതെന്ന് ടിഡിഎഫും എഐടിയുസിയും വാദിച്ചു.
മറ്റ് യൂണിയനുകളും ഈ വാദത്തെ പിന്താങ്ങി. എംപാനൽ ജീവനക്കാരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാനാണ് യോഗത്തിലെ ധാരണ. സ്ഥിരം ജീവനക്കാരുടെ വോട്ടർ പട്ടിക തയാറാക്കാനും നടപടി തുടങ്ങാനും തീരുമാനമായി. ജീവനക്കാർ മേയ് 31ന് വിരമിക്കാനുള്ളതുകൊണ്ട് മേയ് 15 ഓടെ ഹിതപരിശോധന നടത്തണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ലേബർ കമ്മീഷണറുടെ അസാന്നിധ്യം മൂലം അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് കെഎസ്ആർടിസിയിലെ രജിസ്ട്രേഡ് തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗം ചേർന്നു. 18 രജിസ്ട്രേഡ് യൂണിയനുകളാണ് കെഎസ്ആർടിസിയിൽ ഉള്ളത്. ഇതിൽ 14 യൂണിയനുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.