ഡിസിഎൽ ബാലരംഗം
Friday, February 21, 2025 12:50 AM IST
കൊച്ചേട്ടന്റെ കത്ത്
കാക്ക കൊത്തുന്ന കസ്തൂരി മാന്പഴങ്ങൾ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
കസ്തൂരി ഒൻപതാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടി. നന്നായി പഠിക്കുന്ന അവളെ അധ്യാപകർക്കും സഹപാഠികൾക്കും ഏറെയിഷ്ടമാണ്. കഴിഞ്ഞ ഒരു മാസത്തോളമായി പല അധ്യാപകരും ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. കസ്തൂരി ക്ലാസിലിരുന്ന് ഉറങ്ങുന്നു. സ്റ്റാഫ് റൂമിൽ സംസാരമായി. ക്ലാസ് ടീച്ചർ അവളെ വിളിച്ചു ചോദിച്ചു.
രാത്രി മുഴുവൻ പഠനമാണ് എന്ന അവളുടെ മറുപടി ടീച്ചറിന് വിശ്വാസമായില്ല. ആവർത്തിച്ചു ചോദിച്ചപ്പോൾ അവൾ പെട്ടെന്നു ദേഷ്യപ്പെട്ടു! ഒരിക്കലുമില്ലാത്ത അവളുടെ ഭാവമാറ്റം ടീച്ചറിനെ വിഷമിപ്പിച്ചു. തുടർന്ന് ക്ലാസിലെ ചില സഹപാഠികളോട് ചോദിച്ചപ്പോൾ ""കസ്തൂരി ഇടയ്ക്ക് എന്തോ പൊടി നുണയുന്നത് കാണാറുണ്ട്'' എന്നും ഇടയ്ക്കിടയ്ക്ക് ദേഷ്യപ്പെടുമെന്നും സ്കൂൾ ഗേറ്റിനു പുറത്തുവച്ച് സ്കൂട്ടറിൽ വന്ന് ഒരാൾ ചില ദിവസങ്ങളിൽ എന്തോ കൊടുക്കുന്നത് കണ്ടിട്ടുണ്ട് എന്നുമെല്ലാം അറിഞ്ഞു.
കസ്തൂരിയെ വിളിച്ച് പ്രഥമാധ്യാപിക സ്നേഹപൂർവം ചോദിച്ചപ്പോൾ, തുടക്കത്തിൽ സഹകരിച്ചില്ലെങ്കിലും പിന്നീട് അവൾ എല്ലാം തുറന്നുപറഞ്ഞു. തൊട്ടടുത്തുള്ള കോളജിലെ ഒരാൾ അവളുടെ ബെസ്റ്റിയായിരുന്നെന്നും സൗഹൃദം മൂത്ത് പ്രണയമായെന്നും വീട്ടിലറിയാതെ കണ്ടുമുട്ടാറുണ്ടെന്നും അവളറിയിച്ചു. പ്രണയം ഉറച്ചുകഴിഞ്ഞപ്പോൾ ഒരു ദിവസം അയാൾ അവൾക്ക് ചെറിയ പാക്കറ്റ് പൊടി നൽകി. നാവിനടിയിലിട്ടാൽ നന്നായി പഠിക്കാമെന്നും ഓർമ്മശക്തി വർധിക്കുമെന്നും അവളെ വിശ്വസിപ്പിച്ചു.
എംഡിഎംഎ എന്ന മാരക മയക്കുമരുന്നായിരുന്നു അതെന്ന് അവളറിഞ്ഞപ്പോഴേക്കും അതുപയോഗിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിൽ കസ്തൂരി എത്തിയിരുന്നു. സ്കൂളിൽ വരാതെ അയാളോടൊപ്പം പലയിടങ്ങളിൽ പോയി. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണി അവളെ വീണ്ടും അയാൾക്കടിമയാക്കി.
എങ്ങനെയെങ്കിലും രക്ഷിക്കാമോ എന്നവൾ ടീച്ചർമാരോട് കെഞ്ചിച്ചോദിച്ചു. പ്രഥമാധ്യാപിക മറ്റാരുമറിയാതെ പോലീസിൽ അറിയിച്ച്, അവളെക്കൊണ്ടുതന്നെ അയാളെ വിളിച്ചുവരുത്തി ലഹരിമരുന്നു കൊടുക്കുന്ന സമയത്തുതന്നെ ആ ചതിയനെ പിടികൂടി. ഇന്ന് കസ്തൂരി കൗൺസലിംഗിലൂടെയും മറ്റു ചികിത്സയിലൂടെയും സാധാരണ നില കൈവരിച്ചുവരുന്നു!
കൂട്ടുകാരേ, ഈ കഥയിലെ പെൺകുട്ടിയുടെ യഥാർത്ഥപേര് കസ്തൂരി എന്നല്ല. മധ്യകേരളത്തിലെ ഒരു പെൺപള്ളിക്കൂടത്തിലാണീ സംഭവം നടന്നത്. 1500-ഓളം വിദ്യാലയങ്ങളിൽ മയക്കുമരുന്നുപയോഗിക്കുന്നവരും കച്ചവടം ചെയ്യുന്നവരുമായ വിദ്യാർഥികൾ ഉണ്ട് എന്ന നർക്കോട്ടിക് സെല്ലിന്റെ വെളിപ്പെടുത്തൽ മനസാക്ഷിയുള്ളവരെ ഞെട്ടിക്കുന്നതാണ്.
ഇത്രയേറെ ദുരന്തങ്ങൾ അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ചില കുട്ടികൾ ഈ ചതിയന്മാരുടെ കെണിയിൽച്ചെന്ന് കുണുങ്ങിവീഴുന്നത്്? അധാർമ്മികതയുടെ ഇരുണ്ട വഴികൾ തിരിച്ചരിയാനാവാത്തവിധം മതമൂല്യങ്ങളെ അകറ്റി, ധാർമ്മികതയുടെ ചിട്ടകൾ തകർത്ത്, മാതാപിതാക്കളോട് കള്ളം മാത്രം പറഞ്ഞ്, രക്തബന്ധങ്ങളെ തൃണസമമാക്കി ആർത്തിപിടിച്ച കുറുക്കന്മാർക്ക് തിന്നാൻ കൊടുത്ത്, സ്വന്തം ജീവിതം എന്തിനു ചീന്തിയെറിയണം എന്ന് കൂട്ടുകാർ ചിന്തിക്കണം.
ജീവൻ വിലകൊടുത്ത് കാത്തുവളർത്തുന്ന പൊന്നുമക്കളെ ലഹരിക്കച്ചവടക്കാരും കാമവെറിയന്മാരും പങ്കിട്ടെടുക്കുന്ന ദുരന്തക്കാഴ്ച കാണാൻ ഇനിയും മാതാപിതാക്കൾക്ക് ഇടവരരുത്. "കാത്തുസൂക്ഷിച്ചൊരു കസ്തൂതി മാന്പഴം കാക്ക കൊത്തിപ്പോയി' എന്ന പഴഞ്ചൊൽപ്പാട്ടിന്റെ അവതാളത്തിൽ ചുവടിടറാതെ നോക്കേണ്ടത്, ഉറച്ച ലക്ഷ്യബോധമുണർത്തി, ഓരോ വിദ്യാർഥിയുമാണ്.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ അവധിക്കാല ക്യാന്പുകൾ: രജിസ്ട്രേഷൻ ആരംഭിച്ചു
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, തൊടുപുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ഡിസിഎൽ പ്രവിശ്യകളുടെ നേതൃത്വത്തിലാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ, ലഹരിവിരുദ്ധ പ്രവർത്തന പരിപാടികൾ, സംവാദങ്ങൾ, പഠനയാത്രകൾ, പ്രസംഗ പരിശീലനം, അഭിമുഖങ്ങൾ, കലാമത്സരങ്ങൾ തുടങ്ങിയവ ക്യാന്പിന്റെ പ്രത്യേകതകളാണ്.
ക്യാന്പുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അതതു ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നന്പരുകൾ: കണ്ണൂർ - ജോർജ് തയ്യിൽ - 9349599039, കോഴിക്കോട് - ഫാ. സായ് പാറൻകുളങ്ങര - 9544285018, തൃശൂർ - സിസ്റ്റർ സൗമ്യ എഫ്സിസി - 8330872008, എറണാകുളം - ജി.യു. വർഗീസ് - 9496449230, കോട്ടയം - വർഗീസ് കൊച്ചുകുന്നേൽ - 62382 19465., തൊടുപുഴ - റോയ് ജെ. കല്ലറങ്ങാട്ട് - 9497279347, ഇടുക്കി - എം.വി. ജോർജുകുട്ടി - 9447205828, പത്തനംതിട്ട - മാത്യുസൺ പി. തോമസ് - 9447256681, കൊല്ലം - സിജു ജോർജ് -9447590221, തിരുവനന്തപുരം - ഇ.വി. വർക്കി - 9349599028.
ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.
ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ മാർച്ച് 15-നു മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.