കാട്ടാന ആക്രമണം: പ്രഭാകരന്റെ കുടുംബത്തിന് അഞ്ചുലക്ഷം നൽകി
Friday, February 21, 2025 3:25 AM IST
തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട താമരവെള്ളച്ചാൽ ഊരിലെ പ്രഭാകരന്റെ കുടുംബത്തിനു സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യഗഡു മന്ത്രി കെ. രാജൻ കൈമാറി. ഇന്നലെ രാവിലെ പ്രഭാകരന്റെ വസതിയിലെത്തി അഞ്ചുലക്ഷം രൂപ കൈമാറി.
തൃശൂർ എഡിഎമ്മും പീച്ചി വൈൽഡ് ലൈഫ് ഡിഎഫ്ഒയും സംഭവം സ്ഥിരീകരിച്ചയുടൻ മന്ത്രിസഭായോഗത്തിൽ ഉള്‍പ്പെടെ വിഷയം അവതരിപ്പിച്ചെന്നും മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വനം, റവന്യു മന്ത്രിമാരും വകുപ്പുകളുടെ ഉദ്യോഗസ്ഥരും അടിയന്തരമായി കൂടിയാലോചന നടത്തിയെന്നും മന്ത്രി പറഞ്ഞു.
കാടിനകത്താണ് ഈ ദുരന്തം ഉണ്ടായത് എന്നതിനാൽ വനാവകാശനിയമവും സർക്കാരിന്റെ നിലപാടുമനുസരിച്ചും ആദിവാസി കുടുംബാംഗം എന്ന നിലയിൽ ഏതുവിധേന സഹായിക്കാം എന്നു യോഗം പരിശോധിച്ചു. 10 ലക്ഷം രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ ഇൻഷ്വറൻസായും നൽകാനാണ് തീരുമാനിച്ചത്. സർക്കാരിന്റെ തുക ലഭിക്കുന്നതിനു
മുന്‍പ്, അഞ്ചുലക്ഷം രൂപ ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയിൽനിന്നു മുൻകൂർ സംഘടിപ്പിച്ചാണ് അടിയന്തരമായി നൽകിയത്. മരണവുമായി ബന്ധപ്പെട്ട് മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയും ശേഷിക്കുന്ന നഷ്ടപരിഹാരവും ഇൻഷ്വറൻസ് തുകയും നൽകുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറോടു നിർദേശിച്ചതനുസരിച്ച് ബുധനാഴ്ച രാത്രിതന്നെ പോസ്റ്റ്മോർട്ടം നടപടികൾക്കായുള്ള പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. ഡോക്ടറുടെ ലഭ്യത തടസമായി വന്നെങ്കിലും പോലീസിനെ ഉപയോഗപ്പെടുത്തി രാത്രിതന്നെ ഡോക്ടറെ സ്ഥലത്തെത്തിച്ചു പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. മറ്റുള്ള നടപടികൾ വേഗത്തിലാക്കാൻ വനം, റവന്യൂ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളും ഉൾപ്പെടുന്ന കുടുംബമാണ് പ്രഭാകരന്റേത്. പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം ഉണ്ട്. അതു ഗൗരവത്തിലെടുത്ത് സംസ്ഥാന സർക്കാരിനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും കഴിയാവുന്ന മുഴുവൻ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.