യുജിസി കരട് ഭേദഗതി; ഒറ്റക്കെട്ടായി പ്രതിഷേധം
Friday, February 21, 2025 3:44 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന യുജിസി കരട് റെഗുലേഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദേശീയ സെമിനാറിൽ പ്രമേയം.
കേരളം ആതിഥേയത്വം വഹിച്ച് തിരുവനന്തപുരത്ത് ഇന്നലെ സംഘടിപ്പിച്ച സെമിനാറിലാണ് പ്രമേയം പാസാക്കിയത്. തമിഴ്നാട്, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളും പ്രമേയത്തെ പിന്തുണച്ചു.
ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് റെഗുലേഷനെന്നു സെമിനാറിൽ പങ്കെടുത്ത സംസ്ഥാനത്തു നിന്നുള്ള പ്രതിനിധികളും അഭിപ്രായപ്പെട്ടു. സർവകലാശാലകളിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഇല്ലാതാക്കുകയും കേന്ദ്ര അധികാരം കൂടുതൽ ഉറപ്പിക്കുകയുമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നു പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
സർവകലാശാലകളുടെ മുഖ്യ ഗുണഭോക്താവും സാന്പത്തികം ഉൾപ്പെടെ എല്ലാ മേഖലകളിലും കൂടുതൽ സഹായം നല്കുന്നതും സംസ്ഥാനങ്ങളാണ്. യുജിസി ഭരണപരമായ കാര്യങ്ങളിൽ ഇടപ്പെടുന്നത് ശരിയല്ല. വൈസ് ചാൻസലറെ തീരുമാനിക്കുന്ന കമ്മിറ്റികളിലടക്കം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ആവശ്യമില്ലെന്ന നിർദേശം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെയും അറിയിക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. യുജിസി കരട് റെഗുലേഷനിൽ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന 15 കാര്യങ്ങൾ ഉൾപ്പെടുത്തിയ പ്രമേയമാണ് തയാറാക്കിയത്.
സെമിനാറിൽ തെലുങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ഗോപി ചെഴിയാൻ, മന്ത്രി ഡോ.ആർ. ബിന്ദു എന്നിവർ സംസ്ഥാനങ്ങളുടെ ആശങ്കകൾ അറിയിച്ചു. പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും കരട് ചട്ടത്തിനെതിരേ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതായി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.
വൈസ് ചാൻസലർമാർ വിട്ടുനിന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ സെമിനാറിൽനിന്നു സംസ്ഥാനത്തെ വൈസ് ചാൻസലർമാർ വിട്ടുനിന്നു.
സെമിനാർ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സർവകലാശാലകൾക്ക് അയച്ച കത്ത് വിവാദമായതോടെയാണ് വിസിമാർ വിട്ടുനിന്നതെന്നാണ് സൂചന. മലയാളം സർവകലാശാല വിസി ഡോ.എൽ. സുഷമ മാത്രമാണ് സെമിനാറിൽ പങ്കെടുത്തത്.
ഗവർണർമാർ രാഷ്ട്രീയം കളിക്കുന്നു: പിണറായി വിജയൻ
ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ തങ്ങളുടെ മേലാളൻമാർക്കുവേണ്ടി രാഷ്ട്രീയം കളിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള കരട് നിർദേശങ്ങൾ ഫെഡറലിസത്തെ തകർത്തുന്നതാണ്. ഇതിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങളെ പൂർണമായും ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്.
നിയമപരമായും ഭരണഘടനാപരമായും നീങ്ങണം: വി.ഡി. സതീശൻ
യുജിസി കരട് ഭേദഗതിക്കെതിരേ നിയമപരമായും ഭരണഘടനാപരമായും നീങ്ങണം. യുജിസി പ്രവർത്തിക്കേണ്ടത് ഭരണഘടയ്ക്ക് ഉള്ളിൽ നിന്നാവണം. സർവകലാശാലകളെ നിയന്ത്രിക്കാൻ കേന്ദ്രം ശ്രമിക്കരുത്.